ഷെറിന്‍ മാത്യൂസിന്റെ മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് വിലക്ക്

ഷെറിന്‍ മാത്യൂസിന്റെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കിയിട്ടുള്ള ഇന്ത്യന്‍ ഓവര്‍സീസ് [ഒ.സി.ഐ] കാര്‍ഡ് ഇന്ത്യ പിന്‍വലിച്ചു. ഷെറിന്റെ മാതാപിതാക്കളായ വെസ്ലി മാത്യു, സിനി മാത്യൂസ്, ഇവരുടെ മാതാപിതാക്കള്‍, അടുത്ത സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കുന്നതിനുള്ള ഒസിഐ കാര്‍ഡ് റദ്ദാക്കിയതായി ഹ്യൂസ്റ്റണിലെ ഇന്ത്യന്‍ കോണസുലര്‍ ജനറല്‍ അനുപം റായി പറഞ്ഞു.

ദത്തുപുത്രിയായ ഷെറിന്‍ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ത്യയുടെ പൊതുജനാഭിപ്രായം ഇവര്‍ക്കെതിരാണെന്നും അനുപം റായ് വ്യക്തമാക്കി. മാത്യൂസിന്റെ കുടുംബ സുഹൃത്തുക്കളായ മനോജ് എന്‍ എബ്രഹാം, നിസ്സി ടി എബ്രഹാം എന്നിവരാണ് ഒസിഐ കാര്‍ഡ് റദ്ദാക്കുന്നതിനുള്ള നോട്ടീസ് ആദ്യം സ്വീകരിച്ചത്. ഈ നടപടിയെ ഇരുവരും ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരുന്നു.

ഷെറിനെ ഇന്ത്യ മറക്കില്ലെന്നും പൊതുതാല്‍പര്യം മുന്‍നിര്‍ത്തി മാത്യൂസിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പേരുകള്‍ ബ്ലാക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കൗണ്‍സില്‍ ശുപാര്‍ശ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഷെറിന്റെ മരണവുമായി ബന്ധപ്പെട്ട് ഹ്യൂസ്റ്റണില്‍ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ കുട്ടിയുടെ മരണശേഷവും മുമ്പും ഒരുമിച്ചായിരുന്നുവെന്ന് വ്യക്തമാണ്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനാണ് ടെക്‌സസിലെ വീട്ടില്‍ നിന്ന് കാഴ്ചയ്ക്കും സംസാരത്തിനും വൈകല്യമുള്ള ഷെറിനെ കാണാതായത്. പിന്നീട്, വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള കലുങ്കിനടിയില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യുവിനെയും വളര്‍ത്തമ്മ സിനിയെയും പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ബിഹാര്‍ നളന്ദയിലെ മദര്‍ തെരേസാ സേവാ ആശ്രമ അനാഥാലയത്തില്‍ നിന്ന് 2016 ലാണ് അമേരിക്കന്‍ മലയാളികളായ വെസ്ലിയും ഭാര്യ സിനിയും ഷെറിനെ ദത്തെടുത്തത്.

പാലുകുടിക്കാത്തതിന് വീടിന് വെളിയില്‍ നിര്‍ത്തിയ കുട്ടിയെ കാണാതായെന്നാണ് വെസ്ലി പൊലീസിന് ആദ്യം നല്‍കിയിരുന്ന മൊഴി. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ നിര്‍ബന്ധിച്ച് പാലുകുടിപ്പിച്ചപ്പോള്‍ കുട്ടിക്ക് ശ്വാസതടസ്സം നേരിടുകയും മരിച്ചെന്ന് കരുതി കലുങ്കില്‍ ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് വെളിപ്പെടുത്തുകയായിരുന്നു. അതേസമയം, കുട്ടിയെ സംരക്ഷിക്കുന്നതില്‍ ഗുരുതര വീഴ്ച പറ്റിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിനി അറസ്റ്റിലാകുന്നത്.

ഷെറിന്‍ മാത്യൂ ക്രൂരപീഡനത്തിന് ഇരയായതായി ഡോക്ടര്‍മാര്‍ മൊഴി നല്‍കിയിരുന്നു. പലതവണയായി എല്ലുകള്‍ക്ക് ക്ഷതം പറ്റിയതായി ശിശുരോഗ വിദഗ്ധ ഡോ. സൂസണ്‍ ദകിലായിരുന്നു കോടതിയില്‍ മൊഴി നല്‍കിയത്. ഷെറിന്‍ മാത്യൂവിന്റെ തുടയെല്ല്, കാല്‍മുട്ട് എന്നിവയ്ക്ക് പൊട്ടലുകളുണ്ടായിരുന്നുവെന്നാണ് ഡോക്ടര്‍ സ്ഥിരീകരിച്ചത്. ഇവ കൂടാതെ ശരീരത്തിന്റെ പലഭാഗങ്ങളിലും മുന്‍പ് പരിക്കേറ്റതിന്റെ പാടുകളുമുണ്ടായിരുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്ന് ദത്തെടുത്തതിന് ശേഷമാണ് കുട്ടിക്ക് ഇത്തരത്തിലുള്ള ക്ഷതങ്ങള്‍ സംഭവിച്ചതെന്നും സൂസണ്‍ പറഞ്ഞിരുന്നു.

Show More

Related Articles

Close
Close