ഈ മാസം 27,28 തീയ്യതികളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഓഗസ്റ്റ് 27, 28 തീയ്യതികളില്‍ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമബംഗാള്‍ തീരത്തിനടുത്ത് 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് മഴ പെയ്യുമെന്ന മുന്നറിയിപ്പ്.

27-ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലും 28-ന് മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലുമാണ് മഴ പ്രതീക്ഷിക്കുന്നത്. 24 മണിക്കൂറില്‍ ഏഴുമുതല്‍ 11 സെന്റീമീറ്റര്‍വരെ മഴ പെയ്യാമെന്നാണ് പ്രവചനം. 12 മുതല്‍ 20 സെന്റീമീറ്റര്‍വരെ പെയ്താലേ അതിശക്തമായ മഴയെന്ന് പറയൂ. മഴമുന്നറിയിപ്പില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം, ജാഗ്രതപാലിക്കാനും നിര്‍ദേശിച്ചു.

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രികാല മലയോരയാത്ര ഒഴിവാക്കണം. പുഴകളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. അധികൃതര്‍ ആവശ്യപ്പെട്ടാല്‍ വീടൊഴിഞ്ഞു പോകണമെന്നും നിര്‍ദേശിച്ചു.

Show More

Related Articles

Close
Close