ജർമനിക്കു ജയം, ഗോൾവേട്ടയിൽ സിദാനെ മറികടന്ന് ജിറൂദ്

യുവേഫ നാഷൻസ് ലീഗിലും അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിലുമായി നടന്ന വിവിധ പോരാട്ടങ്ങളിൽ ജർമനിക്കും ഫ്രാൻസിനും ജയം. അതേ സമയം ബെയ്ലിന്റെ നേതൃത്വത്തിൽ ഇറങ്ങിയ വെയ്ൽസ് ഡെന്മാർക്കിനോടു തോൽവി വഴങ്ങി. അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ പെറുവിനെയാണ് ജർമനി തോൽപിച്ചത്. ജർമനിയെ ഞെട്ടിച്ച് ആദ്യ ഗോൾ പെറു നേടിയെങ്കിലും ഇരു പകുതികളിലുമായി രണ്ടു ഗോൾ നേടി ജർമൻ പട വിജയം നേടുകയായിരുന്നു. അസിൻഡുലയുടെ ഗോളിൽ പെറു മുന്നിലെത്തിയെങ്കിലും മൂന്നു മിനുട്ടിനകം തന്നെ ജൂലിയൻ ബ്രാൻഡ്ടിലൂടെ ജർമനി സമനില നേടി. കളി സമനിലയിലേക്കു പോകുമെന്നു തോന്നിച്ച സമയത്താണ് ആദ്യ മത്സരം കളിക്കുന്ന നികോള ഷൂൾസ് ജർമനിയുടെ വിജയ ഗോൾ നേടിയത്. പെറു ഗോൾകീപ്പറുടെ പിഴവാണ് ജർമനിയുടെ വിജയഗോളിനു വഴിയൊരുക്കിയത്.

യുവേഫ നാഷൻസ് ലീഗിൽ ഫ്രാൻസും നെതർലൻഡ്സും തമ്മിൽ നടന്ന മത്സരത്തിൽ ലോക ചാമ്പ്യന്മാർ വിജയം നേടി. നെതർലൻഡ്സ് ഒട്ടനവധി അവസരങ്ങൾ തുലച്ച മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ വിജയം. ആദ്യ പകുതിയിൽ എംബാപ്പെയും രണ്ടാം പകുതിയിൽ ജിറൂദുമാണ് ഫ്രാൻസിന്റെ ഗോളുകൾ നേടിയത്. നെതർലൻഡ്സിന്റെ ഗോൾ ബെസിക്റ്റസ് താരം റയൻ ബാബേലിന്റെ വകയായിരുന്നു. വളരെ മത്സരങ്ങൾക്കു ശേഷമാണ് ഫ്രാൻസിനു വേണ്ടി ജിറൂദ് ഗോൾ നേടുന്നത്. ഇതോടെ ഫ്രാൻസിനു വേണ്ടി മുപ്പത്തിരണ്ടു ഗോളുകൾ നേടിയ താരം ഗോൾ വേട്ടയിൽ സിദാനെ മറികടന്നു. മത്സരത്തിൽ ബാഴ്സലോണയുടെ സെക്കൻഡ് ഗോൾകീപ്പർ സില്ലസൻ തകർപ്പൻ പ്രകടനമാണ് ഹോളണ്ടിനു വേണ്ടി കാഴ്ച വെച്ചത്.

ബെയ്ൽ ആദ്യമായി നായകനായ മത്സരത്തിൽ ഡെന്മാർക്കിനെതിരെ വെയ്ൽസ് ഡെന്മാർക്കിനെതിരെ തോൽവി വഴങ്ങി. ഇരുപകുതികളിലുമായി ടോട്ടനം ഹോസ്പർ താരം എറിക്സനാണ് ഡെന്മാർക്കിന്റെ ഗോളുകൾ നേടിയത്. പ്രതിഫലത്തർക്കം പരിഹരിച്ചതിനെ തുടർന്ന് പ്രധാന താരങ്ങളെല്ലാം ഡെന്മാർക്കിനു വേണ്ടി കളിക്കാനിറങ്ങിയിരുന്നു. കഴിഞ്ഞ മത്സരത്തിൽ അയർലൻഡിനെതിരെ നാലു ഗോളുകൾക്കു വിജയിച്ച വെയ്ൽസിന്റെ നിഴൽ പോലും ഇന്നലത്തെ മത്സരത്തിൽ കണ്ടില്ലെന്നതാണ് സത്യം. മത്സരത്തിന്റെ സമസ്ത മേഖലകളിലും ഡെന്മാർക്ക് ആധിപത്യം പുലർത്തിയിരുന്നു. തകർപ്പൻ ഷോട്ടിലൂടെ ആദ്യ ഗോൾ നേടിയ എറിക്സന്റെ രണ്ടാമത്തെ ഗോൾ പെനാൽട്ടിയിലൂടെയായിരുന്നു.

 

 

Show More

Related Articles

Close
Close