ഇന്ത്യന്‍ റെയില്‍വേക്ക് ശസ്ത്രക്രിയ

rail budget final

അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നതാണ് വികസനത്തിലേക്കുള്ള ആദ്യ കാല്‍വെയ്പ് എന്ന് വിശ്വസിക്കുന്ന പ്രധാന മന്ത്രിയാണ് ശ്രി നരേന്ദ്ര മോഡി .അതിന്റെ പ്രഖ്യാപനമാണ് മോഡി സര്‍ക്കാരിന്റെ ആദ്യ റെയില്‍ ബജറ്റില്‍ റെയില്‍ മന്ത്രി നടത്തിയത് .

ഒരിക്കലും നടക്കാത്ത പുതിയ സര്‍വേകള്‍ക്ക് പ്രാധാന്യം നല്‍കി വന്ന മുന്‍ ബജറ്റുകളില്‍ നിന്നും മോഡി ബജറ്റ് വ്യത്യസ്തമാകുന്നു .

“വികസനം ,ശുചിത്വം ,സുരക്ഷിതത്വം” എന്നിവയാണ് റയില്‍ ബജറ്റിന്റെ കാതല്‍. 1,64374 കോടി രൂപ വരുമാനവും 1,49176 കോടി രൂപ ചിലവും വരുന്ന ബജറ്റ് ആണ് ശ്രീ.ഗൌഡ അവതരിപ്പിച്ചത്.

ശ്രി മോഡി ബജറ്റിനെ വിലയിരുത്തുന്നു :

“ആധുനികവത്കരണം ,സമഗ്രവികസനം ,നവീകരണം ,സുരക്ഷിതത്വം ,സുതാര്യത എന്നിവയ്ക്ക് മുന്‍ഗണന നല്‍കി രാഷ്ട്രത്തിന്റെ വികസനം ലക്ഷ്യമാക്കുന്ന യഥാര്‍ത്ഥ ഇന്ത്യന്‍ ബജറ്റ്”.

മെല്ലെ പോകുന്ന റെയില്‍വേയെ വേഗതയുടെ ട്രക്കിലെത്തിക്കാന്‍ അതിവേഗ തീവണ്ടികള്‍ അനുവദിച്ചും ,ഭാവിയുടെ സ്വപ്നങ്ങളിലേക്ക് ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ ( അഹമ്മദാബാദ്  – മുംബൈ ) ഓടിച്ചും ശ്രീ ഗൌഡ റെയില്‍ വികസനത്തിന്‌ കുതിപ്പ് നല്‍കുന്നു .അടിസ്ഥാന മേഖലയില്‍ വിദേശ , സ്വകാര്യ നിക്ഷേപം ക്ഷണിക്കുന്ന ബജറ്റ് ,വികസനത്തിനുള്ള പണമെവിടെനിന്നും കണ്ടെത്തും എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നു .

സ്ത്രീകളുടെ സുരക്ഷക്കായി 4000 അധിക ആര്‍ പി എഫ് നിയമനം ,ശുചിത്വത്തിനായി 40ശതമാനം അധിക വിഹിതം ,മേന്മയുള്ള ഭക്ഷണം ഉറപ്പാക്കല്‍ തുടങ്ങിയവയ്ക്കാണ് ഈ ബജറ്റില്‍ പ്രാധാന്യം.റെയില്‍വേയില്‍ 2 5  ലക്ഷത്തിനു മുകളില്‍ ഉള്ള എല്ലാ ഇടപാടുകളും ഓണ്‍ലൈന്‍ വഴി മാത്രം എന്നത്  സുതാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു .

“സോളാര്‍ പവര്‍  ” ഉപഭോഗം വര്‍ദ്ധിപ്പിക്കണം എന്നുള്ളത് ഡീസലിന്റെ ഭാരിച്ച ചിലവില്‍ നിന്നും പതിയെയെങ്കിലും റെയില്‍വേയെ മോചിപ്പിക്കാന്‍ ലക്‌ഷ്യം വച്ചുള്ളതാണ് .

തുറമുഖങ്ങളിലേക്ക് നീളുന്ന റയില്‍ പാതകളുടെ നിര്‍ദ്ദേശം ചരക്കുനീക്കം വര്‍ദ്ധിപ്പിക്കുന്നത്തിനു ഉപകരിക്കുകയും അതുവഴി വരുമാനം ഉയര്‍ത്തുകയും ചെയ്യും.

വളരെ പിന്നോക്കം നില്‍ക്കുന്ന വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം 54% വര്‍ധിപ്പിച്ചു 5116 കോടി വകയിരുത്തി എന്നതാണ് ബജറ്റിന്റെ സവിശേഷമായ മറ്റൊരു പ്രത്യേകത.

നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെ സംസ്ഥാനങ്ങളെ തൃപ്തിപ്പെടുത്താന്‍ പുതിയ സര്‍വേകളും ,ട്രെയിനുകളും അനുവദിച്ച മുന്‍ സര്‍ക്കാരുകളാണ് റയില്‍വേയെ  മുടിച്ചത്. സുതാര്യതയില്ലാതെ അടിസ്ഥാന സൗകര്യങ്ങളെ പറ്റി ആലോചിക്കാതെ ,സുരക്ഷിതത്വത്തിന് ഊന്നല്‍ നല്‍കാതെ റെയില്‍വേയെ മരണത്തിന്റെ വക്കിലെത്തിചിടത്തുനിന്നും ഓക്സിജന്‍ നല്‍കി കരകയറ്റാനുള്ള ശ്രമങ്ങള്‍ ആണ് പുതിയ ബജറ്റിലുള്ളത് .

ഇന്ധനവില അനുബന്ധ നിരക്ക് വര്‍ധന

റയില്‍ ബജറ്റില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനവിധേയമാവുക ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഇന്ധനവിലക്ക് അനുസ്രതമായ നിരക്ക് വര്‍ധനയാണ്. ഈ നാട്ടിലെ ബസ്, ഓട്ടോ, ടാക്സി എന്നിവക്കെല്ലാം ഈ നിയമം ബാധകമല്ലേ ? കേരളത്തിലെ ഇടതു വലതു മുന്നണികള്‍ എത്രയോ തവണ KSRTC നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഇതും ഇന്ധനവിലക്ക് അനുസൃതമായല്ലേ ? മെച്ചപ്പെട്ട സൌകര്യങ്ങള്‍ നല്‍കാന്‍ റയില്‍വേ എവിടെ നിന്നും പണം കണ്ടെത്തും ? എന്തായാലും നോട്ടടിച്ച് റയില്‍വേയ്ക്ക് നല്‍കാന്‍ സര്‍ക്കാരിനാവില്ല. ദൈനന്തിനചിലവുകള്‍ നടത്താനില്ലാതെ റയില്‍വേ പൂട്ടി പോകട്ടെ എനാണോ ? അങ്ങനെ വരുന്ന പക്ഷം ഇതിനെ മാത്രം ആശ്രയിച്ചു കഴിയുന്ന 14ലക്ഷം ജീവനക്കാരെയും അവരുടെ കുടുംബത്തെയും ആര് സംരക്ഷിക്കും ? ടി.വി ചാനലില്‍ ഇരുന്നു പ്രസങ്ങിക്കാന്‍ എന്തെളുപ്പം ! ആരാന്റമ്മക്ക് പ്രാന്ത് പിടിച്ചാല്‍ കാണാന്‍ എന്ത് രസം.

കേരളത്തിന്‌ ഒന്നുമില്ല പോലും!

അടിസ്ഥാന വികസനം പൂര്‍ത്തിയാക്കാത്തയിടത്തോളം, നിലവിലുള്ള പാതയിരട്ടിപ്പിക്കല്‍ പാതിവഴിയില്‍ ഉള്ളപ്പോഴും, പുതിയ സര്‍വേകളും ട്രെയിനുകളും കേരളത്തിനെന്തിന് ? ഒരിക്കലും തീരാത്ത സര്‍വേ എന്നശാപം ഇവിടെ അവസാനിക്കട്ടെ. റെയില്‍ ബജറ്റില്‍ പ്രഖ്യാപിച്ച അടിസ്ഥാന വികസനം കേരളത്തിന്‌ ബാധകമല്ല എന്ന രീതിയില്‍ ആണ് ഇവിടെ നിന്നുള്ള എം പി മാരുടെ പ്രതികരണം. ശുചിത്വം കേരളത്തിലുള്ള ട്രെയിനുകള്‍ക്ക് ബാധകമല്ലേ ? ബജറ്റില്‍ പറയുന്ന മറ്റ് കാര്യങ്ങളും അതുപോലെ വൃത്തികെട്ട കോച്ചുകളില്‍, സുരക്ഷാ സംവിധാനത്തിന്റെ അപര്യാപ്തതയില്‍ യാത്ര ചെയ്തു വന്ന മലയാളിക്കുവേണ്ടി നമ്മുടെ എം പി മാര്‍ ഇതുവരെ എന്തു ചെയ്തു ? പുതിയ ട്രെയിനിനും സര്‍വെയ്ക്കും വേണ്ടി അലറി വിളിക്കുമ്പോള്‍ നമ്മുടെ പ്ലാറ്റ്ഫോമുകളുടെ അവസ്ഥയെ പറ്റി ഓര്‍ക്കാന്‍ ആര്‍ക്ക് നേരം. വിമാനത്തില്‍ മാത്രം യാത്ര ചെയ്തു ശീലിച്ചവര്‍ എങ്ങനെ സാധാരണക്കാരന്റെ ആവശ്യങ്ങള്‍ അറിയും ? ട്രെയിനില്‍ നല്‍കുന്ന ഭക്ഷണത്തിന്റെ നിലവാരം അറിയണമെങ്കില്‍ അത് കഴിച്ചു നോക്കുക തന്നെ വേണം. വികസനം എന്നാല്‍ പുതിയ ട്രെയിനുകളും സര്‍വേകളും അല്ല എന്ന് നമ്മള്‍ തിരിച്ചറിയണം ഈ ബജറ്റിലൂടെ എങ്കിലും.

അന്യ നാടുകളില്‍ ജോലി ചെയ്യുന്നവരാണ് മലയാളികളില്‍ ഏറെയും. മൊബൈല്‍ ഫോണ്‍ വഴിയും, പോസ്റ്റ് ഓഫീസ് വഴിയും ഉള്ള റിസര്‍വേഷന്‍ സംവിധാനം മലയാളികള്‍ക്കല്ലേ ഏറെ ഗുണം ചെയ്യുക ? നഴ്സുമാരെ കയറ്റുമതി ചെയ്യുന്ന ഈ സംസ്ഥാനതിനല്ലേ  “സ്ത്രീ സുരക്ഷയുടെ ” ആവശ്യം ? കാവല്‍ക്കാരില്ലാത്ത ലെവല്‍ ക്രോസ്സുകള്‍ നിര്‍ത്തലാക്കണ്ടെ ? റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണം കേരളത്തിന്‌ ബാധകമല്ലേ ?ഇതിനിടയിലും കാഞ്ഞങ്ങാട് – പാണത്തൂര്‍ -കണ്ടിയൂര്‍  പാതക്കായി സര്‍വേ അനുവദിച്ചു എന്നതാണ് സത്യം. കാസര്‍കോട്‌ -ബിന്ടൂര്‍ തീവണ്ടിയും കേരളത്തിന്‌ പ്രയോജനം ചെയ്യും. ( 58 പുതിയ തീവണ്ടികളാണ് ആകെ അനുവദിച്ചത് എന്നോര്‍ക്കുക ) ഇനിയും തീരാത്ത പാതയിരട്ടിപ്പിക്കലല്ലേ കേരളത്തിന്‌ അത്യാവശ്യമായിട്ടുള്ളത് ? ഇത് പൂര്‍ത്തിയാവാതെ പുതിയ ട്രെയിനുകള്‍ ഓടിക്കുന്നത് നിലവിലുള്ളവയെ വൈകിപ്പിക്കാനല്ലേ  ഉപകരിക്കൂ.

ഇപ്പോള്‍ നടക്കുന്നത് :

റെയില്‍വേ മന്ത്രി ശ്രീ ഗൌഡയുടെ വാഹനം തടയുകയും, വീടിനു മുമ്പില്‍ ഉള്ള നെയിം പ്ലേറ്റ് തറയിലിട്ടു ചവിട്ടുന്ന കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍!മുന്‍‌കൂര്‍ തീരുമാനം എന്നപോലെ നാടകീയമായി പ്രതിഷേധം നടത്തുന്ന പ്രവര്‍ത്തകര്‍ !

കഴിഞ്ഞ പത്തു വര്‍ഷമായി എവിടെയായിരുന്നു ഇവരൊക്കെ ? യു പി എ സര്‍ക്കാരുകള്‍ മുച്ചൂടും മുടിച്ചപ്പോള്‍ ഒരുവാക്കും മിണ്ടാതിരുന്ന ഇവര്‍ ഇന്നു പ്രതിഷേധവുമായി ഇറങ്ങിയതെന്തിന്? പുതിയ ട്രെയിനും സര്‍വേയും മാത്രമാണ് റയില്‍ വികസനം എന്ന്  വിശ്വസിച്ച മുന്‍ സര്‍ക്കാരുകള്‍, റെയില്‍വേയെ ശവക്കുഴി തോണ്ടുക ആയിരുന്നില്ലേ ? മോഡി സര്‍ക്കാരിന്റെ റയില്‍ ബജറ്റ് വികസനത്തിന്‌ പുതിയ വഴിതുറക്കുമെന്ന പ്രതിക്ഷയില്‍ ഉള്ള നിരാശയാവം ഈ പ്രതിഷേധങ്ങള്‍ക്കു പിന്നില്‍.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close