പൂനെയില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി; 333 റണ്‍സിന് തോറ്റു

സ്പിന്നിനെ തുണക്കുന്ന പിച്ചൊരുക്കിയ ഇന്ത്യക്ക് തിരിച്ചടി. സ്വയം ഒരുക്കിയ വാരിക്കുഴിയില്‍ വീണ് ഇന്ത്യ തോല്‍വി സമ്മതിച്ചു. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പുണെയിില്‍ ഇന്ത്യക്ക് 333 റണ്‍സിന്റെ ദയനീയ തോല്‍വി. ഓസീസ് മുന്നോട്ടുവെച്ച 441 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ കളി തീരാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെ 107 റണ്‍സിന് എല്ലാവരും പുറത്തായി.

ആദ്യ ഇന്നിങ്‌സിലേതിനേക്കാള്‍ രണ്ടു റണ്‍സ് അധികം കൂട്ടിച്ചേര്‍ക്കാന്‍ കോഹ്ലിക്കും കൂട്ടര്‍ക്കും കഴിഞ്ഞുവെന്നതാണ് ടീം ഇന്ത്യയുടെ ‘നേട്ടം’. ഇതോടെ വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ വിജയക്കുതിപ്പിന് കടിഞ്ഞാണ്‍ വീണു. ഒരു സെഷനും രണ്ടു ദിവസവും ബാക്കിനില്‍ക്കെയാണ് ലോക ഒന്നാം നമ്പര്‍ ടീമിന്റെ വീഴ്ചയെന്നത് തോല്‍വി ഭാരം കൂട്ടുന്നു. മഹത്തായ ഇന്ത്യന്‍ ബാറ്റിങ് നിര രണ്ട് ഇന്നിങ്‌സിലുമായി 75 ഓവര്‍ പോലും തികച്ചു കളിക്കാന്‍ കഴിഞ്ഞില്ലായെന്നതും പരിഹാസ്യം തന്നെ. ഒപ്പം ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യക്കെതിരെ റണ്‍സ് അടിസ്ഥാനത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ വിജയമെന്ന റെക്കോര്‍ഡും ഓസീസ് സ്വന്തമാക്കി. 2004ല്‍ ഇന്ത്യയെ 342 റണ്‍സിന് ഓസീസ് തോല്‍പ്പിച്ചിരുന്നു.64 റണ്‍സെടുത്ത കെ.എല്‍ രാഹുലിന് ഒഴികെ മറ്റാര്‍ക്കും ഇന്ത്യന്‍ നിരയില്‍ പിടിച്ചു നില്‍ക്കാനായില്ല.

Show More

Related Articles

Close
Close