ഗവര്‍ണറുമായി അഭിപ്രായവ്യത്യാസം ; ജമ്മുകാശ്മീര്‍ പൊലീസ് മേധാവി എസ്.പി. വൈദിന് സ്ഥലം മാറ്റം

ജമ്മു കശ്മീര്‍ പൊലീസ് മേധാവി എസ്.പി. വൈദിനെ തല്‍സ്ഥാനത്തുനിന്നു നീക്കി. ഗവര്‍ണറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് എസ്.പി. വൈദിനെ സ്ഥലം മാറ്റിയത്. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറും നിലവിലെ ജയില്‍ മേധാവിയുമായ ദില്‍ബാഗ് സിങ്ങിനാണ് താത്കാലിക ചുമതല. പൊലീസ് തലപ്പത്തെ അഴിച്ചുപണിയുടെ ഭാഗമായാണ് സ്ഥലം മാറ്റമെന്നാണ് സൂചന.

വൈദില്‍ നിന്ന് ചില സുപ്രധാന ഭരണാധികാരങ്ങള്‍ കഴിഞ്ഞദിവസം ഗവര്‍ണര്‍ തിരിച്ചെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് വൈദും ഗവര്‍ണറും തമ്മില്‍ അഭിപ്രായവ്യത്യാസം രൂപപ്പെട്ടതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഈ വിഷയത്തെ തുടര്‍ന്നാണ് വൈദിനെ പൊലീസ് മേധാവി സ്ഥാനത്തു നിന്നും നീക്കിയത്. ഭരണകൂടവും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും തമ്മില്‍ പല അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുകയും മുമ്പും പല ഉദ്യോഗസ്ഥര്‍ക്കും സ്ഥാനമാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച ദക്ഷിണ കശ്മീരില്‍ നിന്ന് ഭീകരര്‍ പൊലീസുകാരെയും കുടുംബാംഗങ്ങളെയും തട്ടിക്കൊണ്ടുപോയി. ഇവരെ വിട്ടു കിട്ടുന്നതിനായി ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ റിയാസ് നൈക്കുവിനെയും തീവ്രവാദികളുടെ ബന്ധുക്കളായ പന്ത്രണ്ടു പേരെയും പോലീസ് വിട്ടു നല്‍കി. ഇതും പൊലീസ് തലപ്പത്തെ അഴിച്ചുപണിക്കു കാരണമായെന്നും സൂചനയുണ്ട്.

പൊലീസുകാരെയും കുടുംബാംഗങ്ങളെയും മോചിപ്പിക്കാന്‍ ഭീകരരുടെ കുടുംബാംഗങ്ങളെ വിട്ടയച്ചതു സംസ്ഥാന പൊലീസ് സേനയുടെ ആത്മവീര്യം തകര്‍ക്കുന്ന നടപടിയാണെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നിലപാട്. പൊലീസിന്റെ നടപടിയുടെ ആഘാതം എത്രയെന്നു മുന്‍കൂട്ടിക്കാണുന്നതില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Show More

Related Articles

Close
Close