ഇടുക്കി: ജലനിരപ്പ് 2395 അടി; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2395 അടി ഉയരത്തിലെത്തിയതോടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഷട്ടര്‍ തുറക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഡാമിന് താഴെയുള്ളവര്‍ക്കും നദീതീരത്തുള്ളവര്‍ക്കും  ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കി.

ഇടുക്കി, കോട്ടയം ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. മഴ തുടര്‍ന്നാല്‍ നീരൊഴുക്ക് വര്‍ധിക്കുമെന്നും ജലനിരപ്പ് ഉയരുമെന്നുമാണ് വിലയിരുത്തല്‍. അതിനിടെ, ദേശീയ ദുരന്തപ്രതികരണസേനയുടെ ഒരുസംഘത്തെ ആലുവയില്‍ വിന്യസിച്ചു. ഒരു സംഘം ഇന്നലെ രാത്രി ഇടുക്കിയിലെത്തി. മറ്റൊരു സംഘം തൃശൂരില്‍ തയാറാണ്. കര, നാവിക, വ്യോമസേനകളുടെയും തീരസേനയുടെയും സഹായം സംസ്ഥാന സര്‍ക്കാര്‍ തേടി.

ജലനിരപ്പ് 2397 അടിയായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് 24 മണിക്കൂറിന് ശേഷമേ ഡാം തുറക്കുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം ഉണ്ടാകൂ. ഇതിനിടയില്‍ പെരിയാര്‍ തീരവാസികള്‍ ഒഴിഞ്ഞാല്‍ മതിയാകും. ഇപ്പോള്‍ വൃഷ്ടിപ്രദേശത്ത് മഴ കുറവാണ്. മുന്‍ ദിവസങ്ങളെക്കാള്‍ കുറവാണെങ്കിലും നീരൊഴുക്കുണ്ട്. 2013-ല്‍ 2401 അടിയായിട്ടും ഡാം തുറന്നിരുന്നില്ല. പെരിയാര്‍ തീരദേശവാസികള്‍ക്ക് ജില്ലാ കളക്ടറും ജനപ്രതിനിധികളും നേരിട്ടെത്തി നോട്ടീസ് നല്‍കി. ചെറുതോണി മുതല്‍ ഇടുക്കി ജില്ലയുടെ അതിര്‍ത്തിയായ കരിമണല്‍ വരെയുള്ള 400 കെട്ടിടങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. അടിയന്തരഘട്ടങ്ങളില്‍ മണിക്കൂറുകള്‍ക്കകം കെട്ടിടം ഒഴിയണമെന്നാണ് ഇതില്‍ പറയുന്നത്.

Show More

Related Articles

Close
Close