ഇന്ത്യാ-പാക്ക് യുദ്ധത്തിന് സാധ്യത കൂടുന്നു, അതീവ ആശങ്കയിൽ ലോക രാഷ്ട്രങ്ങൾ !

ന്യൂഡല്‍ഹി : റാഫേല്‍ അഴിമതി വിവാദം ഇന്ത്യാ പാക്ക് യുദ്ധത്തിനു വഴിതുറക്കുമോ എന്ന ആശങ്കയില്‍ ലോകം. ഇന്ത്യന്‍ സൈനികര്‍ക്ക് നേരെയുള്ള പാക് സൈന്യത്തിന്റേയും തീവ്രവാദികളുടേയും മനുഷ്യത്വമില്ലായ്മക്ക് മറുപടി ഉചിതമായി നല്‍കാന്‍ സമയം ഇതാണെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ കരസേന മേധാവി ബിപിന്‍ റാവത്ത് സൈന്യം യുദ്ധ സജ്ജമാണെന്നു പ്രഖ്യാപിച്ചിരുന്നു.

സൈന്യത്തിന്റെ ആവശ്യത്തോട് കേന്ദ്ര സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചാല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിനോ യുദ്ധത്തിനോ സാധ്യത തെളിയും. റാഫേല്‍ വിമാന അഴിമതിയില്‍ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതികൂട്ടിലാക്കുന്ന സാഹചര്യത്തില്‍ സൈനിക നീക്കം ബി.ജെ.പിക്ക് രക്ഷപ്പെടലാകും. സൈനിക നീക്കമുണ്ടായാല്‍ ജനങ്ങളൊന്നടങ്കം രാജ്യത്തിനു വേണ്ടി കേന്ദ്രസര്‍ക്കാരിനു പിന്നില്‍ അണിനിരക്കും. ഇതോടെ പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണം ഇല്ലാതാകും.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ പാക്കിസ്ഥാനുമേല്‍ നേടുന്ന ഏതു സൈനിക വിജയവും നരേന്ദ്രമോദിക്ക് പ്രധാനമന്ത്രി പദത്തില്‍ രണ്ടാമൂഴം ഉറപ്പിക്കാനാവും.

ഇന്ത്യന്‍ സൈനികനെ പാക് സൈന്യം മൃഗീയമായി കൊലപ്പെടുത്തിയതിലും കശ്മീരില്‍ മൂന്ന് പൊലീസുകാരെ ഭീകരവാദികള്‍ തട്ടിക്കൊണ്ടു പോയതിലും ശക്തമായ തിരിച്ചടി നല്‍കണമെന്ന നിലപാടാണ് സൈന്യത്തിനുള്ളത്. രണ്ടു സംഭവങ്ങളിലും പാക്കിസ്ഥാനു വ്യക്തമായ പങ്കുണ്ടെന്നാരോപിച്ചാണ് ഇന്ത്യ, ന്യൂയോര്‍ക്കില്‍ നടക്കാനിരുന്ന വിദേശകാര്യ മന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചയില്‍ നിന്നു പിന്മാറിയത്.

ഇന്ത്യന്‍ കരസേന മേധാവി ബിപിന്‍ റാവത്തിനു മറുപടിയുമായി പാക് സൈന്യവും യുദ്ധത്തിനു തയ്യാറാണെന്നു വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. പാക്കിസ്ഥാന്‍ യുദ്ധത്തിനു തയാറാണെന്ന് പാക് സൈനിക വക്താവ് പറഞ്ഞതായി ദി ഡോണ്‍ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. പാകിസ്ഥാനിലെ ജനങ്ങളുടെ താത്പര്യം കണക്കിലെടുത്താണ് സമാധാന മാര്‍ഗ്ഗം സ്വീകരിച്ചിരിക്കുന്നതെന്നും ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ആസിഫ് ഗഫൂറും മറുപടി നല്‍കി.

പാക്കിസ്ഥാനുമായി ഉണ്ടായിരുന്ന യുദ്ധങ്ങളിലും സൈനിക ആക്രമണങ്ങളിലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. 1971ല്‍ കേവലം 13 ദിവസം നീണ്ട പാക്കിസ്ഥാനെതിരായ യുദ്ധത്തില്‍ ഇന്ത്യ കിഴക്കന്‍ പാക്കിസ്ഥാന്‍ മോചിപ്പിച്ച് ബംഗ്ലാദേശ് എന്ന പുതിയ രാജ്യം തന്നെ രൂപീകരിച്ചു. 93,000 പാക് പട്ടാളക്കാരെയാണ് ഇന്ത്യന്‍ സൈന്യം തടവുകാരായി പിടിച്ചത്.

1971 ഡിസംബര്‍ 16ന് കിഴക്കന്‍ പാക്കിസ്ഥാനെ സ്വതന്ത്രമാക്കിക്കൊണ്ട് ഇന്‍സ്ട്രുമെന്റ് ഓഫ് സറണ്ടര്‍ എന്ന ഉടമ്പടിയോടെ യുദ്ധത്തിനു സമാപ്തിയായി. പിന്നീട് ഡിസംബര്‍ 16ന് ഇന്ത്യന്‍ സൈന്യം വിജയദിവസമായി ആചരിക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പാക് പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലി ബൂട്ടോയെ ഇന്ത്യയിലെ ഷിംലയിലേക്ക് വിളിച്ചുവരുത്തി സമാധാനക്കരാറിലും ഒപ്പുവെപ്പിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നിയന്ത്രണ രേഖയെ പാക്കിസ്ഥാനെക്കൊണ്ട് അംഗീകരിപ്പിക്കാനും ഇന്ത്യക്കു കഴിഞ്ഞു.

പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഇച്ഛാശക്തിയോടെയുള്ള ഇടപെടലായിരുന്നു ഇന്ത്യക്ക് ലോകരാജ്യങ്ങള്‍ക്കിടയില്‍ തലയെടുപ്പോടെ നിവര്‍ന്നുനില്‍ക്കാനുള്ള യുദ്ധ വിജയം സമ്മാനിച്ചത്. അന്ന് പാക്കിസ്ഥാനെ സംരക്ഷിക്കാന്‍ അമേരിക്ക കപ്പല്‍പ്പടയെ അയച്ചപ്പോള്‍ ഇന്ത്യക്ക് സൈനികപിന്തുണയുമായെത്തിയത് റഷ്യയായിരുന്നു. പാക്കിസ്ഥാനു മേല്‍ ഇന്ത്യക്കു യുദ്ധ വിജയം സമ്മാനിച്ച ഇന്ദിരാഗാന്ധിയെ ഇന്ത്യയുടെ ദുര്‍ഗാദേവി എന്നാണ് ബി.ജെ.പി നേതാവ് അടല്‍ബിഹാരി വാജ്‌പേയി വിശേഷിപ്പിച്ചത്.

1971ലേതിനേക്കാള്‍ അനുകൂല സാഹചര്യത്തിലാണ് ഇന്ന് ഇന്ത്യ. പാക്കിസ്ഥാനുമായി അമേരിക്ക ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യം ഇന്ത്യക്ക് ഇന്ന് ഏറെ ഗുണകരമാണ്. റഷ്യയാവട്ടെ ഇന്ത്യയുമായി പഴയ സൗഹൃദം കാത്തുസൂക്ഷിക്കുന്നുമുണ്ട്. ആണവശക്തികളായ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയാല്‍ അത് കനത്ത നാശനഷ്ടങ്ങളായിരിക്കും ഉണ്ടാക്കുകയെന്ന ആശങ്കയാണ് ഐക്യരാഷ്ട്ര സംഘടനക്കുള്ളത്. അതിനാല്‍ യുദ്ധ സാഹചര്യം ഒഴിവാക്കാനുള്ള അനുനയ ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.

Show More

Related Articles

Close
Close