അഹിന്ദുക്കള്‍ക്കും ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിക്കണം:അജയ് തറയില്‍

ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍. വിഗ്രഹാരാധനയില്‍ വിശ്വസിക്കുന്ന ആര്‍ക്കും ക്ഷേത്ര പ്രവേശനം അനുവദിക്കണം. 1952ലെ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവില്‍ ഭേദഗതി വരുത്തണ മെന്നും ഇക്കാര്യത്തില്‍ ബോര്‍ഡിന്റെ പിന്തുണ പ്രതീക്ഷിക്കുന്നതായും അജയ് തറയില്‍ പറഞ്ഞു.

നിലവിൽ ഹിന്ദുക്കൾക്കും ഹിന്ദുമത വിശ്വാസിയാണെന്ന് എഴുതി നൽകുന്നവർക്കും മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. എന്നാൽ ഹിന്ദുമതത്തിൽ വിശ്വസിക്കുന്നുവെന്ന് പ്രതിജ്ഞാപത്രം നൽകുന്നത് പരോക്ഷമായ മതപരിവർത്തനമാണ്. മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നത് ദേവസ്വം ബോർഡിന്റെ ചുമതലയല്ല. അതിനാൽ ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് പ്രസി‌ഡന്റും മറ്റ് അംഗങ്ങളും തന്റെ നിലപാടിനെ പിന്തുണയ്ക്കുമെന്ന് കരുതുന്നതായും അജയ് തറയിൽ ഫെയ്സ്ബുക്ക് പേജിലൂടെ പറഞ്ഞു.

ക്ഷേത്രാരാധനയിലും വിഗ്രഹാരാധനയിലും വിശ്വസിക്കുന്ന ധാരാളം അഹിന്ദുക്കൾ അറിഞ്ഞും അറിയാതെയും ക്ഷേത്രത്തിൽ കയറി ആരാധാന നടത്തുന്നത് പതിവാണ്. അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ദേവസ്വം ബോർഡ് തീരുമാനത്തിന് പ്രസക്തിയില്ലാതാവുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്. ഹിന്ദുക്കൾക്കും ഹിന്ദുമതത്തിൽ വിശ്വസിക്കുന്നുവെന്ന് സാക്ഷ്യപത്രം നൽകുന്നവർക്കും മാത്രമെ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ പ്രവേശിക്കുവാൻ പാടുള്ളൂവെന്ന 1952ലെ ഉത്തരവ് പരിഷ്‌കരിക്കണമെന്നും അജയ് തറയിൽ ആവശ്യപ്പെട്ടു.

Show More

Related Articles

Close
Close