തദ്ദേശതിരഞ്ഞെടുപ്പ് : കോടതി തീരുമാനം അംഗീകരിക്കും: കെ.സി.ജോസഫ്

K C Joseph
തദ്ദേശ തിരഞ്ഞെടുപ്പിൽ കോടതി തീരുമാനം അനുസരിക്കുമെന്നു മന്ത്രി കെ.സി.ജോസഫ്. ‌‌‌‌പുനര്‍വിഭജനം അനുസരിച്ചു തദ്ദേശതിരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും കോടതി തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശഭരണതിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ടുപോകാന്‍ അനുവദിക്കണമെന്ന സര്‍ക്കാരിന്‍റെ അപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. പുതിയ പഞ്ചായത്തുകളുടെ രൂപീകരണം റദ്ദാക്കിയ സിംഗിള്‍ ബഞ്ച് ഉത്തരവിന് സ്റ്റേ ലഭിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ ആവശ്യം ഉന്നയിച്ചത്. സമയബന്ധിതമായി തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കണമെങ്കില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ വൈകുന്ന സാഹചര്യം ഒഴിവാക്കണം പുതിയ തദ്ദേശഭരണസമതികള്‍ നവംബര്‍ ഒന്നിന് അധികാരമേല്‍ക്കേണ്ടതുണ്ടെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റീസ് അശോക് ഭൂഷണും ജസ്റ്റീസ് എ എം ഷെഫീക്കും അടങ്ങിയ ഡിവിഷന്‍ ബഞ്ച് അപേക്ഷയില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്. 2010ലെ തിരഞ്ഞെടുപ്പ് മാനദണ്ഡമാക്കിയാല്‍ സര്‍ക്കാര്‍ പറഞ്ഞതുപോലെ നവംബര്‍ 1നകം തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയെ അറിയിച്ചു.

ഒക്ടോബറില്‍ തന്നെ തദ്ദേശഭരണതെരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങളുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുപോകുകയാണ് ഇതിനുള്ള നടപടികള്‍ കമ്മീഷന്‍ തുടങ്ങി. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം വിലക്കിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ.ശശിധരന്‍ നായര്‍, ചീഫ് സെക്രട്ടറിക്കു കത്തു നല്‍കി. ഇന്നു മുതല്‍ സ്ഥലം മാറ്റംപാടില്ലെന്നാണു നിര്‍ദ്ദേശം. സ്ഥലം മാറ്റം അനിവാര്യമായ സാഹചര്യമാണെങ്കില്‍ കമ്മീഷന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. തിരഞ്ഞെടുപ്പ് ജോലികള്‍ നിര്‍വഹിക്കാന്‍ ആവശ്യമായ ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ ഉടന്‍ നികത്തണമെന്നും കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close