ഭാരത സൈനികനെ മോചിപ്പിക്കും: കേന്ദ്രം

അതിര്‍ത്തിയിലെ സൈനിക പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രാഷ്ട്രീയ റൈഫിള്‍സിലെ അംഗമായ മഹാരാഷ്ട്ര സ്വദേശി ചന്ദു ബാബുലാല്‍ ചൗഹാന്‍(22) ആണ് പാക് സൈന്യത്തിന്റെ പിടിയിലകപ്പെട്ടത്.

പാക് അധീന കശ്മീരില്‍ ഭാരത സൈന്യം നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെയാണ് പെട്രോളിംഗിനിടെ അബദ്ധത്തില്‍ അതിര്‍ത്തി മറികടന്ന ചന്ദുബാബുലാലിനെ പാക് സൈന്യം പിടികൂടുന്നത്.

സൈനികനെ തിരികെ എത്തിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് പറഞ്ഞു. ഡിജിഎംഒ തലത്തില്‍ പാക്കിസ്ഥാന് വിവരം കൈമാറിയിട്ടുണ്ടെന്നും സൈനികനെ ഉടന്‍ തന്നെ മോചിപ്പിക്കാനാകുമെന്നുമാണ് സൈന്യം നല്‍കുന്ന വിശദീകരണം.

പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഏതു തരം പ്രകോപനം ഉണ്ടായായും ശക്തമായി തിരിച്ചടിക്കാനുള്ള സജ്ജീകരണങ്ങള്‍ സൈന്യം അതിര്‍ത്തിയില്‍ ക്രമീകരിച്ചിട്ടുണ്ട്. നിര്‍ദ്ദേശം ലഭിച്ചാല്‍ മിനുറ്റുകള്‍ക്കുള്ളില്‍ പറന്നുയരാന്‍ വ്യോമസേനയും സജ്ജമാണ്.

അതിനിടെ പാക്, ചൈന അതിര്‍ത്തികളിലും രാജ്യത്തെ പ്രധാന നഗരങ്ങളിലും സുരക്ഷാ സേനകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും അരലക്ഷത്തോളം പേരെ ഇതിനകം പ്രത്യേക ക്യാമ്പുകളിലേക്ക് ഒഴിപ്പിച്ചിട്ടുണ്ട്. ഏതുതരത്തിലുള്ള ആക്രമണങ്ങളും നേരിടാന്‍ സജ്ജമായിരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും മുന്നറിയിപ്പ് നല്‍കി.

രാജ്യത്തെ തന്ത്രപ്രധാന മേഖലകള്‍, ജനക്കൂട്ടമുള്ള പ്രദേശങ്ങള്‍, മാര്‍ക്കറ്റുകള്‍, പ്രാര്‍ത്ഥനാലയങ്ങള്‍, മെട്രോ, ട്രെയിന്‍ സര്‍വ്വീസുകള്‍ എന്നിവിടങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീകര സംഘങ്ങളെ ഉപയോഗിച്ച് പാക്കിസ്ഥാന്‍ തിരിച്ചടിക്കാനുള്ള സാധ്യത ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം.

Show More

Related Articles

Close
Close