ലോ അക്കാഡമി മാനേജ്മെന്റുമായി സി.പി.എം സംസ്ഥാന നേതൃത്വം ഒത്തുകളിക്കുകയാണെന്ന് വി. മുരളീധരൻ

വിദ്യാർ‌ത്ഥി വിരുദ്ധ നിലപാട് കൈക്കൊള്ളുന്ന ലോ അക്കാഡമി മാനേജ്മെന്റുമായി
സി.പി.എം സംസ്ഥാന നേതൃത്വം ഒത്തുകളിക്കുകയാണെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരൻ ആരോപിച്ചു. വിദ്യാർത്ഥികളുടെ പരാതികൾ കേട്ട ശേഷം അവ ശരിയാണെന്ന് ഉപസമിതിക്ക് ബോദ്ധ്യമായിട്ടും ലോ അക്കാഡമി മാനേജ്മെന്റിനോട് മൃദു സമീപനം സ്വീകരിച്ചത് സി.പി. എമ്മിന്റെ സമ്മർദ്ദം കൊണ്ടാണ്. സർവകലാശാല സ്വയംഭരണാവകാശത്തെക്കുറിച്ച് വാചാലരാവുമ്പോഴും ചുമതലകൾ നിർവഹിക്കാ‌തെ തീരുമാനം സർക്കാരിന് വിട്ട സിൻഡിക്കേറ്റിന് അധികാരത്തിൽ തുടരാൻ അർഹതയില്ല

എസ്. എഫ്. ഐ ഉൾപ്പെടെയുള്ള സംഘടനകൾ പ്രിൻസിപ്പലിന്റെ രാജി ആവശ്യപ്പെട്ട് ദിവസങ്ങളായി സമരം ചെയ്തിട്ടും സമരക്കാരുടെ കൂടെ നിൽക്കുന്നതിന് പകരം കോളേജ് മാനേജ്മെന്റിന്റെ കൂടെ നിൽക്കാൻ സി.പി.
എം നേതൃത്വത്തെ പ്രേരിപ്പിക്കുന്നതെന്താണെന്നറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താല്പര്യമുണ്ട്. അഞ്ഞൂറു വർഷം പഴക്കമുള്ള ആചാരങ്ങൾ വരെ മാറ്റണമെന്നാവശ്യപ്പെടുന്ന കോടിയേരി ബാലകൃഷ്ണൻ 50 വർഷം പഴക്കമുള്ളത് കൊണ്ട് ലോ അക്കാഡമിയുടെ ഭൂകൈമാറ്റം ചോദ്യം ചെയ്യരുതെന്ന് പറയുന്നത് രസാവഹമാണെന്ന് മുരളീധരൻ പറഞ്ഞു.
പട്ടിക ജാതി പീഡനത്തിന്റെ പേരിൽ പ്രിൻസിപ്പലിനെ അറസ്റ്ര് ചെയ്യേണ്ട സാഹചര്യമുണ്ടായിട്ടും അവരെ രക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്.
വി.എസും സി.പി.ഐ നേതാക്കളുമെല്ലാം ലോ അക്കാഡമി സർക്കാർ ഏറ്റെടുക്കണമെന്നും പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യണമെന്നുമൊക്കെ ആവശ്യപ്പെടുമ്പോൾ അവർക്ക് സംരക്ഷണ കവചമൊരുക്കുകയാണ് സി.പി.എം നേതൃത്വം ചെയ്യുന്നത്. കേരളജനതയുടെ പ്രതിഷേധത്തിന്റെ മലവെള്ളപ്പാച്ചിലിൽ സി.പി.എം ഉയർ‌ത്തിയ തടസ്സങ്ങളൊക്കെ ഒലിച്ചുപോകുമെന്നും മുരളീധരൻ പറഞ്ഞു.

Show More

Related Articles

Close
Close