ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം കേന്ദ്രം കൂട്ടുന്നു

drരാജ്യവ്യാപകമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 65 ആയി ഉര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തൊട്ടാകെ ഡോക്ടര്‍മാരുടെ കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഇത് ആരോഗ്യ രംഗത്തെ ബാധിക്കുന്നുണ്ട്. ഇതിന് പരിഹാരമെന്ന നിലയ്ക്ക് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 65 ആക്കി ഉയര്‍ത്തും. അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ മൂന്നാം വര്‍ത്തിലേക്കു കടക്കുന്നതിന്റെ ആഘോഷങ്ങള്‍ക്ക് യുപിയിലെ ഷഹരണ്‍പൂരില്‍ തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോക്ടര്‍മാര്‍ ഒരു മാസം ഒരു ദിവസം വച്ച് ഒരു വര്‍ഷം 12 ദിവസം പാവപ്പെട്ട ഗര്‍ഭിണികളെ സൗജന്യമായി ചികില്‍സിക്കണം. നമ്മുടെ പെണ്‍കുട്ടികളെ ശാക്തീകരിക്കാതെ നമുക്കെങ്ങനെ ഒരു രാജ്യമാകാന്‍ കഴിയും, മോദി ചോദിച്ചു.

കര്‍ഷകരുടെ ക്ഷേമം ലക്ഷ്യമിട്ടാണ് കേന്ദ്രം ഇതുവരെ പ്രവര്‍ത്തിച്ചത്. ഇനിയും അങ്ങനെ തന്നെയായിരിക്കും ഭരിക്കുക. കര്‍ഷക ക്ഷേമം ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതികള്‍ വിവരിച്ച് പ്രധാനമന്ത്രി പറഞ്ഞു.കര്‍ഷകരുടെ വരുമാനം 2022-ഓടെ ഇരട്ടിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

രണ്ടു വര്‍ഷം മുന്‍പു വരെ പത്രങ്ങളില്‍ അഴിമതിക്കഥകളായിരുന്നു എന്നും. വലിയ നേതാക്കളാണ് അഴിമതിക്കേസുകളില്‍ കുടങ്ങിയത്.എന്നാല്‍ കഴിഞ്ഞ രണ്ടു കൊല്ലം കൊണ്ട് ചിത്രമാകെ മാറി. ഇന്ന് അത്തരം വാര്‍ത്തകളില്ല. തന്റെ സര്‍ക്കാരിനെതിരെ അത്തരം ആരോപണങ്ങള്‍ ഒന്നും ഉയര്‍ന്നിട്ടില്ല. യുപിഎ സര്‍ക്കാരിന്റെ പത്തു വര്‍ഷത്തെ അഴിമതി ഭരണ രാജ്യത്തെ എങ്ങനെ തകര്‍ത്തെറിഞ്ഞുവെന്ന് വിശദീകരിച്ച് മോദി തുടര്‍ന്നു.
സംസ്ഥാനങ്ങളെ കൂടുതല്‍ ശക്തരാക്കാനുള്ള നടപടികളാണ് തന്റെ സര്‍ക്കാര്‍ കൈക്കൊണ്ടത്.അവര്‍ക്കുള്ള കേന്ദ്രഫണ്ട് 35 ശതമാനത്തില്‍ നിന്ന് 65ശതമാനമായി വര്‍ദ്ധിപ്പിച്ചു. അദ്ദേഹം പറഞ്ഞു.

അടിസ്ഥാന സൗകര്യവികസനമാണ് കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന ലക്ഷ്യം. തന്റെ സര്‍ക്കാര്‍ റോഡ് നിര്‍മ്മാണം ഇരട്ടിയാക്കി. സ്‌കൂളുകളും ആശുപത്രികളും റോഡുകളും നിര്‍മ്മിച്ച് പാവപ്പെട്ടവരുടെ ജീവിതത്തില്‍ വലിയ മാറ്റം വരുത്തുകയാണ് തന്റെ സര്‍ക്കാരിന്റെ ദൗത്യം. രാജ്യത്ത് വലിയ പരിവര്‍ത്തനമാണ് വന്നുകൊണ്ടിരിക്കുന്നത്. ചിലര്‍ ഇന്നും ഇത് കണ്ടിട്ടില്ല. കോണ്‍ഗ്രസുകാരെ പരോക്ഷമായി പരാമര്‍ശിച്ച് മോദി പറഞ്ഞു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 29ന് ദല്‍ഹിയില്‍ വന്‍പരിപാടിയാണ് സംഘടിപ്പിച്ചിട്ടുള്ളത്.

കഴിഞ്ഞ രണ്ടുവര്‍ഷമായി സാമ്പത്തിക വളര്‍ച്ച ഏഴര ശതമാനത്തില്‍ എത്തിച്ച സര്‍ക്കാര്‍ ഇത് ഈ വര്‍ഷം എട്ടുശതമാനത്തിനു മുകളില്‍ എത്തിക്കാനാണ് ശ്രമിക്കുക. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ നിലനിര്‍ത്തുക, വളര്‍ച്ച ഭദ്രമാക്കുക, ഭരണം കൂടുതല്‍ കാര്യക്ഷമമാക്കുക എന്നിവയ്ക്കായിരിക്കും മുന്‍തൂക്കം നല്‍കുക. വരുന്ന രണ്ടു വര്‍ഷം കൊണ്ട് ഗ്രാമീണ മേഖലകള്‍ പൂര്‍ണ്ണമായും വൈദ്യുതീകരിക്കും. 60,000 ഗ്രാമങ്ങളിലേക്ക് മെച്ചപ്പെട്ട റോഡുകള്‍ നിര്‍മ്മിക്കും.

Show More

Related Articles

Close
Close