ലോകകപ്പ് യോഗ്യത: ഇറ്റലി, സ്‌പെയിന്‍, ഉക്രെയിന്‍ ജയിച്ചു; ക്രൊയേഷ്യ തോറ്റു

അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ യൂറോപ്യന്‍ യോഗ്യതാ മത്സരങ്ങളില്‍ മുന്‍ ചാമ്പ്യന്മാരായ ഇറ്റലി, സ്‌പെയിന്‍, കരുത്തരായ ഉക്രെയിന്‍ ടീമുകള്‍ വിജയിച്ചു. അതേസമയം ക്രൊയേഷ്യ തോറ്റു. വെയില്‍സും സെര്‍ബിയയും സമനിലയില്‍ പിരിഞ്ഞു.

ഗ്രൂപ്പ് ജിയില്‍ നടന്ന മത്സരത്തില്‍ ഇറ്റലി മറുപടിയില്ലാത്ത 5 ഗോളുകള്‍ക്ക് ലിച്ചന്‍സ്‌റ്റൈനെ തകര്‍ത്തു. ഇറ്റലിക്കായി ഇന്‍സിഗ്‌നെ, ബെലോട്ടി, ഈഡര്‍, ഫെഡ്രികോ, ഗാബിയാഡിനി എന്നിവര്‍ ലക്ഷ്യം കണ്ടു. മറ്റൊരു മത്സരത്തില്‍ സ്‌പെയിന്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മാസിഡോണിയയെ തോല്‍പ്പിച്ചു.

വിജയികള്‍ക്കായി ഡേവിഡ് സില്‍വയും ഡീഗോ കോസ്റ്റയും ഗോള്‍ നേടി. അര്‍മാന്‍ഡോ സാദികുവിന്റെ ഇരട്ടഗോള്‍ കരുത്തില്‍ അല്‍ബേനിയ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഇസ്രയേലിനെയൂം തകര്‍ത്തു. ഗ്രൂപ്പില്‍ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 16 പോയിന്റുമായി സ്‌പെയിനും ഇറ്റലിയും ഒന്നും രണ്ടും സ്ഥാനത്ത്.

9 പോയിന്റുള്ള അല്‍ബേനിയ മൂന്നാമത്. ഗ്രൂപ്പ് ഡിയില്‍ നടന്ന മൂന്ന് കളികളും സമനിലയില്‍ പിരിഞ്ഞു. അയര്‍ലന്‍ഡ്-ആസ്ട്രിയ, സെര്‍ബിയ-വെയ്‌ലസ് കളി 1-1നും മോള്‍ഡോവ-ജോര്‍ജിയ മത്സരം 2-2നുമാണ് സമനിലയില്‍ പിരിഞ്ഞത്. ആറ് കളികളില്‍ നിന്ന് 12 പോയിന്റുമായി സെര്‍ബിയയും അയര്‍ലന്‍ഡും ഒന്നും രണ്ടും സ്ഥാനത്ത്.

ഗ്രൂപ്പ് ഐയില്‍ നടന്ന മത്സരങ്ങളില്‍ ഉക്രെയിന്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഫിന്‍ലന്‍ഡിനെയും തുര്‍ക്കി 4-1ന് കൊസൊവയേയും പരാജയപ്പെടുത്തിയപ്പോള്‍ ക്രൊയേഷ്യ ഏകപക്ഷീയമായ ഒരു ഗോളിന് ഐസ്‌ലന്‍ഡിനോട് തോറ്റു. തോറ്റെങ്കിലും 6 കളികളില്‍ നിന്ന് 13 പോയിന്റുമായി ക്രൊയേഷ്യയാണ് ഗ്രൂപ്പില്‍ മുന്നില്‍. ഐസ്‌ലന്‍ഡിനും 13 പോയിന്റാണുള്ളത്. മികച്ച ഗോള്‍ശരാശരി ക്രൊയേഷ്യയെ ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തുകയായിരുന്നു.

ജന്മഭൂമി: http://www.janmabhumidaily.com/news646340#ixzz4jpr0Gdo7

Show More

Related Articles

Close
Close