സംസ്ഥാനത്ത് നാളെ യുഡിഎഫ് ഹര്‍ത്താല്‍; മലപ്പുറത്തെ ഒഴിവാക്കി

പൊലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയെ മര്‍ദ്ദിച്ചതിലും അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ യുഡിഎഫ് ഹര്‍ത്താല്‍. തിരുവനന്തപുരം , കോഴിക്കോടും ബിജെപി വ്യാഴാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ്,ബിജെപി നേതാക്കളടക്കമുളളവര്‍ ഉയര്‍ത്തുന്നത്. ഒരിക്കലും ന്യായീകരിക്കാനാവാത്ത നടപടിയെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതികരണം.

ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് മര്‍ദനമേറ്റെന്ന് അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞിരുന്നു. മ്യൂസിയം എസ്‌ഐയാണ് ക്രൂരമായി പെരുമാറിയതെന്നും തനിക്കും മര്‍ദനമേറ്റെന്നും ശ്രീജിത്ത് വ്യക്തമാക്കിയിരുന്നു. മഹിജയെ തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്ക് മാറ്റുമെന്നാണ് വിവരം. ജിഷ്ണു പ്രണോയ് മരിച്ച് എണ്‍പത് ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് കുടുംബം ഇന്നുമുതല്‍ നിരാഹാരസമരം നടത്താനായി പൊലീസ് ആസ്ഥാനത്ത് എത്തിയത്.

എന്നാല്‍ അതീവ സുരക്ഷാ മേഖലയാണ് ഡിജിപിയുടെ ഓഫിസെന്ന് വ്യക്തമാക്കി പൊലീസ് ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കെതിരെ അതിക്രമം കാട്ടുകയായിരുന്നു. ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തു നീക്കിയത്. ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയാല്‍ വീണ്ടും പ്രതിഷേധവുമായി ഡിജിപി ഓഫിസിന് മുമ്പില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ജിഷ്ണുവിന്റെ സഹോദരി ആര്യയും ഡിജിപി ഓഫിസിന് മുമ്പില്‍ നിരാഹാര സമരം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Show More

Related Articles

Close
Close