ഗൗരിക്കായി വാദിക്കുന്നവര്‍ കേരളത്തിലും കര്‍ണാടകയിലും ആര്‍എസ്എസ്സുകാര്‍ കൊല്ലപ്പെട്ടപ്പോള്‍ എവിടെപ്പോയിരുന്നു?: ബിജെപി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണവുമായി ബന്ധപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഉടലെടുത്ത വാക്‌പോര് മുറുകുന്നു. ഗൗരിയുടെ കൊലപാതകത്തെ രാഷ്ട്രീയവല്‍ക്കരിക്കാനാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ശ്രമമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് വിമര്‍ശിച്ചു. ജീവനു ഭീഷണി ഉണ്ടായിരുന്ന ഗൗരി ലങ്കേഷിന് മതിയായ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴ്ച വരുത്തിയതിനെയും അദ്ദേഹം ചോദ്യം ചെയ്തു. ഗൗരി ലങ്കേഷിന്റെ വധത്തെ ഒട്ടേറെ ബിജെപി നേതാക്കള്‍ അപലപിച്ചിട്ടുണ്ടെങ്കിലും, കൊലപാതകത്തോട് ബിജെപി നേതാക്കള്‍ മുഖം തിരിച്ചുനില്‍ക്കുന്നുവെന്ന തരത്തിലാണ് പ്രചാരണങ്ങളെന്നും പ്രസാദ് ചൂണ്ടിക്കാട്ടി.

ഗൗരിക്കു നീതി തേടി രംഗത്തുവന്നിട്ടുള്ള ബുദ്ധിജീവികളും സാമൂഹ്യപ്രവര്‍ത്തകരും കേരളത്തിലും കര്‍ണാടകയിലും ഒട്ടേറെ ആര്‍എസ്എസ്സുകാര്‍ കൊല്ലപ്പെട്ട സമയത്ത് എവിടെയായിരുന്നുവെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു. കപടതയും ഇരട്ടത്താപ്പുമാണ് ഇത്തരക്കാരുടെ മുഖമുദ്രയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നവലിബറല്‍ ആശയങ്ങളെക്കുറിച്ച് നമ്മെ ബോധവല്‍ക്കരിക്കുന്നവരാണ് ഇവരെല്ലാം. കേരളത്തിലും കര്‍ണാടകയിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ വായും പൂട്ടിയിരുന്ന ഇവരെല്ലാം ഈ മാധ്യമപ്രവര്‍ത്തകയ്ക്കായി മുറവിളി കൂട്ടുന്നു. കേരളത്തിലെ ആര്‍എസ്എസ് സ്വയംസേവകര്‍ക്ക് സ്വന്തമായി ഒരു പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കാനുള്ള അവകാശമില്ലേയെന്നും അദ്ദേഹം ചോദിച്ചു. മാവോയിസ്റ്റുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ ശ്രമിച്ചിരുന്ന വ്യക്തിയെന്ന നിലയില്‍, അവര്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും പ്രസാദ് ആരോപിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെയാണോ ഗൗരി ലങ്കേഷ് മാവോയിസ്റ്റുകള്‍ക്കായി പ്രവര്‍ത്തിച്ചിരുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനുമതിയോടെയാണെങ്കില്‍ എന്തുകൊണ്ട് അവര്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കിയില്ല?

കേസില്‍ അന്വേഷണം ആരംഭിക്കുന്നതു മുന്‍പേ കൊലയ്ക്കു പിന്നില്‍ ആര്‍എസ്എസ്സും ബിജെപിയുമാണെന്ന് ‘കണ്ടെത്തിയ’ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും അദ്ദേഹം വിമര്‍ശിച്ചു. കൃത്യമായ പഠനം കൂടാതെ ഓരോന്നു വിളിച്ചുപറയുന്ന കോണ്‍ഗ്രസിന്റെ ഈ മഹാനായ നേതാവ്, അന്വേഷണം ആരംഭിക്കും മുന്‍പേ ആര്‍എസ്എസ്സിനു നേരെ വിരല്‍ ചൂണ്ടിയിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ അന്വേഷണം എങ്ങോട്ടാണ് പോകുന്നതെന്ന് ഇതില്‍നിന്നും ഊഹിക്കാമെന്നും പ്രസാദ് അഭിപ്രായപ്പെട്ടു.

Show More

Related Articles

Close
Close