ചൂര്‍ണിക്കര വ്യാജരേഖ കേസില്‍ റവന്യൂ ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍

തൃശൂര്‍ മതിലകം സ്വദേശിയായ ഹംസയുടെ ഉടമസ്ഥതയിലുള്ള ആലുവ ചൂര്‍ണിക്കരയിലെ 25 സെന്റ് നിലമാണ് വ്യാജരേഖകള്‍ ചമച്ച് നികത്തിയത്.

ചൂര്‍ണിക്കര വ്യാജരേഖ കേസില്‍ റവന്യൂ ഉദ്യോഗസ്ഥന്‍ പൊലീസിന്റെ കസ്റ്റഡിയില്‍. തിരുവനന്തപുരം ലാന്‍ഡ് റവന്യു കമ്മീഷണറേറ്റിലെ സീനിയര്‍ ക്ലര്‍ക്കിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇടനിലക്കാരന്‍ അബുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രധാന തെളിവുകള്‍ പൊലീസിന് ലഭിച്ചുവെന്നാണ് സൂചന.

ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് കസ്റ്റഡിയിലെടുത്തത്.വ്യാജരേഖ തയാറാക്കാന്‍ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചുവെന്ന് മുഖ്യ ഇടനിലക്കാരന്‍ അബു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം ലാന്‍ഡ് റവന്യു കമ്മീഷണറേറ്റിലെ സീനിയര്‍ ക്ലര്‍ക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ആലുവയിലും പരിസരത്തും വ്യാജ ഉത്തരവുകൾ ഉപയോഗിച്ചു ഭൂമി ഇടപാട് നടത്തി എന്നാണ് ചോദ്യം ചെയ്യലിലില്‍ വ്യക്തമായത്. അബു ഇടനിലക്കാരന്‍ മാത്രമാണെന്നും ഇയാള്‍ക്ക് വ്യാജരേഖ തയ്യാറാക്കി നല്‍കിയത് തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരാണെന്ന് പൊലീസിനും നേരത്തേ സൂചന ലഭിച്ചിരുന്നു.

 

Show More

Related Articles

Close
Close