കെ.എം ഷാജിയുടെ അയോഗ്യത: തന്ത്രിമാര്‍ക്കും കിരീടവും ചെങ്കോലുമില്ലാത്ത രാജാക്കന്മാര്‍ക്കും ഇതൊക്കെ ഒരു പാഠമായാല്‍ കൊള്ളാമെന്ന് മന്ത്രി സുധാകരന്‍

വര്‍ഗീയതയും ജാതിയും കൊണ്ട് കളിക്കുന്നവര്‍ ആരായാലും അവര്‍ കെ.എം ഷാജി എം.എല്‍.എയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി ഒരു പാഠമാകണമെന്ന് മന്ത്രി ജി.സുധാകരന്‍. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയ്ക്കും ഇതൊരു പാഠമാകണം. ചാതുര്‍വര്‍ണ്ണ്യത്തില്‍ അഭിരമിക്കുന്ന അഭിനവ തന്ത്രിമാര്‍ക്കും കിരീടവും ചെങ്കോലുമില്ലാത്ത രാജാക്കന്മാര്‍ക്കും ഇതൊക്കെ ഒരു പാഠമായാല്‍ കൊള്ളാമെന്നും സുധാകരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

കെ. സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വര്‍ഗ്ഗീയതയും ജാതിയും കൊണ്ട് കളിക്കുന്നവര്‍ ആരായാലും അവര്‍ക്ക് ഹൈക്കോടതി വിധി ഒരു പാഠമാകണം. ഒരു താക്കീതും ഗുണപാഠവുമാണിത്. ബി.ജെ.പി പ്രസിഡന്റ് ശ്രീധരന്‍പിള്ളയ്ക്കും ഇതൊരു പാഠമാകണം. എല്ലാ വര്‍ഗ്ഗീയ വാദികള്‍ക്കും ഈ വിധി ഒരു പാഠമാകും. ചാതുര്‍വര്‍ണ്ണ്യത്തില്‍ അഭിരമിക്കുന്ന അഭിനവ തന്ത്രിമാര്‍ക്കും കിരീടവും ചെങ്കോലുമില്ലാത്ത രാജാക്കന്മാര്‍ക്കും ഇതൊക്കെ പാഠമായാല്‍ കൊള്ളാം. ശബരിമലയുടെ പേരില്‍ പതിനെട്ടാം പടിയില്‍ കയറി നിന്ന് പ്രസംഗിക്കുന്നവര്‍ക്ക് കേരള ചരിത്രത്തില്‍ എവിടെയാണ് സ്ഥാനം നല്‍കേണ്ടതെന്ന് സ്വതന്ത്രമായി ചിന്തിക്കേണ്ട സമയമാണിത്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞത് പോലെ വോട്ടും, സീറ്റും നോക്കിയല്ല ഒരു പുരോഗമനവാദി നയങ്ങള്‍ പ്രഖ്യാപിക്കുന്നതും, തീരുമാനം എടുക്കുന്നതും. സ: കോടിയേരി പ്രഖ്യാപിച്ചത് പോലെ ഒരു സീറ്റ് പോലും കിട്ടിയില്ലെങ്കിലും ആദര്‍ശ്ശം ഞങ്ങള്‍ കൈവിടില്ല. മാതൃഭൂമിയിലെ ഉണ്ണിബാലകൃഷ്ണനുമായ അഭിമുഖത്തില്‍ ഈ പ്രശ്‌നം ഞാന്‍ ശക്തമായി ഉന്നയിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞ് നടക്കുകയും ബി.ജെ.പിയെ പോലെ ചിന്തിക്കുകയും ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധ്യമല്ല. ഞങ്ങള്‍ മാനവികതയുടെ കൂടെയാണ്. വിശ്വാസികളുടെ കൂടെയാണ്, സ്ത്രീകളുടെ കൂടെയാണ്. ഞങ്ങളെ ഇതിന്റെ പേരില്‍ കേരളത്തിലെ ഒരു പഞ്ചായത്ത് സീറ്റില്‍ പോലും തോല്‍പ്പിക്കാന്‍ സാധ്യമല്ല. പിന്നെയല്ലേ നിയമസഭ. നിയമസഭയില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാരിന്റെ പിന്തുണ വര്‍ദ്ധിക്കും. ഇടതുപക്ഷ മുന്നണി കൂടുതല്‍ ശക്തിപ്പെടും. ഭീരുക്കള്‍ ആകാന്‍ എളുപ്പമാണ്. ധൈര്യമുള്ളവരാകാന്‍ കുറച്ച് പ്രയാസമാണ്. പക്ഷെ ധൈര്യമുള്ളവര്‍ക്ക് അത് ഒട്ടും പ്രയാസകരവുമല്ല. അതാണ് ലോക ചരിത്രം. അഴീക്കോട് തെരഞ്ഞെടുപ്പ് വിധിയില്‍ വര്‍ഗ്ഗീയത വെച്ച് രാഷ്ട്രീയം കളിക്കുന്ന എല്ലാവരും ഞെട്ടുക തന്നെ ചെയ്യും. ഇന്ത്യന്‍ നീതിന്യായ കോടതിക്ക് ഭരണഘടന പ്രകാരം വിധി പ്രഖ്യാപിക്കാന്‍ കഴിയുമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്.

Show More

Related Articles

Close
Close