ഇന്ത്യയില്‍ നിന്ന് കടത്തിയ പുരാതന വിഗ്രഹങ്ങള്‍ അമേരിക്ക തിരിച്ചു നല്‍കി; വിഗ്രഹങ്ങളുടെ മൂല്യം അഞ്ച് ലക്ഷം യു.എസ് ഡോളര്‍

ഇന്ത്യയില്‍ നിന്ന് കടത്തിയ വിഗ്രഹങ്ങള്‍ അമേരിക്ക തിരിച്ചു നല്‍കി. അമേരിക്കയിലെ അലബാമയിലെ ബര്‍മിങ്ഹാം മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന രണ്ട് വിഗ്രഹങ്ങളാണ് തിരിച്ചു നല്‍കിയത്. ഇതിന് ഏകദേശം അഞ്ച് ലക്ഷം യു.എസ് ഡോളര്‍ വരും.

മോഷ്ടിക്കപ്പെട്ട ലിംഗോദ്ഭവമൂര്‍ത്തി എന്നറിയപ്പെടുന്ന വിഗ്രഹം കരിങ്കല്ലില്‍ തീര്‍ത്ത ശിവ പ്രതിഷ്ഠയാണ്. ഈ വിഗ്രഹത്തിന് മാത്രം 2,25,000 ഡോളര്‍ വില വരും. 12ാം നൂറ്റാണ്ടിലെ ചോള രാജവംശത്തിലേതാണ് ഈ വിഗ്രഹം. തമിഴ്നാട്ടില്‍ നിന്നായിരുന്നു ഈ വിഗ്രഹം മോഷ്ടിക്കപ്പെട്ടത്. മറ്റൊരു വിഗ്രഹമായ മഞ്ചുശ്രീ ബീഹാറിലെ ബോധ്ഗയയില്‍ നിന്ന് 1980 ആണ് മോഷ്ടിക്കപ്പെട്ടത്. 2,75,000 ഡോളര്‍ ആണ് ഇതിന്റെ വില. ചോള രാജവംശത്തിലേത് തന്നെയാണ് മഞ്ചുശ്രീ വിഗ്രഹവും.

ഇന്ത്യയുടെ പൗരാണിക സമ്പത്തുകള്‍ രാജ്യത്തേക്ക് തിരിച്ചെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി ഇന്ത്യന്‍ എംബസികള്‍ മുന്നോട്ട് പോകുകയാണ്. ഇതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കപ്പെട്ടവയാണെന്ന് തെളിയിക്കപ്പെട്ടതോടെ ഇവ തിരിച്ചുകൊടുക്കാന്‍ അമേരിക്ക തീരുമാനിച്ചത്. ഇന്ത്യന്‍ കോണ്‍സിലേറ്റില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ സന്ദീപ് ചക്രവര്‍ത്തിക്ക് മാന്‍ഹാട്ടണ്‍ ജില്ലാ അറ്റോര്‍ണി സൈറസ് വാന്‍സ് ജൂനിയര്‍ വിഗ്രഹങ്ങള്‍ കൈമാറി.

Show More

Related Articles

Close
Close