കേസന്വേഷണം സിനിമാ തിരക്കഥ പോലെയാണോ; നടിയെ ആക്രമിച്ച കേസില്‍ പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം

നടിയെ ആക്രമിച്ച കേസിലെ അന്വേഷണം എന്ന് തീരുമെന്ന് ഹൈക്കോടതി. കേസന്വേഷണം സിനിമാ തിരക്കഥ പോലെയാണോ എന്ന് കോടതി ചോദിച്ചു. ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോ, പ്രതികളെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുന്നത് ആരെയെങ്കിലും തൃപ്തിപ്പെടുത്താനാണോ എന്നും കോടതി ചോദിച്ചു. സുനിലിനെ ചോദ്യം ചെയ്യുന്നത് വാര്‍ത്ത സൃഷ്ടിക്കാനാണോ, കേസിലെ അന്വേഷണം പരിധിവിട്ടാൽ കോടതിയലക്ഷ്യത്തിനു കേസെടുക്കുമെന്നും കോടതി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന നടനും സംവിധായകനുമായ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം.

അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നാദിര്‍ഷക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീര്‍പ്പാകുന്നത് വരെ നാദിര്‍ഷയെ അറസ്റ്റ് ചെയ്യരുത്. വെള്ളിയാഴ്ച ഹാജരാകാനാണ് നാദിര്‍ഷക്ക് കോടതി നിര്‍ദേശം നല്‍കിയത്. ജാമ്യാപേക്ഷ ഈ മാസം 18 ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം രണ്ടാഴ്ചക്കകം തീര്‍ക്കുമെന്ന ഡിജിപി ( ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍) കോടതിയെ അറിയിച്ചു . ദിലീപിന്റെ അറസ്റ്റോടെ കേസിന്റെ ഒരു ഘട്ടം മാത്രമേ പൂര്‍ത്തിയായിട്ടുളളൂവെന്നും അന്വേഷണം ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും അതിനാല്‍ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യണമെന്നുമാണ് അന്വേഷണ സംഘത്തിന്റെ വാദം.

നടിയെ ആക്രമിച്ച കേസിന്റെ വസ്തുതകള്‍ നാദിര്‍ഷ മറച്ചുവെച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇത് അന്വേഷണം വഴിതിരിച്ചുവിടാനും ദിലീപിനെ സംരക്ഷിക്കാനുമുളള ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്നും പൊലീസ് പറയുന്നു. നേരത്തെ ദിലീപിനെ 13 മണിക്കൂര്‍ ചോദ്യ ചെയ്തതിനൊപ്പമാണ് നാദിര്‍ഷയെയും പൊലീസ് ചോദ്യം ചെയ്തത്.

Show More

Related Articles

Close
Close