ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങള്‍ക്കെതിരെ യുഎന്‍ എടുക്കുന്ന നടപടികള്‍ക്ക് പിന്തുണ നല്‍കുമെന്ന് ചൈന

ഉത്തരകൊറിയയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ചൈന. ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങള്‍ക്കെതിരെ യുഎന്‍ എടുക്കുന്ന നടപടികള്‍ക്ക് ചൈന പിന്തുണ നല്‍കുമെന്നും, ഉപരോധവും സമ്മര്‍ദവുമൊക്കെ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ അവസാനിപ്പിക്കാനെ സഹായകമാകൂ അതിനാല്‍ ചര്‍ച്ചയിലൂടെയും പരസ്പര ആലോചനകളിലൂടെയും മറ്റു കാര്യങ്ങള്‍ തീരുമാനമാകുകയുള്ളൂവെന്നും ചൈനീസ് വിദേശ്യകാര്യമന്ത്രി വാങ് യി പറഞ്ഞു.

യുഎന്‍ സുരക്ഷാ കൗണ്‍സിന്റെ തീരുമാനങ്ങള്‍ അംഗീകരിക്കുമെന്ന് മന്ത്രാലയ വക്താവ് ഗെങ് ഷ്വാങ് പറഞ്ഞു. പ്രശ്‌നങ്ങള്‍ കൂടിയാലോചനകളിലൂടെയും സംവാദത്തിലൂടെയും പരിഹരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. ഉത്തരകൊറിയ യുദ്ധം ചോദിച്ചു വാങ്ങുകയാണെന്ന് യുഎസ് പറഞ്ഞിരുന്നു. നിലപാടു ശക്തമാക്കാന്‍ ചൈനയ്ക്കുമേല്‍ യുഎസ് സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നു. അതേസമയം നയതന്ത്ര ഇടപെടലുകള്‍ കൊണ്ടുമാത്രമേ ഉത്തരകൊറിയന്‍ വിഷയം പരിഹരിക്കപ്പെടൂയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ പറഞ്ഞു. കിം ജോങ് ഉന്നിനെ സൈനികമായി ഭയപ്പെടുത്താന്‍ നോക്കുന്നതു തിരിച്ചടിയുണ്ടാക്കും. സ്വയം പ്രതിരോധമെന്ന നിലയ്ക്കാണ് ഉത്തരകൊറിയ ആണവായുധങ്ങളും മിസൈലുകളും പരീക്ഷിക്കുന്നത്. ഇക്കാരണത്താല്‍ ഈ പരീക്ഷണങ്ങള്‍ അവര്‍ അവസാനിപ്പിക്കില്ലെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. കിഴക്കന്‍ റഷ്യയിലെ വ്‌ലാഡിവോസ്റ്റോക്കില്‍ നടന്ന സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജായെന്‍, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

ഉത്തര കൊറിയയെ ഭയപ്പെടുത്താന്‍ പ്രയാസമാണ്. ഇപ്പോള്‍ നടത്തുന്ന പരീക്ഷണങ്ങള്‍ മരവിപ്പിച്ചാല്‍ ഉപരോധങ്ങള്‍ അവസാനിപ്പിക്കാമെന്ന വാഗ്ദാനം നല്‍കി ഉത്തര കൊറിയയെ ചര്‍ച്ചയിലേക്കു തിരികെ കൊണ്ടുവരണം. ഉത്തരകൊറിയയുടെ മിസൈല്‍ പദ്ധതിയെപ്പറ്റിയുള്ള ആശങ്കകള്‍ ഒരു ആഗോള ദുരന്തമായി മാറുന്നതിനെക്കുറിച്ചും പുടിന്‍ മുന്നറിയിപ്പു നല്‍കി. പ്രശ്‌നങ്ങള്‍ വലിയ തോതിലുള്ള ആശങ്കയിലേക്കും പ്രത്യേകിച്ചും വിനാശകരമായ ആയുധങ്ങളുടെ ഉപയോഗത്തിലേക്കും എത്തില്ലെന്നാണ് ഉറച്ച വിശ്വാസമെന്നും പുടിന്‍ അറിയിച്ചു. 20 കിലോമീറ്ററോളം നീളത്തില്‍ റഷ്യ, ഉത്തരകൊറിയയുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. അതിനാല്‍ ഉത്തരകൊറിയയുടെ തകര്‍ച്ച ചെറിയ തോതിലാണെങ്കിലും റഷ്യയയെയും ബാധിക്കും.

ഉപരോധങ്ങളുടെ മേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും എണ്ണ, വസ്ത്രവ്യാപാരം തുടങ്ങി ചില മേഖലകളില്‍ ഇതുവരെ ഉത്തര കൊറിയയ്ക്കു ഉപരോധമേര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ എണ്ണയ്ക്കു ഉപരോധം ഏര്‍പ്പെടുത്തണമെന്നാണ് യുഎസിന്റെ ആവശ്യം. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കണമെന്നും യാത്രാവിലക്ക് ഏര്‍പ്പെടുത്തണമെന്നുമുള്ള യുഎസിന്റെ കരടു പ്രമേയം രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ടിരുന്നു. അതേസമയം, ഐക്യരാഷ്ട്ര സംഘടനയില്‍ പുടിന്‍ ഈ ആവശ്യത്തെ പിന്തുണയ്ക്കുമോയെന്നത് ഇതുവരെ വ്യക്തമല്ല.

 

Show More

Related Articles

Close
Close