സിപിഎം വഞ്ചിച്ചെന്ന്‌ ഗൗരിയമ്മ

ജെഎസ്എസിനു സീറ്റു നല്‍കാതെ സിപിഎം വഞ്ചിച്ചെന്ന് കെആര്‍ ഗൗരിയമ്മ. സീറ്റില്ലെങ്കില്‍ അക്കാര്യം നേരത്തെ പറയണമായിരുന്നു. എങ്കില്‍, പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാമായിരുന്നു. അതിനുള്ള മാന്യത പോലും സിപിഎം കാട്ടിയില്ല. സ്ഥാനാര്‍ത്ഥികളെ നോക്കി വോട്ടു ചെയ്യുക എന്ന തീരുമാനമാണ് സംസ്ഥാന സെന്റര്‍ സംസ്ഥാന കമ്മിറ്റിക്കു മുമ്പില്‍ വെച്ചിരിക്കുന്നത്. സീറ്റു നല്കില്ലെന്ന കാര്യം സിപിഎം നേരത്തെ അറിയിച്ചിരുന്നെങ്കില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതടക്കമുള്ള തീരുമാനം എടുക്കുമായിരുന്നു. എന്‍ഡിഎ യിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന ബിജെപി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പ്രസ്താവനയെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് ഗൗരിയമ്മ മറുപടി നല്‍കി.

സ്വാഗതം ചെയ്തതില്‍ സന്തോഷമുണ്ടെന്നായിരുന്നു ഗൗരിയമ്മയുടെ മറുപടി. ബിജെപിയുടെ സാമുദായിക രാഷ്ട്രീയത്തെ മാത്രമാണ് ജെഎസ്എസ് എതിര്‍ക്കുന്നത്. ബിജെപിയേക്കാള്‍ തീവ്രമായ സാമുദായിക രാഷ്ട്രീയമുള്ള പാര്‍ട്ടികളുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ രാജന്‍ബാബു വിളിക്കുന്നിടത്തുപോകുന്നതല്ല തന്റെ നയമെന്നും ഗൗരിയമ്മ വ്യക്തമാക്കി. വിളിച്ചുണര്‍ത്തി ആഹാരമില്ലെന്നു പറയുന്ന നിലപാടാണ് സീറ്റിന്റെ കാര്യത്തില്‍ സിപിഎം സ്വീകരിച്ചത്. ഇതില്‍ സങ്കടമല്ല, അമര്‍ഷമാണുള്ളതെന്നും അവര്‍ പറഞ്ഞു. സിപിഎംല്‍ ലയിക്കുന്ന കാര്യം താന്‍ പറഞ്ഞിമായിരുന്നു എന്ന കാര്യം മറക്കരുതെന്നും ഗൗരിയമ്മ പറഞ്ഞു. വലിയ പാര്‍ട്ടിയായാലും ചെറിയ പാര്‍ട്ടിയായലും വഞ്ചന ശരിയല്ല. രാഷ്ട്രീയ പ്രവര്‍ത്തനം എന്നാല്‍ നിയമസഭയിലെത്തുക എന്നതു മാത്രമല്ല. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ നിയമസഭയില്‍ പോണമെന്നില്ലെന്നും ഗൗരിയമ്മ പറഞ്ഞു. സിപിഎം സീറ്റു നല്കാത്ത സാഹചര്യത്തില്‍ എന്തു നിലപാടു സ്വീകരിക്കണമെന്ന് ഒമ്പതിനു ആലപ്പുഴയില്‍ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തീരുമാനിക്കും. സംസ്ഥാന സെന്ററിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗൗരിയമ്മ

Show More

Related Articles

Close
Close