ഐ.ഡി.ബി.ഐ. ബാങ്കിനെ ഏറ്റെടുക്കാൻ എൽ.ഐ.സി.ക്ക് അനുമതി

ഏഴു വർഷത്തിനുള്ളിൽ ഓഹരി പങ്കാളിത്തം 15 ശതമാനമായി കുറച്ചുകൊണ്ടുവരണമെന്ന വ്യവസ്ഥയോടെ ഐ.ഡി.ബി.ഐ. ബാങ്കിനെ ഏറ്റെടുക്കാൻ എൽ.ഐ.സി.ക്ക് അനുമതി.  ഇതോടെ കിട്ടാക്കടം രൂക്ഷമായതിനെത്തുടർന്ന് പ്രതിസന്ധിയിലായ ഐ.ഡി.ബി.ഐ. ബാങ്ക് വൈകാതെ എൽ.ഐ.സി. നിയന്ത്രണത്തിലാകും. ബാങ്കിലെ ഓഹരി പങ്കാളിത്തം 51 ശതമാനമായി ഉയർത്താൻ എൽ.ഐ.സി.ക്ക്‌ ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആർ.ഡി.എ.ഐ.) യുടെ അനുമതി ലഭിച്ചു.

10.82 ശതമാനം ഓഹരി പങ്കാളിത്തമാണ് എൽ.ഐ.സി.ക്ക്‌ ഐ.ഡി.ബി.ഐ. ബാങ്കിലുള്ളത്. ബാങ്കിനെ പ്രതിസന്ധിയിൽനിന്ന് കരകയറ്റുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ എൽ.ഐ..സി.യെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നത്. എൽ.ഐ.സി.ക്ക് 51 ശതമാനം പങ്കാളിത്തമാകുന്നതോടെ ഐ.ഡി.ബി.ഐ. ബാങ്ക്, ആക്‌സിസ് ബാങ്കിനെപ്പോലെ സ്വകാര്യ ബാങ്കായി മാറും. 

ഐ.ഡി.ബി.ഐ. ബാങ്കിൽ എൽ.ഐ.സി. 10,000-13,000 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തുമെന്നാണ് സൂചന. ഏറ്റെടുക്കലിന് ഇനി റിസർവ് ബാങ്ക്, ഓഹരി വിപണി നിയന്ത്രണ ബോർഡായ സെബി എന്നിവയുടെ അനുമതി കൂടി ആവശ്യമാണ്. പൊതുമേഖലാ ബാങ്ക് ആയതിനാൽ കേന്ദ്ര മന്ത്രിസഭയുടെയും അനുമതി വേണം.നിലവിൽ കേന്ദ്രസർക്കാരിന് 80.96 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഇടപാട് പൂർത്തിയാകുന്നതോടെ ഇത് 49 ശതമാനത്തിന് താഴെയാകും.

Show More

Related Articles

Close
Close