ആദായ നികുതി റിട്ടേണ്‍: സമയപരിധി നീട്ടി; ഓഗസ്റ്റ് 31 വരെ

വ്യക്തികൾ 2018–19 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയപരിധി കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് നീട്ടി. ജൂലൈ 31 എന്ന മുൻപത്തെ സമയപരിധി ഓഗസ്റ്റ് 31 വരെയാണ് നീട്ടിയത്. (ടാക്സ് ഓഡിറ്റ് ഉള്ളവർക്കും ഓഡിറ്റ് ഉള്ള സ്ഥാപനത്തിലെ ശമ്പളം പറ്റുന്ന പാർട്ണർമാർക്കും ഇത് സെപ്റ്റംബർ 30 ആണ്).

നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടണമെന്ന് വിവിധ കോണുകളിൽ നിന്ന് സമ്മർദ്ദം പരിഗണിച്ചാണിത്. റിട്ടേൺ ഫോമിൽ വരുത്തിയ ഭേദഗതി അനുസരിച്ച്, റിട്ടേണിൽ ചരക്ക്, സേവന നികുതി (ജിഎസ്ടി) സംബന്ധിച്ച വിവരങ്ങൾ നൽകേണ്ടതുണ്ട്. വിദേശ ഇന്ത്യക്കാർക്ക് നികുതി റീഫണ്ട് ലഭിക്കാൻ അവർക്ക് ഇഷ്ടമുള്ള ഏതെങ്കിലും ഒരു വിദേശ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ രേഖപ്പെടുത്താം. സ്വന്തമായി വീടുള്ളവർ അതു സ്വന്തം താമസത്തിനാണോ വാടകയ്ക് കൊടുത്തിരിക്കുകയാണോ എന്നു രേഖപ്പെടുത്തണം.. വിപണിയിൽ ലിസ്റ്റ് ചെയ്യാത്ത ഓഹരികൾ വിറ്റിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങളും നൽകണം.

വൈകിയാൽ പിഴ:

റിട്ടേൺ കൊടുക്കാൻ ബാധ്യസ്ഥരായവർ വൈകി സമർപ്പിച്ചാൽ വരുമാനമോ നികുതി ബാധ്യതയോ കണക്കിലെടുക്കാതെ പിഴ ചുമത്തും. ഓഗസ്റ്റ് 31 കഴിഞ്ഞ്, ഡിസംബർ 31 വരെ സമർപ്പിക്കുന്ന റിട്ടേണിന് 5000 രൂപയാണു പിഴ. ഡിസംബർ 31നു ശേഷം സമർപ്പിക്കുന്ന റിട്ടേണിന് 10,000 രൂപയാണ് പിഴ. അഞ്ചു ലക്ഷം രൂപയിൽ താഴെമാത്രം വരുമാനമുള്ള ചെറുകിട നികുതിദായകർക്കുള്ള പിഴ പരമാവധി 1000 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

Show More

Related Articles

Close
Close