ജിഡിപി കുറഞ്ഞതിന് ഇന്ത്യക്കാരല്ലാതെ പുറത്തുള്ള ഒരു രാജ്യക്കാരും കുറ്റം പറയില്ലെന്ന് യൂറോപ്യന്‍ കമ്മീഷന്‍

ഇന്ത്യയുടെ ആഭ്യന്തര മൊത്ത ഉല്‍പാദനം(ജിഡിപി) കുറഞ്ഞതിന് ഇന്ത്യക്കാര്‍ മാത്രമേ കുറ്റം പറയുകയുള്ളൂവെന്ന് യൂറോപ്യന്‍ കമ്മീഷന്‍. പല യൂറോപ്യന്‍ രാജ്യങ്ങളും കണക്കുകൂട്ടി വച്ചിരിക്കുന്നതിനെക്കാള്‍ മികച്ച വളര്‍ച്ചയാണ് ഇന്ത്യ നേടിയിരിക്കുന്നതെന്നും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഴാങ് ക്ലോദ് ജങ്കര്‍ പറഞ്ഞു. ഇന്ത്യ- യൂറോപ്യന്‍ ബിസിനസ് ഫോറത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. യൂറോപ്പുമായി തട്ടിച്ചു നോക്കുമ്പോള്‍ 5.7 ശതമാനമെന്നത് ഇന്ത്യ മികച്ച രീതിയില്‍ മുന്നേറുന്നുവെന്നാണ് വ്യക്തമാക്കുന്നത്.  ഇന്ത്യ മോശമെന്നു പറഞ്ഞുവച്ചിരിക്കുന്ന ജിഡിപി നിരക്ക് യൂറോപ്പിനെ സംബന്ധിച്ച് മികച്ച വളര്‍ച്ചയാണ്. ഇന്ത്യക്കാര്‍ ‘ഇടിവ്’ എന്നു വിളിക്കുന്നതിനെയോര്‍ത്ത് തനിക്ക് യാതൊരു വേവലാതിയുമില്ലെന്നും ജങ്കര്‍ പറഞ്ഞു.

മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 5.7 ശതമാനത്തില്‍ ജിഡിപി എത്തിയതിന് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. 6.1 ശതമാനമായിരുന്നു ഈ വര്‍ഷമാദ്യം ഇന്ത്യയുടെ ജിഡിപി നിരക്ക്. എന്നാല്‍ ഏപ്രില്‍–ജൂണ്‍ പാദത്തില്‍ അത് 5.7 ശതമാനമായി കുറയുകയായിരുന്നു. അതേസമയം, ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ ഇനി ഇന്ത്യയുമായി വ്യാപാര ഇടപാടുകള്‍ കൂടുതല്‍ എളുപ്പമാകുമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ പറഞ്ഞു. രാജ്യത്തെ സാമൂഹിക–സാമ്പത്തിക മുന്നേറ്റത്തിന് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെയും യൂണിയന്‍ പ്രശംസിച്ചു. മേക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളില്‍ പങ്കാളികളാകാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. പതിനാലാം ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വാര്‍ഷിക ഉച്ചകോടിയുടെ ഭാഗമായുള്ള സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സാമ്പത്തിക മേഖലയില്‍ ഇന്ത്യയ്ക്കുണ്ടായ പിന്നോട്ടുപോക്ക് ജിഎസ്ടിയെ തുടര്‍ന്നുണ്ടായ താത്കാലിക ‘വഴിതെറ്റലിന്റെ’ ഭാഗമെന്ന് ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിമ്മും അഭിപ്രായപ്പെട്ടിരുന്നു. ജിഎസ്ടി നടപ്പാക്കുമ്പോഴുണ്ടായ സാങ്കേതിക പിഴവുകളാണ് ഇതിന് പിന്നില്‍. ഉടന്‍ കൂടുതല്‍ സാമ്പത്തിക വളര്‍ച്ചയിലേക്ക് തിരിച്ചുവരാന്‍ ഇന്ത്യക്കാകുമെന്നും ജിം യോങ് വ്യക്തമാക്കി. രാജ്യത്തെ വ്യവസായ മേഖലയുടെ നേട്ടത്തിനായുള്ളപ്രധാന മന്ത്രിയുടെ പ്രവര്‍ത്തനങ്ങളെയും ജിം പ്രശംസിച്ചു. വ്യവസായിക മേഖലയുടെ വികാസത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി മികച്ച കാര്യങ്ങളാണ് നടത്തുന്നത്. വൈകാതെ അത് ഫലം കാണുമെന്ന് പ്രതീക്ഷിക്കാം. മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ സ്വച്ഛ് ഭാരത് അഭിയാന്‍ വളരെ പ്രധാനപ്പെട്ടതാണെന്നും യുഎസില്‍ നടക്കുന്ന ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും യോഗത്തില്‍ പങ്കെടുക്കാനെത്തിയ ജിം യോങ് മാധ്യമങ്ങളോട് വ്യക്തമാക്കി.

Show More

Related Articles

Close
Close