ഹണിപ്രീതിനെ കണ്ടെത്താന്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ പോലീസ് പോസ്റ്ററുകള്‍ പതിച്ചു

ദേര സച്ഛാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിനെ കണ്ടെത്താന്‍ ഹരിയാന പോലീസ് ശ്രമം തുടങ്ങി. നേപ്പാള്‍ അതിര്‍ത്തിയിലുള്ള പോലീസ് സ്‌റ്റേഷനുകളില്‍ അടക്കം ഹണിപ്രീതിന്റെ ചിത്രം ഉള്‍പ്പെട്ട പോസ്റ്ററുകള്‍ പോലീസ് പതിച്ചു. അനുയായികളായ രണ്ട് സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് സി.ബി.ഐ പ്രത്യേക കോടതി 20 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ അരങ്ങേറിയ അക്രമ സംഭവങ്ങളില്‍ 40 ഓളം പേരാണ് കൊല്ലപ്പെട്ടത്. കോടതി വിധിക്ക് പിന്നാലെ ഗുര്‍മീതിനെ സി.ബി.ഐ കസ്റ്റഡിയില്‍നിന്ന് രക്ഷപെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പോലീസ് ഹണിപ്രീതിനെ തിരയുന്നത്.

നേപ്പാള്‍ അതിര്‍ത്തിയിലുള്ള എല്ലാ പോലീസ് സ്‌റ്റേഷനുകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹണിപ്രീത് നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നുവെന്ന സൂചനകളെ തുടര്‍ന്നാണിത്. ഉത്തര്‍പ്രദേശ് പോലീസിനും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹണിപ്രീത് നേപ്പാളിലേക്ക് കടന്നിട്ടില്ലെന്നാണ് പോലീസിന് ലഭിച്ച വിവരമെന്ന് ഹരിയാന പോലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അതിനിടെ പഞ്ചാബ് രജിസ്റ്റര്‍ നമ്പറുള്ള ഒരു വാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ നേപ്പാള്‍ അതിര്‍യില്‍നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇതിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടങ്ങി.

സെപ്റ്റംബര്‍ ഒന്നിന് ഹണിപ്രീതിനും ഗുര്‍മീതിന്റെ സഹായിക്കുമെതിരെ ഹരിയാന പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ കോടതി ഗുര്‍മീത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ഗുര്‍മീതിനെ സി.ബി.ഐ കസ്റ്റഡിയില്‍നിന്ന് രക്ഷപെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഒരാളെ അറസ്റ്റുചെയ്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഹണിപ്രീതിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലീസ് ഊര്‍ജിതമാക്കിയത്.

Show More

Related Articles

Close
Close