സിപിഐഎം പിബി ഇന്ന്

ഭരണ പരിഷ്‌കാര കമ്മിഷന്‍ (എആര്‍സി) അധ്യക്ഷന് ഇരട്ടപ്പദവി അയോഗ്യത ഒഴിവാക്കിയുള്ള ബില്‍ നിയമസഭ പാസാക്കിയത് ഏതെങ്കിലും ഒരു വ്യക്തിയെ ഉദ്ദേശിച്ചല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വിഎസിന്റെ പദവി പ്രശ്‌നവും മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചതും ഇന്നും നാളെയും നടക്കുന്ന സിപിഎം പൊളിറ്റ് ബ്യൂറോയില്‍ ചര്‍ച്ചയാവും. കഴിഞ്ഞ ഡിസംബറില്‍ കൊല്‍ക്കത്തയില്‍ നടന്ന സംഘടനാ പ്ലീനം തീരുമാനിച്ച കാര്യങ്ങള്‍ നടപ്പാക്കാനുള്ള മാര്‍ഗങ്ങളാണു പിബി യോഗത്തിന്റെ പ്രധാന അജന്‍ഡ.

പിബി അംഗങ്ങള്‍ തമ്മില്‍ ഒരുമയുണ്ടാക്കുക, കൂട്ടായ പ്രവര്‍ത്തനം സാധ്യമാക്കുക തുടങ്ങിയവയാണു പ്ലീനം കേന്ദ്ര സമിതികള്‍ക്കായി നിര്‍ദേശിച്ചിട്ടുള്ളത്. ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള ബന്ധമുള്‍പ്പെടെ പല വിഷയങ്ങളിലും യച്ചൂരി, കാരാട്ട് പക്ഷങ്ങള്‍ പരസ്യമായി വിഘടിച്ചുനില്‍ക്കുമ്പോഴാണ് ഒരുമയ്ക്കുള്ള മാര്‍ഗങ്ങള്‍ തേടുന്നത്.

പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലേക്കുള്ള തിരിച്ചുവരവും എആര്‍സി അധ്യക്ഷ സ്ഥാനവും ഒരു പാക്കേജ് ആയി കണക്കാക്കണമെന്നാണു വിഎസിന്റെ നിലപാട്. അതുകൊണ്ടുതന്നെ എആര്‍സി രൂപീകരണ കാര്യത്തില്‍ തീരുമാനം വൈകുകയാണ്. ഏതെങ്കിലും ഒരു വ്യക്തിയെ ഉദ്ദേശിച്ചല്ല നിയമം പാസാക്കിയതെന്നു പിണറായിയും, വിഎസിനെ അധ്യക്ഷനാക്കുന്നതു തീരുമാനിച്ചിട്ടില്ലെന്നു കേന്ദ്ര കമ്മിറ്റിയംഗമായ മന്ത്രി എ.കെ.ബാലനും പറയുമ്പോള്‍ വിഎസിന്റെ സമ്മര്‍ദതന്ത്രം പാര്‍ട്ടിയെ വിഷമവൃത്തത്തിലാക്കുന്നുവെന്നാണ് വ്യക്തമാകുന്നത്.

വിഎസിനെതിരെ സംസ്ഥാന സമിതി നല്‍കിയതുള്‍പ്പെടെയുള്ള പരാതികള്‍ തീര്‍പ്പാക്കാന്‍ ഉടനെ നടപടിയെടുക്കുമെന്നു പ്രകാശ് കാരാട്ട്, വിഎസിന് ഉറപ്പുനല്‍കിയിരുന്നു. ഇത്തവണ പിബി ചേരുന്ന സമയത്ത് കമ്മിഷന്റെ യോഗവും നടത്താമെന്ന് ആലോചനയുണ്ടായി. എന്നാല്‍, കമ്മിഷന്‍ എന്ന രൂപത്തില്‍ ചേരേണ്ടതുണ്ടോ വിഷയം പിബി പരിഗണിച്ച് അവസാനിപ്പിച്ചാല്‍ പോരേ എന്ന ചിന്തയുമുണ്ടെന്നാണു നേതാക്കള്‍ സൂചിപ്പിക്കുന്നത്. പരാതികള്‍ അനുകൂലമായി തീര്‍പ്പാക്കിയാല്‍ മാത്രമേ വിഎസിനു സെക്രട്ടേറിയറ്റിലേക്കു തിരിച്ചെത്താനാവൂ. ബംഗാളില്‍ കോണ്‍ഗ്രസുമായുണ്ടാക്കിയ ബന്ധം തിരുത്താന്‍ കേന്ദ്ര കമ്മിറ്റി നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുണ്ടായ ശ്രമങ്ങളും പരാജയവും ബംഗാള്‍ നേതാക്കള്‍ പിബിയില്‍ വിശദീകരിക്കുമെന്നാണു സൂചന.

Show More

Related Articles

Close
Close