ദേവികുളത്ത് ഉദ്യോഗസ്ഥരെ തടഞ്ഞവര്‍ക്കെതിരെ നടപടിക്ക് നിര്‍ദ്ദേശം

കൈയ്യറ്റമൊഴിപ്പിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ദേവികുളത്ത് തടഞ്ഞവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇടുക്കി ജില്ലാകലക്ടറുടെ നിര്‍ദേശം. പ്രതിഷേധക്കാരെ തടയാതിരുന്ന പോലീസുകാര്‍ക്കെതിരെയും നടപടിയുണ്ടാകും. പ്രതിഷേധക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സബ്കലക്ടര്‍ നേരിട്ട് ആവശ്യപ്പെട്ടിട്ടും പ്രതിഷേധക്കാരെ തടയാന്‍ പോലീസും തയ്യാറായില്ല. ഇക്കാര്യം എഴുതിത്തരണമെന്ന് സബ്കലക്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് പോലീസ് ഇടപെട്ടത്.

സി.പി.ഐ.എം പ്രവര്‍ത്തകരായിരുന്നു കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സബ്കലക്ടര്‍ വെങ്കിട്ടരാമന്‍ ഉള്‍പ്പെടെയുള്ള റവന്യൂഉദ്യോഗസ്ഥരെ ഉച്ചയോടെ തടഞ്ഞത്. കൈയ്യേറ്റം ഒഴുപ്പിച്ചേ മടങ്ങൂവെന്ന് സബ്കലക്ടര്‍ നിലപാട് എടുത്തതോടെ പ്രതിഷേധക്കാര്‍ സബ്കലക്ടര്‍ക്കെതിരെ അസഭ്യവര്‍ഷവും നടത്തി. സംഭവം ചീഫ് സെക്രട്ടറിയെയും അറിയിച്ചിട്ടുണ്ട്. അതേസമയം മൂന്നാറില്‍ ഇന്നുണ്ടായ സംഭവത്തില്‍ സബ് കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു. കൈയേറ്റം ഒഴിപ്പിക്കാന്‍ പോലീസ് സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്.

സിപിഎം നേതാവ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്. സബ് കലക്ടർ ആവശ്യപ്പെട്ടിട്ടും സുരേഷിനെ അറസ്റ്റു ചെയ്യാൻ പൊലീസ് തയാറായില്ല. ഒടുവിൽ സുരേഷിന്റെ അറസ്റ്റു രേഖപ്പെടുത്തിയെങ്കിലും പിന്നീട് വിട്ടയച്ചു. പരാതിയില്ലെന്ന് ഭൂസംരക്ഷണ സേനാംഗങ്ങൾ തന്നെ വ്യക്തമാക്കിയതോടെയാണ് സുരേഷിനെ വിട്ടയച്ചത്. പൊലീസ് നോക്കി നിൽക്കെയാണ് സബ് കലക്ടർക്കും ഉദ്യോഗസ്ഥർക്കുമെതിരെ സിപിഎം പ്രവർത്തകർ അസഭ്യവർഷം നടത്തിയത്. ഏറെ നേരത്തെ സംഘർഷത്തിനൊടുവിൽ സിപിഎം പ്രവർത്തകർ തന്നെ കയ്യേറ്റ ഭൂമിയിലെ ഷെഡുകൾ പൊളിച്ചു നീക്കി.

 

Show More

Related Articles

Close
Close