ഗോധ്ര ട്രെയിന്‍ കൂട്ടക്കൊല; രണ്ടുപേര്‍ക്ക് കൂടി ജീവപര്യന്തം, മൂന്നുപേരെ വെറുതെവിട്ടു

2002ല്‍ ഗുജറാത്തിലെ ഗോധ്ര റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് സബര്‍മതി ട്രെയിനിന്റെ ബോഗികള്‍ക്ക് തീയിട്ട് 58 പോരെ ചുട്ടെരിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്ക് കൂടി ജീവപര്യന്തം. പ്രത്യേക കോടതിയാണ് തിങ്കളാഴ്ച രണ്ടുപേര്‍ക്കെതിരെ ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഗോധ്രാ സംഭവം ഗുജറാത്തില്‍ വലിയ തോതിലുള്ള വര്‍ഗീയ കലാപങ്ങള്‍ അഴിച്ചു വിട്ടിരുന്നു. 2015-16 കാലഘട്ടത്തില്‍ അഞ്ച് പ്രതികളെ വിവിധ ഏജന്‍സികള്‍ അറസ്റ്റ് ചെയ്യുകയും സുപ്രീം കോടതി നിയോഗിച്ച പ്രത്യേക കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു.

ഫറൂഖ് ബന, ഇമ്രാന്‍ എന്നറിയപ്പെടുന്ന ഷേരു ബതിക് എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തി പ്രത്യേക കോടതി ജീവപര്യന്തം തടവിന് വിധിച്ചത്. അറസ്റ്റ് ചെയ്ത ഹുസൈന്‍ സുലൈമാന്‍ മോഹന്‍, കസം ഭമേഡി, ഫറൂഖ് ധന്തീയ എന്നിവരുടെ കുറ്റം തെളിയിക്കാനാകാത്തതിനാല്‍ കോടതി വെറുതെവിട്ടു. കേസിന്റെ വിചാരണ നടന്ന സബര്‍മതി ജെയിലില്‍ വച്ച് തന്നെയാണ് വിധിയും പുറപ്പെടുവിച്ചത്.

നേരത്തെ ഗോധ്രാ കേസുമായി ബന്ധപ്പെട്ട് 31 പേരെ പ്രത്യേക കോടതി ശിക്ഷിച്ചിരുന്നു. അതില്‍ പതിനൊന്ന് പേരെ വധശിക്ഷയ്ക്ക് വിധിച്ചപ്പോള്‍ 20 പേര്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്.

2016 മേയില്‍ ഗുജറാത്ത് ഭീകരവിരുദ്ധ സേനയാണ് ബാനയെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ പ്രധാന ഗൂഢാലോചന ഇയാളുടേതാണെന്ന് ഗുജറാത്ത് പൊലീസ് കണ്ടെത്തിയിരുന്നു. 2002ല്‍ ട്രെയിന്‍ കത്തിച്ചതിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. എന്നാല്‍ കുടുംബത്തെ കാണാനായി ഇയാള്‍ എത്താറുണ്ടായിരുന്നു. പഞ്ചമഹല്‍ ജില്ലയിലെ ടോള്‍ പ്ലാസയില്‍ കുടുംബാംങ്ങളെ കാണാന്‍ കാത്തിരിക്കവെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

2016-ല്‍ മഹാരാഷ്ട്രയിലെ മലെഗാവില്‍ വച്ചാണ് ഇമ്രാന്‍ എന്ന ഷേരു ബട്ടൂകിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഗോധ്രയില്‍ ഗൂഡാലോചനയിലും ട്രെയിന്‍ കത്തിച്ചതിലും ഇയാള്‍ പങ്കാളിയായിരുന്നു.

Show More

Related Articles

Close
Close