അഭിഭാഷകര്‍ക്കെതിരെ നടപടിക്ക് നീക്കം

കേരള ഹൈക്കോടതിയിലും തിരുവനന്തപുരം വഞ്ചിയൂര്‍ ജില്ലാ കോടതിയിലും വച്ച് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും ഏറ്റുമുട്ടിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ച പ്രമുഖ അഭിഭാഷകരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ തീരുമാനിച്ചു.

ചന്ദ്രബോസ് വധമടക്കമുള്ള പ്രമുഖ കേസുകള്‍ വാദിച്ച സിപി ഉദയഭാനു, നിയവിദഗ്ദ്ധനും സാമൂഹികപ്രവര്‍ത്തകരുമായ ശിവന്‍ മഠത്തില്‍, കാളീശ്വരം രാജ്, മുന്‍എംപിയും മാധ്യമനിരീക്ഷകനുമായ സെബാസ്റ്റ്യന്‍ പോള്‍, മാധ്യമനിരീക്ഷന്‍ എ.ജയശങ്കര്‍ എന്നിവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് അഭിഭാഷകരുടെ സംഘടനയായ ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ തീരുമാനിച്ചത്.

ഹൈക്കോടതി,വഞ്ചിയൂര്‍ കോടതി സംഘര്‍ഷങ്ങളെക്കുറിച്ച് മാധ്യമചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ച ഇവര്‍ അഭിഭാഷകരുടെ അക്രമപ്രവര്‍ത്തനങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. വ്യാഴാഴ്ച വൈകിട്ട് കൊച്ചിയില്‍ ചേര്‍ന്ന സംഘടനയുടെ അടിയന്തര ജനറല്‍ ബോഡിയില്‍ കടുത്ത വിമര്‍ശനമാണ് ഇതേത്തുടര്‍ന്ന് മുതിര്‍ന്ന അഭിഭാഷകര്‍ക്ക് നേരെ അംഗങ്ങള്‍ നടത്തിയത്. അഭിഭാഷക സമൂഹത്തെ ഇവര്‍ വഞ്ചിക്കുകയും പൊതുസമൂഹത്തിന് മുന്നില്‍ സംഘടനയെ അപമാനിക്കുകയും ചെയ്തു എന്നായിരുന്നു അംഗങ്ങളുടെ കുറ്റപ്പെടുത്തല്‍. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് മുതിര്‍ന്ന അഭിഭാഷകരെ സസ്‌പെന്‍ഡ് ചെയ്യാനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും തീരുമാനിച്ചത്. നോട്ടീസിന് ഇവര്‍ നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സംഘടനയില്‍ നിന്നു പുറത്താക്കാനാണ് നിലവിലെ ധാരണ.

അതേസമയം തുടര്‍ച്ചയായി രണ്ടാം ദിവസവും അഭിഭാഷകര്‍ ഹൈക്കോടതി ബഹിഷ്‌കരിച്ചതോടെ സംസ്ഥാനത്തെ കോടതികളുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്.

Show More

Related Articles

Close
Close