സൈന്യത്തിന്‍റെ ആധുനികവത്‍കരണത്തിന് 40,000 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങും

ഇന്ത്യൻ സൈന്യത്തിന്‍റെ ആധുനികവത്‍കരണത്തിന് 40,000 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ തീരുമാനമായി. ഇതിന്‍റെ ഭാഗമായി ഏഴ് ലക്ഷം റൈഫിളുകളും 88,600 യന്ത്രതോക്കുകളും സൈന്യം പുതുതായി വാങ്ങും. അതിർത്തിയിലെ സുരക്ഷ കർശനമാക്കുന്ന കർമ്മ പദ്ധതിയുടെ ഭാഗമായാണ് നടപടി. കാലഹരണപ്പെട്ട ആയുധങ്ങൾ മാറ്റി ഇന്ത്യൻ സൈന്യത്തെ ആധുനിക വൽക്കരിക്കുന്നതിനാണ് പുതിയ കർമ്മ പദ്ധതി. ഇതിന്‍റെ ഭാഗമായി ഏഴ് ലക്ഷം റൈഫിളുകളും 88,600യന്ത്രത്തോക്കുകളും സൈന്യം പുതുതായി വാങ്ങും. ഡിഫൻസ് അക്വിസിഷൻ കൗൺസിലിന്‍റെ അംഗീകാരം ലഭിച്ചതിനു ശേഷമാകും പദ്ധതി നടപ്പിലാക്കുക.

അത്യാധുനിക ആയുധങ്ങൾ വാങ്ങാൻ ഇത്രയും ഭീമമായ തുക കരസേന വിനിയോഗിക്കുന്നത് ഇതാദ്യമായാണ്. അതിർത്തിയിൽ പാകിസ്ഥാനും ചൈനയും സൃഷ്ടിക്കുന്ന പ്രകോപനങ്ങളേയും ആക്രമണങ്ങളേയും കാര്യക്ഷമമായി ചെറുക്കാൻ പുതിയ നീക്കത്തിലൂടെ സാധിക്കുമെന്ന് കരസേനാ വൃത്തങ്ങൾ വ്യക്തമാക്കി. ആയുധങ്ങൾ വാങ്ങുന്നതിനോടൊപ്പം പുതിയ ചെറു യന്ത്രത്തോക്കുകൾ വികസിപ്പിക്കാൻ ഡിഫൻസ് റിസർച്ച് ആന്‍റ് ഡെവലപ്മെന്‍റ് ഓർഗനൈസേഷന് കേന്ദ്ര പ്രതിരോധ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. പദ്ധതിയ്ക്കായി ആയുധ നിർമാതാക്കളിൽ നിന്നും മാസങ്ങൾക്കു മുൻപേ ടെൻഡർ ക്ഷണിച്ചിരുന്നെങ്കിലും ഒരു കമ്പനി മാത്രമായിരുന്നു പ്രതികരിച്ചത്. തുടർന്ന് സെപ്തംബറിൽ വീണ്ടും ടെൻഡർ വിളിക്കുകയും നടപടികൾ വേഗത്തിലാക്കുകയും ചെയ്തു. കരസേനയുടെ ആധുനികവത്ക്കരണം കേന്ദ്രത്തിന്‍റെ പ്രഥമ പരിഗണനയിലാണെന്നും എത്രയും വേഗം നടപടികൾ പൂർത്തിയാക്കുമെന്നും പ്രതിരോധ മന്ത്രിയായി ചുമതലയേറ്റ ശേഷം നിർമലാ സീതാരാമൻ അറിയിച്ചിരുന്നു.

Show More

Related Articles

Close
Close