മകൻ മികച്ച താരം, പക്ഷേ ഞാൻ ടീമിലെടുക്കില്ലെന്ന് ഡീഗോ സിമിയോണി!

ഇറ്റാലിയൻ ലീഗിലും അർജൻറീനക്കു വേണ്ടിയും ഗംഭീര പ്രകടനം പുറത്തെടുക്കുന്ന ജിയോവാനി സിമിയോണി മികച്ച താരമാണെങ്കിലും താൻ ടീമിലെടുക്കില്ലെന്ന് അത്ലറ്റികോ മാഡ്രിഡ് പരിശീലകൻ ഡീഗോ സിമിയോണി. ഇരുപത്തിമൂന്നുകാരനായ സിമിയോണി ഗ്വാട്ടിമാലക്കെതിരായ സൗഹൃദ മത്സരത്തിലാണ് അർജൻറീനക്കു വേണ്ടി ആദ്യമായി കളിക്കാനിറങ്ങിയത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ ടീമിനു വേണ്ടി ഗോൾ നേടാൻ താരത്തിനായി. കൊളംബിയക്കെതിരായ മത്സരത്തിൽ അവസാനത്തെ കുറച്ചു മിനുട്ടുകൾ മാത്രമാണ് താരം കളിച്ചുള്ളുവെങ്കിലും ആ സമയത്ത് കളിക്കളത്തിൽ നിർണായകമായ സ്വാധീനം ചെലുത്താൻ താരത്തിനു കഴിഞ്ഞിരുന്നു. കഴിഞ്ഞ സീസണിൽ ഫിയോറന്റീനക്കു വേണ്ടി സീരി എയിൽ പതിനാലു ഗോളുകൾ നേടിയ താരം ഈ സീസണിൽ രണ്ടു മത്സരങ്ങളിൽ നിന്ന് ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.

ഒരു കളിക്കാരനു വേണമെന്നു താനാഗ്രഹിക്കുന്ന എല്ലാ ഗുണങ്ങളും ജിയോവാനിക്കുണ്ടെന്നും താരത്തെ സ്വന്തമാക്കാൻ ആഗ്രഹമുണ്ടെങ്കിൽ കൂടിയും അതൊരിക്കലും ചെയ്യില്ലെന്ന് സിമിയോണി പറഞ്ഞു. മറ്റു താരങ്ങളെപ്പോലെ തന്റെ മകനെ ഡ്രസിംഗ് റൂമിൽ വച്ച് തനിക്ക് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായിരിക്കുമെന്നും അതു രണ്ടു പേരും തമ്മിൽ ഇപ്പോഴുള്ള ബന്ധത്തെ ബാധിച്ചേക്കുമെന്നും സിമിയോണി പറഞ്ഞു. ഏതാനും വർഷങ്ങൾക്കു ശേഷം ജിയോവാനി ഇതിനേക്കാൾ മികച്ച താരമായി ഉയരുമെന്നും അപ്പോളും ഇതിനു മാറ്റമൊന്നും ഉണ്ടാകില്ലെന്നും സിമിയോണി പറഞ്ഞു. താൻ അത്ലറ്റികോ വിടുകയാണെങ്കിൽ ജിയോവാനിക്ക് ടീമിലേക്കു വരാമെന്നും ഡീഗോ സിമിയോണി വ്യക്തമാക്കി.

2016ൽ യൂറോപ്പിലെത്തിയതിനു ശേഷം ജെനോവ, ഫിയോന്റീന എന്നിവക്കു വേണ്ടി കളിച്ചിട്ടുള്ള ജിയോവാനി സിമിയോണി 79 മത്സരങ്ങളിൽ നിന്ന് 26 ഗോളുകളും എട്ട് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. അതേ സമയം അർജൻറീന ആരാധകർക്ക് ഇക്കാര്യത്തിൽ സിമിയോണിയോട് ന്യായമായ ഒരു സംശയമാണ് ചോദിക്കാനുള്ളത്. എന്നെങ്കിലും സിമിയോണി അർജന്റീന ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുകയാണെങ്കിൽ മികച്ച ഫോമിലാണെങ്കിലും ജിയോവാനിയെ ടീമിലെടുക്കില്ലേയെന്നാണ് അവർ ചോദിക്കുന്നത്. അതോ മകൻ വിരമിച്ചതിനു ശേഷമേ അർജൻറീനയെ പരിശീലിപ്പിക്കാനെത്തുവെന്നാണോ താരം ഉദ്ദേശിച്ചതെന്നും അവർ ചോദിക്കുന്നു.

 

Show More

Related Articles

Close
Close