ചിദംബരത്തിന്റെ വീട്ടില്‍നിന്ന് സിബിഐയുടെ രഹസ്യരേഖ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

2013ൽ സി.ബി.ഐ മുദ്ര വച്ച കവറിൽ സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നതെന്നു കരുതുന്ന  എയര്‍സെല്‍ മാക്‌സിസ് കേസിലെ സിബിഐയുടെ രഹസ്യരേഖകള്‍ മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു. അതേസമയം ഇതിൽ സി.ബി.ഐ ഡയറക്ടറുടെ ഒപ്പില്ല. ഈ വർഷം ജനുവരി 13നാണ് കേസുമായി ബന്ധപ്പെട്ട് ചിദംബരത്തിന്റെ ഡൽഹിയിലെ വസതിയിൽ എൻഫോഴ്സ്‌മെന്റ് റെയ്ഡ് നടത്തിയത്. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ വസതിയാണെന്ന് കരുതിയാണ് എൻഫോഴ്സ്‌മെന്റുകാർ എത്തിയത്.

രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് 2013 ഓഗസ്റ്റ് ഒന്നിനാണു ജസ്റ്റിസുമാരായ ജി.എസ്.സിങ്‌വി, കെ.രാധാകൃഷ്ണൻ എന്നിവരുടെ മുന്നില്‍ സിബിഐ റിപ്പോർട്ടു നൽകിയത്. മുദ്രവച്ച കവറിൽ നൽകിയ റിപ്പോർട്ട് കോടതിയുടെ മാത്രം പരിഗണനയ്ക്കുള്ളതാണ്. അതു മറ്റാർക്കും ലഭ്യമാക്കേണ്ടതില്ല. എന്നാൽ അത്തരത്തിലൊരു റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതിനു മുൻപുതന്നെ ചിദംബരത്തിനു കിട്ടിയിരുന്നെന്ന ആരോപണം ഗുരുതരമാണ്. 2006ൽ ചിദംബരം കേന്ദ്ര ധനമന്ത്രിയായിരിക്കെ എയർസെൽ – മാക്സിസ് കമ്പനിയിൽ വിദേശ നിക്ഷേപം കൊണ്ടുവരാൻ ഫോറിൻ ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ബോർഡിനു ക്രമവിരുദ്ധമായി അനുമതി നൽകിയതായാണു കേസ്. ചിദംബരത്തിന്റെ മകൻ കാർത്തിക്കു ഗുരുഗ്രാമിലുണ്ടായിരുന്ന വസ്തു ഒരു ബഹുരാഷ്ട്ര കമ്പനിക്കു ‘കൈമാറി’ 2013ൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി സംഘടിപ്പിച്ചെടുക്കുകയായിരുന്നു എന്നാണ് ആരോപണം.

എഫ്ഐപിബി അനുമതി ലഭിച്ചയുടനെ എയർസെൽ ടെലിവെഞ്ചേഴ്സ് 26 ലക്ഷം രൂപ എഎസ്‍സിപിഎല്ലിനു കൈമാറി. കാർത്തിക്കും ബന്ധുവായ എ.പളനിയപ്പനും ബന്ധമുള്ള മറ്റൊരു കമ്പനിക്കു മാക്സിസ് ഗ്രൂപ്പ് രണ്ടുലക്ഷം ഡോളർ കൈമാറിയതായും ഇഡി അറിയിച്ചു. ടുജി ലൈസൻസ് വാങ്ങി നൽകാൻ കാർത്തി വാങ്ങിയ കോഴയാണിതെന്നാണ് ആരോപണം.

Show More

Related Articles

Close
Close