ഗൂഗിള്‍ 3D മാപ്പിങ്ങ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു.

tec 1-3d-google-maps-screenചുറ്റുമുള്ള ലോകത്തെ അതിന്റെ ശരിയായ അളവുകളിലും അനുപാതത്തിലും മനസിലാക്കാനും മാപ്പ് ചെയ്യാനും ശേഷിയുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ ഗൂഗിള്‍ അവതരിപ്പിച്ചു. യൂസറിന്റെ ചുറ്റുപാടിന്റെ ത്രിമാന മാപ്പ് സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ് പുതിയ ഫോണ്‍ .

ഗൂഗിളിന്റെ ‘അഡ്വാന്‍സ്ഡ് ടെക്‌നോളജി ആന്‍ഡ് പ്രോജക്ട്‌സ്’ ( ATAP ) വിഭാഗം, ‘പ്രോജക്ട് ടാന്‍ഗോ ( Project Tango ) എന്ന പദ്ധതിയുടെ ഭാഗമായാണ് ത്രിഡി സെന്‍സറുകളോടുകൂടിയ അഞ്ചിഞ്ച് സ്മാര്‍ട്ട്‌ഫോണിന്റെ പ്രാഥമികരൂപം സൃഷ്ടിച്ചത്.

വീടിനുള്ളിലെ മുറികളുടെ യഥാര്‍ഥ അളവും അനുപാതവും മനസിലാക്കാന്‍ ഇത്തരം ഉപകരണങ്ങള്‍ സഹായിക്കും. കാഴ്ചക്കുറവുള്ളവര്‍ക്ക് അന്യസഹായമില്ലാതെ ഒരിടത്ത് സഞ്ചരിക്കാന്‍ ഇത് വലിയ അനുഗ്രഹമാകും.

‘നമ്മള്‍ ജീവിക്കുന്നത് ഒരു ത്രിമാന ഭൗതികലോകത്താണ്. പക്ഷേ, നമ്മുടെ മൊബൈലുകള്‍ ആ ഭൗതികലോകത്തെ മനസിലാക്കുന്നത് സ്‌ക്രീനിന്റെ പരിമിതിയില്‍ അവസാനിക്കുന്നു’-ഗൂഗിള്‍ പറഞ്ഞു. കൃത്യമായ അനുപാതത്തിലുള്ള മാപ്പുകള്‍ സൃഷ്ടിക്കാനും, എത്തേണ്ട സ്ഥാനം കൃത്യതയോടെ മനസിലാക്കാനും പുതിയ ഫോണുപയോഗിച്ച് കഴിയും.

മോട്ടറോളയെ ചൈനീസ് കമ്പനിയായ ലെനോവയ്ക്ക് വിറ്റപ്പോള്‍ , ആ വില്‍പ്പനയില്‍നിന്ന് ഒഴിവാക്കി ഗൂഗിള്‍ കൂടെ നിര്‍ത്തിയ മോട്ടറോള വിഭാഗമാണ് എ.ടി.എ.പി. വിഭാഗം. അതാണിപ്പോള്‍ , പുതിയ ത്രീഡി മാപ്പിങ് ആന്‍ഡ്രോയ്ഡ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

ആപ്ലിക്കേഷനുകള്‍ സൃഷ്ടിക്കാനായി ഡെവലപ്പര്‍മാര്‍ക്ക് ഉപയോഗിക്കാന്‍ പുതിയ ഫോണിന്റെ 200 മാതൃകകള്‍ ഗൂഗിള്‍ പുറത്തിറക്കുന്നുണ്ട്. 2014 മാര്‍ച്ച് 14 മുതല്‍ അവ ഡെവലപ്പര്‍മാര്‍ക്ക് ലഭ്യമാകും.

ഒരു 4 എംപി ക്യാമറ, രണ്ട് കമ്പ്യൂട്ടര്‍ വിഷന്‍ പ്രൊസസറുകള്‍ , ഇന്റഗ്രേറ്റഡ് ഡെപ്ത് സെന്‍സിങ്, ഒരു മോഷന്‍ ട്രാക്കിങ് ക്യാമറ തുടങ്ങിയവയൊക്കെ ഉള്ളതാണ് പുതിയ ഫോണ്‍ . ഫോണിലെ സെന്‍സറുകള്‍ക്ക് ഓരോ സെക്കന്‍ഡിലും രണ്ടരലക്ഷത്തിലധികം ത്രിമാന അളവുകള്‍ നിര്‍ണയിക്കാനും, തത്സമയം അതിന്റെ സ്ഥാനം അപ്‌ഡേറ്റ് ചെയ്യാനും സാധിക്കും.

ഏറെ നാളായുള്ള തയ്യാറെടുപ്പുകള്‍ വേണ്ടിവന്നു ഫോണിന്റെ ആദ്യരൂപം പുറത്തിറക്കാനെന്ന്, ‘പ്രോജക്ട് ടാന്‍ഗോ’യ്ക്ക് നേതൃത്വം നല്‍കുന്ന ജോണി ലീ അറിയിച്ചു. സ്‌പേസിനെയും ചലനത്തെയും സംബന്ധിച്ച കാര്യങ്ങള്‍ മനുഷ്യന്റെ തലത്തില്‍ മൊബൈലുകള്‍ക്ക് മനസിലാക്കാന്‍ അവസരമൊരുക്കുകയാണ് പ്രോജക്ട് ടാന്‍ഗോ ചെയ്യുകയെന്ന്, ലീ ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി, സര്‍വകലാശാലകള്‍ , ഗവേഷണകേന്ദ്രങ്ങള്‍ , വ്യവസായിക സ്ഥാപനങ്ങള്‍ എന്നിങ്ങനെ ഒന്‍പത് രാജ്യങ്ങളിലെ സ്ഥാപനങ്ങളുമായി ഈ പദ്ധതിക്കായി സഹകരിച്ചെന്ന് ലീ അറിയിച്ചു

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close