ജയലളിതയെ ചികിത്സിക്കാന്‍ യുകെയില്‍ നിന്ന് ഡോക്ടറെത്തി

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ചികിത്സിക്കുന്നതിനായി യുകെയില്‍ നിന്ന് ഡോക്ടറെത്തി.

ലണ്ടന്‍ ബ്രിഡ്ജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗം വിദഗ്ധന്‍ ഡോ. റിച്ചാര്‍ഡ് ജോണ്‍ ബീലെയാണ് ജയലളിതയ്ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ എത്തിയത്.

ജയലളിതയെ ഇപ്പോള്‍ ചികിത്സിച്ചു കൊണ്ടിരിക്കുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയ റിച്ചാര്‍ഡ് കൂടുതല്‍ ടെസ്റ്റുകള്‍ നിര്‍ദ്ദേശിച്ചു.

കടുത്ത പനിയും നിര്‍ജലീകരണവും ബാധിച്ച് 22 നാണ് ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചില പ്രധാന പരിശോധനകള്‍ നടത്തേണ്ടതിനാല്‍ കുറച്ച് ദിവസംകൂടി ആശുപത്രിയില്‍ തുടരേണ്ടിവരുമെന്ന് ആശുപത്രി പത്രക്കുറിപ്പില്‍ അറിയിച്ചു.

ജയലളിത ചികിത്സയോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും കുറച്ച് ദിവസം കൂടി ആശുപത്രിയില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണെന്നും ആശുപത്രി വ്യാഴാഴ്ച മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു.

എന്നാല്‍ വെള്ളിയാഴ്ച മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയിട്ടില്ല. മുഖ്യമന്ത്രിയുടെ ആരോഗ്യനിലയുടെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ഡിഎംകെ പ്രസിഡന്റ് കരുണാനിധി ആവശ്യപ്പെട്ടിരുന്നു.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ ചിത്രം പുറത്തുവിടണമെന്ന് കരുണാനിധി ആവശ്യപ്പെട്ടു.

Show More

Related Articles

Close
Close