ഫുട്ബോളിന്റെ നെറുകയില്‍ വീണ്ടും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

വര്‍ഷത്തെ ഏറ്റവും മികച്ച താരത്തിന് ഫിഫ നല്‍കുന്ന ലോക ഫുട്ബോളര്‍ പട്ടം പോര്‍ച്ചുഗലിന്റെ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. റയല്‍ മാഡ്രിഡിനെ ലാലീഗയിലും ചാംപ്യന്‍സ് ലീഗിലും കിരീടം ചൂടിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയതിനാണ് റൊണാള്‍ഡോയെ ഈ വര്‍ഷത്തെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തത്.

അര്‍ജന്റീനയുടെ ബാഴ്സലോണ താരം ലയണല്‍ മെസി, ബ്രസീലിന്റെ പിഎസ്ജി താരം നെയ്മര്‍ എന്നിവരെ പിന്നിലാക്കിയാണ് റൊണാള്‍ഡോ ലോക ഫുട്ബോളര്‍ പട്ടം വീണ്ടും ചൂടിയത്. മൂന്ന് ബാലണ്‍ഡിയോര്‍ പുരസ്‌ക്കാരവും കഴിഞ്ഞ വര്‍ഷത്തെ ഫിഫ പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡുടക്കം മൊത്തം അഞ്ച് തവണ ഈ നേട്ടം റൊണാള്ഡോ കരസ്ഥമാക്കി.

കഴിഞ്ഞ സീസണ്‍ ലാലീഗയില്‍ 25 ഗോളുകളും ചംപ്യന്‍സ് ലീഗില്‍ 12 ഗോളുകളുമാണ് റൊണാള്‍ഡോയുടെ സമ്പാദ്യം. റൊണാള്‍ഡോയുടെ ഈ ഗോളടി മികവിലാണ് റയല്‍ മാഡ്രിഡ് കഴിഞ്ഞ സീസണില്‍ ലാലീഗ തിരിച്ചു പിടിക്കുകയും ചാംപ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി രണ്ടാം കിരീടം നേടുകയും ചെയ്തത്.

 

നെതര്‍ലന്റ്‌സിന്റെ ബാഴ്‌സലോണ താരം ലികെ മാര്‍ട്ടെന്‍സാണ് വിമണ്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍. റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് പരിശീലകന്‍ സിനദിന്‍ സിദാന്‍ മികച്ച പരിശീലകനായപ്പോള്‍ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌ക്കാരം യുവന്റസിന്റെ ഇറ്റാലിയന്‍ ഇതിഹാസ ഗോള്‍കീപ്പര്‍ ജിയാന്‍ ലുജി ബഫണ്‍ സ്വന്തമാക്കി.

ഏറ്റവും മികച്ച ഗോളിനുള്ള ഈ വര്‍ഷത്തെ പുരസ്‌ക്കാരം ആഴ്‌സണലിന്റെ ഫ്രഞ്ച് താരം ഒലിവര്‍ ജിറൗഡിനാണ്. ക്രിസ്റ്റല്‍ പാലസിനെതിരേ സ്‌കോര്‍പ്പിയന്‍ കിക്കിലൂടെ നേടിയ ഗോളാണ് താരത്തെ പുരസ്‌ക്കാരത്തിനര്‍ഹനാക്കിയത്.

 

Show More

Related Articles

Close
Close