ധോണിയെ പത്മഭൂഷണ്‍ ബഹുമതിക്ക് ബിസിസിഐ ശുപാര്‍ശ ചെയ്തു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എംഎസ് ധോണിയെ പത്മഭൂഷണ്‍ ബഹുമതിക്ക് ബിസിസിഐ  ശുപാര്‍ശ ചെയ്തു. ക്രിക്കറ്റില്‍ രാജ്യത്തിന് വേണ്ടി നിരവധി സംഭാവനകള്‍ ചെയ്തതിനാണ് ധോണിയെ ശുപാര്‍ശ ചെയ്തതെന്ന് ബിസിസിഐയുടെ ഒഫീഷ്യല്‍ അറിയിച്ചു. ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പ് കിരീടങ്ങള്‍ നേടിക്കൊടുത്ത ക്യാപ്റ്റനാണ് ധോണി. ധോണിയുടെ കീഴില്‍ ഇന്ത്യന്‍ ടീം ട്വന്റി 20 ലോകകപ്പ്(2007) കിരീടം നേടിയിരുന്നു. 2008 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടന്ന സി.ബി. സീരീസ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓസ്‌ടേലിയയെ തോല്പിച്ച് ജേതാക്കളായി. കൂടാതെ ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ 28 വര്‍ഷത്തിന് ശേഷം 2011 ല്‍ ഏകദിന ലോകകപ്പ് കിരീടവും നേടിയത്. 91 റണ്‍സാണ് ഫൈനലില്‍ ധോണിയുടെ നേട്ടം. ഇതോടെ ഏകദിന ലോകകപ്പും ട്വന്റി 20 ലോകകപ്പും ഏറ്റുവാങ്ങിയ ഒരേയൊരു ക്യാപ്റ്റന്‍ എന്ന പദവി ധോണി സ്വന്തമാക്കിയിരുന്നു.

ഇന്ത്യയ്ക്കായി 90 ടെസ്റ്റും 303 ഏകദിനങ്ങളും കളിച്ചിട്ടുണ്ട് മുപ്പത്തിയാറുകാരനായ ധോണി. ടെസ്റ്റില്‍ ആറ് സെഞ്ചുറി അടക്കം 4876 റണ്‍സും ഏകദിനത്തില്‍ 10 സെഞ്ചുറി അടക്കം 9737 റണ്‍സും നേടി. ടെസ്റ്റില്‍ 256 കാച്ചും 38 സ്റ്റമ്പിങ്ങുമുണ്ട് ധോണിയുടെ കണക്കില്‍. ഏകദിനത്തില്‍ 285 ക്യാച്ചും 101 സ്റ്റമ്പിങ്ങും നടത്തിയിട്ടുണ്ട് ധോണി. സച്ചിന്‍ തെണ്ടുല്‍ക്കര്‍, കപില്‍ദേവ്, സുനില്‍ ഗവസ്‌ക്കര്‍, രാഹുല്‍ ദ്രാവിഡ്, ചന്തു ബോര്‍ഡെ, ദേവ്ധര്‍, സി.കെ.നായിഡു, ലാല അമര്‍നാഥ്, രാജ ബലിന്ദ്ര സിങ്, വിജയ് ആനന്ദ് എന്നിവരാണ് പത്മഭൂഷണ്‍ ലഭിച്ച മറ്റ് ക്രിക്കറ്റ് താരങ്ങള്‍.

Show More

Related Articles

Close
Close