പ്രതിഷേധം ഭയന്ന് കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികളില്‍ നിന്നും പിന്മാറില്ലെന്ന് ദേവികുളം സബ് കളക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന്‍

പ്രതിഷേധം ഭയന്ന് കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികളില്‍ നിന്നും താന്‍ പിന്മാറില്ലെന്ന് ദേവികുളം സബ് കളക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന്‍.നിയമം ശക്തമായി നടപ്പാക്കാത്തതാണ് കൈയേറ്റക്കാര്‍ക്ക് സഹായകമാകുന്നത്. മൂന്നാറില്‍ സ്ഥിതി ഗുരുതരമാണ്. ഇച്ഛാശക്തിയുണ്ടെങ്കില്‍ പഴയ മൂന്നാറിനെ വീണ്ടെടുക്കാനാകും. ചിലര്‍ പ്രതിഷേധിച്ചാല്‍ ഭയന്ന് പിന്മാറുന്ന ആളല്ല താന്‍. സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുക എന്ന റവന്യു ഉദ്യോഗസ്ഥന്റെ കടമ നിറവേറ്റുകയാണ് താന്‍ ചെയ്യുന്നത്. ഒരാള്‍ മാത്രം വിചാരിച്ചാല്‍ കൈയേറ്റം അവസാനിപ്പിക്കാനാവില്ല. കൂട്ടായ ശ്രമമാണ് വേണ്ടത്. കൈയേറ്റം തടയാനെത്തിയവരെ മര്‍ദിച്ചിട്ടും തടഞ്ഞുവെച്ചിട്ടും പൊലീസ് നിഷ്‌ക്രിയരായി നിന്നതിനെക്കുറിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

ദേവികുളത്ത് സര്‍ക്കാര്‍ ഭൂമിയിലെ ഷെഡ് പൊളിച്ചത് ചെറിയൊരു സംഭവമാണ്. ഭൂസംരക്ഷണ സേന മുമ്പും കൈയേറ്റം ഒഴിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അന്നൊന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ കൈയേറ്റ ശ്രമം ഉണ്ടായിട്ടില്ല. കഴിഞ്ഞദിവസം ഇത്തരത്തിലൊരു സംഘടിത നീക്കം പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടാണ് മുന്‍കൂട്ടി പൊലീസ് സംരക്ഷണം തേടാതിരുന്നത്. ഒഴിപ്പിക്കല്‍ നടപടികളെ അഭിനന്ദിച്ച് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. നടപടിയുമായി മുന്നോട്ട് പോകാനാണ് അദ്ദേഹം നല്‍കിയ നിര്‍ദേശം. കൈയേറ്റക്കാര്‍ക്കെതിരായ നടപടികള്‍ക്ക് പൊലീസടക്കം മറ്റുവകുപ്പുകളുടെ പിന്തുണ ലഭിക്കാത്ത സാഹചര്യമുണ്ടെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പറയുന്നു.

 

Show More

Related Articles

Close
Close