മോളിവുഡ് പെരുന്നാള്‍ ആഘോഷിക്കാനൊരുങ്ങി

ലോകം പെരുനാള്‍ ആഘോഷത്തിന്റെ ഒരുക്കത്തിലാണ്. ഈദിനെ വരവേല്‍ക്കാന്‍ മലയാള സിനിമയും ഒരുങ്ങിക്കഴിഞ്ഞു.മലയാളികളുടെ പെരുനാള്‍ ആഘോഷത്തിന് രസം പകരാന്‍ ഇത്തവണ മോളിവുഡില്‍ നിന്നെത്തുന്നത് നാല് ചിത്രങ്ങളാണ്. മമ്മൂട്ടി നായകനായ കസബ, മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന കരിങ്കുന്നം സിക്‌സസ്, കുഞ്ചാക്കോ ബോബന്‍ ജയസൂര്യ ടീമിന്റെ ഷാജഹാനും പരീക്കുട്ടിയും, ബിജു മേനോന്‍ ആസിഫ് അലി കൂട്ടുകെട്ടിന്റെ അനുരാഗ കരികികന്‍ വെള്ളം എന്നിവയാണ്.
ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് യൂണിഫോമിലെത്തിയ ചിത്രമാണ് കസബ. നിധിന്‍ രണ്‍ജി പണിക്കര്‍ രചനയും സംവിധാനം നിര്‍വഹിക്കുന്ന കസബ പെരുന്നാള്‍ പിറ്റേന്ന് തിയറ്ററുകളിലെത്തും. വരലക്ഷ്മിയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ആലീസ് ജോര്‍ജ്ജ് ആണ് നിര്‍മ്മാണം. രാഹുല്‍ രാജ് സംഗീതവും സമീര്‍ ഹക്ക് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.  നിതിന്‍ തന്നെയാണ് കഥയെഴുതിയിരിക്കുന്നതും. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുകളും കൊണ്ട് ഇതിനോടകം തന്നെ ചിത്രവും ഹിറ്റായിക്കഴിഞ്ഞു.

മഞ്ജു വാര്യരെ വോളിബോള്‍ കോച്ചാക്കി ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കരിങ്കുന്നം സിക്‌സസ്. മഞ്ജുവിന്റെ ഭര്‍ത്താവ് അബിയായി അനൂപ് മേനോനും വേഷമിട്ടിട്ടുണ്ട്. അനൂപ് മേനോന്‍, സുരാജ് വെഞ്ഞാറമൂട്. മണിക്കുട്ടന്‍, ബാബു ആന്റണി, ലെന, ബൈജു, സന്തോഷ് കീഴാറ്റൂര്‍, സുദേവ് നായര്‍, ജേക്കബ് ഗ്രിഗറി, പദ്മരാജ് രതീഷ്, നന്ദു, മേജര്‍ രവി തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട് ചിത്രത്തില്‍.അരുണ്‍ ലാല്‍ രാമചന്ദ്രനാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ബാക്ക്വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോനും അനില്‍ ബിശ്വാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ആസിഫ് അലിയും ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് അനുരാഗ കരിക്കിന്‍ വെള്ളം. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്,സന്തോഷ് ശിവന്‍,ഷാജി നടേശ്വന്‍,ആര്യ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രാഹകന്‍ ഷൈജു ഖാലിദിന്റെ സഹോദരന്‍ റഹ്മാന്‍ ഖാലിദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവീന്‍ ബാസ്‌ക്കര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം ഒരു കോമഡി റൊമാന്റിക് രൂപത്തിലാണ് ഒരുക്കിയിരിക്കുന്നത്.ആശാ ശരത്,സുദീപ് കോപ്പ,ശ്രീനാഥ് ഭാസി,സൗഭിന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ബിജു മേനോന്റെ ഭാര്യയായാണ് ആശാ ശരത് എത്തുന്നത്. പ്രാശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വ്വിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ജിന്‍ഷി ഖാലിന്റേതാണ്.
കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഷാജഹാനും പരീക്കുട്ടിയും. ബോബന്‍ സാമുവല്‍ സംവിധാനംചെയ്ത ചിത്രത്തില്‍ അമല പോളാണ് നായിക. സൂരാജ് വെഞ്ഞാറമൂട്, സൈജുകുറുപ്പ്, വിജയരാഘവന്‍, ശ്രീജിത് രവി, കലാഭവന്‍ ഷാജോണ്‍, കുഞ്ചന്‍, ഇര്‍ഷാദ്, ലിഷോയ്, കൊച്ചുപ്രേമന്‍, സുനില്‍ സുഖദ, ഹരീഷ് കണാരന്‍, കലാഭവന്‍ ഹനീഫ്, സംവിധായകന്‍ റാഫി, ലെന, വിനയപ്രസാദ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം: അനീഷ്‌ലാല്‍, തിരക്കഥ: വൈ വി രാജേഷ്. ഗാനങ്ങള്‍: ബി കെ ഹരിനാരായണന്‍, നാദിര്‍ഷ. സംഗീതം: ഗോപിസുന്ദര്‍, നാദിര്‍ഷ. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് നിര്‍മിച്ചത്.

 

Show More

Related Articles

Close
Close