ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന നിയമം രൂപീകരിക്കുക; സര്‍ക്കാരിന് കത്തെഴുതി ബെഹ്‌റ

ദുരന്തങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ മുന്‍കൈയ്യെടുത്ത് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇതിനായി പബ്ലിക് സേഫ്റ്റി ആക്ട് രൂപീകരിക്കാന്‍ നടപടിയെടുക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കത്തിലൂടെയാണ് അദ്ദേഹം സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചത്. പെലീസും ബന്ധപ്പെട്ട വകുപ്പുകളും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ ശക്തമാക്കാത്ത സാഹചര്യത്തിലാണ് ഡിജിപി സര്‍ക്കാരിനോട് ഇത്തരമൊരു നിയമം നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ജനങ്ങളുടെ സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശനമായ നിയമലംഘത്തിനുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കാനുമുള്ള നിയമ നിര്‍മാണമാണ് ബെഹ്‌റ ആവശ്യപ്പെടുന്നത്. കേരളത്തില്‍ വെള്ളത്തില്‍ വീണുള്ള അപകടങ്ങള്‍ക്ക് സാധ്യത കൂടുതലാണെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടികാട്ടി. വെള്ളത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ലൈഫ് ജാക്കറ്റ് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. എന്നാല്‍ സഞ്ചാരികള്‍ ഇത് അവഗണിച്ച് ദുരന്തം വിളിച്ചുവരുത്തുകയാണ്.

സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ച് അറിവുണ്ടായിട്ടും ഇത് പാലിക്കാത്തവര്‍ക്കെതിരെ നിയമനടപടി കര്‍ശനമാക്കിയാല്‍ ഒരുപരിധിവരെ അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു. മറ്റു പല സംസ്ഥാനങ്ങളിലും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുത്തുള്ള നിയമങ്ങളുണ്ടെന്നും ബെഹ്‌റ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

Show More

Related Articles

Close
Close