ഇന്‍ഫോസിസ് ജീവനക്കാരിയുടെ കൊലപാതകം, പിടിയിലായ പ്രതി കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തമിഴ്‌നാട്ടില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഇന്‍ഫോസിസ് ജീവനക്കാരിയെ പട്ടാപ്പകല്‍ റെയില്‍വേ പ്ലാറ്റഫോമില്‍ വെട്ടിക്കൊന്ന കേസിലെ പ്രതി പോലീസിനെ കണ്ട് ഭയന്ന് കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു. ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കവെയാണ് കഴിഞ്ഞ വെള്ളിയാഴ്ച പ്രതി രാംകുമാര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഇയാളുടെ പ്രണയാഭ്യര്‍ത്ഥന സ്വാതി നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

ഒരു ചെറുപ്പക്കാരന്‍ പെണ്‍കുട്ടിയുമായി വാഗ്വാദം നടത്തുകയും ബാഗില്‍ നിന്നും കത്തിയെടുത്ത് വെട്ടുകയുമായിരുന്നു. റെയില്‍വേ സ്റ്റേഷനു പുറത്ത് ചുമലില്‍ ബാഗ്തൂക്കി ധൃതിയില്‍ ഒരു യുവാവിന്റെ ദൃശ്യം പോലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്ത് വിട്ടിരുന്നു. സ്വാതിയുടെ കൊലപാതകം നേരില്‍ക്കണ്ട ഒരു വൃദ്ധന്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍ കുഴഞ്ഞ് വീണ് മരിച്ചു.

സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതിയെ തിരിച്ചറിഞ്ഞ പോലീസ്,സംഭവം നടന്ന് ഒരാഴ്ചയ്ക്കു ശേഷം ചെങ്കോട്ടയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. എന്‍ജിനീയറിങ് ബിരുദധാരിയായ രാംകുമാര്‍ മൂന്നു വര്‍ഷമായി ചെന്നൈ ചൂളൈമേട്ടിലാണു താമസം. പോലീസിനെ കണ്ടയുടന്‍ കത്തി വച്ചു സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. തിരുനെല്‍വേലിയിലെ ആശുപത്രിയിലെത്തിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.

സിസി ടിവി ദൃശ്യങ്ങള്‍, ഫേസ്ബുക്ക് സന്ദേശങ്ങള്‍, ഫോണ്‍ കോള്‍ വിവരങ്ങള്‍ തുടങ്ങിയവ പിന്തുടര്‍ന്നുള്ള പൊലീസിന്റെ അന്വേഷണം തമിഴ്‌നാടിനു പുറമെ കര്‍ണാടകയിലേക്കും വ്യാപിപ്പിച്ചിരുന്നു.

Show More

Related Articles

Close
Close