ഹാരിസണ്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി: ഹര്‍ജി സുപ്രീംകോടതി തള്ളി!

ഹാരിസണ്‍ കേസില്‍ 38,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നത് തടഞ്ഞ ഹൈക്കോടതി വിധിയ്‌ക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഹാരിസണ്‍ ഉള്‍പ്പെടെ വിവിധ പ്ലാന്റേഷനുകളുകളുടെ കൈവശമുണ്ടായിരുന്ന 38,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനായി സ്പെഷ്യല്‍ ഓഫീസര്‍ എടുത്ത നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് സുപ്രീംകോടതി തള്ളിയത്. ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

സ്‌പെഷല്‍ ഓഫിസര്‍ പറഞ്ഞ കാരണങ്ങള്‍ ഹൈക്കോടതി കൃത്യമായി പരിശോധിച്ചില്ലെന്നായിരുന്നു സര്‍ക്കാര്‍ മുന്നോട്ടു വെച്ച വാദം. കേരള ഭൂ സംരക്ഷണ നിയമപ്രകാരം സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് കോടതിയുടെ അധികാരങ്ങളുണ്ടെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു. എന്നാല്‍ ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.

38,000 ഏക്കര്‍ ഭൂമിയാണ് പാട്ടക്കരാര്‍ റദ്ദാക്കി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിയമിച്ച സ്‌പെഷല്‍ ഓഫീസര്‍ രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുത്തത്. വ്യാജരേഖ ചമച്ചാണ് ഹാരിസണ്‍ ഭൂമി കൈവശം വെച്ചിട്ടുള്ളതെന്നും സ്വാതന്ത്ര്യത്തിനു ശേഷം വിദേശകമ്പനികളുടെ ഭൂമി രാജ്യത്തിന്റെ സ്വത്തായി മാറിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഏറ്റെടുക്കല്‍ നടപടിയ്ക്ക് ശുപാര്‍ശ ചെയ്തത്.

Show More

Related Articles

Close
Close