മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. നാളെ അതിതീവ്ര ന്യൂനമര്‍ദമായി മാറിയേക്കുമെന്നാണ് മുന്നറിയിപ്പ്. മുന്‍കരുതല്‍ ശക്തമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു.

ഇന്നലെ രാത്രിയോടെ കന്യാകുമാരിക്ക് തെക്ക് ശ്രീലങ്കന്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ച് പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കന്യാകുമാരി, തിരുവനന്തപുരം, ലക്ഷദ്വീപ്, ശ്രീലങ്ക തീരങ്ങളിലേക്കാകും ന്യൂനമര്‍ദം നീങ്ങുക. കാറ്റിന്റെ വേഗം അമ്പത് കിലോമീറ്റര്‍ മുതല്‍ അറുപത് കിലോമീറ്റര്‍ വരെയാകും. ശക്തമായ കാറ്റിനൊപ്പം 3.2 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ക്കും സാധ്യതയുണ്ട്.

തീരമേഖലയില്‍ ജാഗ്രത പുലര്‍ത്താന്‍ റവന്യൂ, ഫിഷറീസ് വകുപ്പുകള്‍ക്കും കോസ്റ്റല്‍ പോലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബുധനാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നില്ലെന്ന് ഉറപ്പുവരുത്തും. കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ സന്ദേശങ്ങള്‍ സമയാസമയങ്ങളില്‍ മത്സ്യത്തൊഴിലാളികളെ അറിയിക്കാന്‍ സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍ നിര്‍ദേശം നല്‍കി. ആവശ്യമുള്ള സമയങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് പോലീസിന് ഡിജിപി ലോക് നാഥ് ബെഹ്‌റയും നിര്‍ദേശം നല്‍കി. ജനങ്ങള്‍ സുരക്ഷക്രമീകരണങ്ങളോട് സഹകരിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു.

Show More

Related Articles

Close
Close