മദ്യശാലയുടെ ചുമരില്‍ കൂളിംഗ് ഗ്ലാസ് വെച്ച ‘മോഡേണ്‍ ബാപ്പു’; പ്രതിഷേധം കത്തുന്നു

ദുബൈയിലെ മദ്യശാലയുടെ ചുമരില്‍ ഗാന്ധിജിയുടെ ചിത്രം. ഇന്ത്യന്‍ മാനേജ്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലയില്‍ തന്നെയാണ് ഗാന്ധിയുടെ ചിത്രം വരച്ചിരിക്കുന്നത്. ഗാന്ധിജിയുടെ 150ാം ജന്‍മവാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക ആദര പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഇന്ത്യയും യുഎഇയും ഒരുങ്ങുന്നതിനിടെയാണ് ഇന്ത്യക്കാരുടെ ഭാഗത്തു നിന്ന് ഇത്തരമൊരു പവൃത്തി. സംഭവത്തില്‍ പ്രവാസികളുടെ ഇടയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

ബര്‍ദുബൈയിലെ മദ്യശാലയുടെ ചുമരിലാണ് കണ്ണടവെച്ച ‘മോഡേണ്‍ ബാപ്പു’ എന്ന ചിത്രം പതിപ്പിച്ചത്. മദ്യപാനികള്‍ ഗ്ലാസുകളും കുപ്പികളുമായി ചിത്രത്തിനരികില്‍ പോസ് ചെയ്ത് എടുത്ത ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ആഢംഭര മദ്യശാലയിലെ കളര്‍ഫുള്‍ ചിത്രത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

പ്രതിഷേധം കനത്തതോടെ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിഷയത്തില്‍ ഇടപെട്ടു. അടിയന്തിരമായി ചിത്രം നീക്കണമെന്ന് സ്ഥാപനത്തോട് ആവശ്യപ്പെട്ടതായി കോണ്‍സുലേറ്റ് ജനറല്‍ വിപുല്‍ അറിയിച്ചു. ഒട്ടനവധി പേര്‍ പരാതിപ്പെട്ട സാഹചര്യത്തില്‍ പ്രശ്‌നം ഇവിടുത്തെ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മോഡേണ്‍ ചിത്രം ഗാന്ധിജിയെ ഉദ്ദേശിച്ചല്ലെന്നും ഇതൊരു കലാരൂപം മാത്രമാണെന്നുമാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. ഇന്ത്യയുടെ പാരമ്പര്യത്തെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഉപഭോക്താക്കള്‍ ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായമാണ് പറയുന്നതെന്നും മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

Show More

Related Articles

Close
Close