തെയ്യം ഒരു നോക്കിക്കാണല്‍

രാജേഷ് കോമത്ത്

theyyam copy

തെയ്യം-മറ്റ് കേരളീയ കലാരൂപങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായ ഒരു അനുഷ്ഠാന കലാരൂപം! ആചാര-അനുഷ്ഠാനമായതിനാല്‍ ഒരു നാടിന്റെ, അവിടുത്തെ ജനതയുടെ, വിശ്വാസത്തില്‍ ശക്തമായി ആണ്ടിറങ്ങിയ കലാരൂപം! വായ്‌മൊഴിയായ് പകര്‍ന്ന്, തലമുറകള്‍ കൈമാറിവരുന്ന മിത്തുകള്‍. വര്‍ണ്ണപ്പൊലിമയുള്ള തെയ്യക്കോലങ്ങള്‍, ക്രമേണ അതിന്റെ സ്വഭാവിക പരിസരം വിട്ട് പുറത്തു വന്നുകഴിഞ്ഞു. അതിനെ ആരാധിക്കുന്ന, കലയെന്ന നിലയില്‍ ആദരിക്കുന്ന ആളുകള്‍ മറുനാടുകളിലും കുറവല്ല. തെയ്യത്തെക്കുറിച്ച്, അതിന്റെ വിവിധരൂപങ്ങളെക്കുറിച്ച്, ഒക്കെ ധാരാളം ലേഖനങ്ങളും പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ അവയൊക്കെ പുറത്തുനിന്ന് തെയ്യത്തെ നോക്കിക്കാണുന്ന വയും പഠിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവയാണ്. എന്നാല്‍ ഒരു തെയ്യംകെട്ടു കുലത്തില്‍ പിറന്ന് ആ പാരമ്പര്യം ഏറ്റുവാങ്ങി, കണ്ട് വളര്‍ന്ന് പിന്നീട് തെയ്യം കെട്ടുകയും ഒപ്പം ഉന്നതവിദ്യാഭ്യാസം നേടി സ്വന്തം പാരമ്പര്യത്തെ ഒന്നുമാറി നിന്ന് നോക്കിക്കാണുകയും പഠിക്കുവാന്‍ ശ്രമിക്കുകയും തെയ്യം സംബന്ധിയായ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അതിന്റെ ഉന്നമനത്തിനുവേണ്ടി പരിശ്രമിക്കുകയും ചെയ്യുന്ന ഒരാള്‍…….. അയാള്‍ രചിച്ച പുസ്തകം ”നാട്ടുദൈവങ്ങള്‍ സംസാരിച്ച് തുടങ്ങുമ്പോള്‍” ………… ശ്രീ രാജേഷ് കോമത്തിന്റെ ആത്മവംശവിവരണപരമായ ഈ പുസ്തകത്തെ മുന്‍നിര്‍ത്തി അദ്ദേഹവുമായി ഒരു സംഭാഷണം. തെയ്യത്തെക്കുറിച്ച്, അതിന്റെ മാറുന്ന ചുറ്റുപാടുകളെക്കുറിച്ച്…….

 

 

തെയ്യ(ദൈവ)ത്തോട് സംസാരിക്കുമ്പോള്‍
വടക്കേ മലബാറിന്റെ സ്വന്തം ആചാര അനുഷ്ഠാന കലയെന്ന് തീര്‍ത്തും പറയാവുന്ന, അവിടുത്തെ മനുഷ്യരുടെ വിശ്വാസങ്ങളില്‍ രൂഢമൂലമായ, ഒന്നാണ് തെയ്യം. തെയ്യം കെട്ടിയാടപ്പെടുന്ന ഓരോ ദേശത്തേയും ഓരോ വ്യക്തിക്കും അതേക്കുറിച്ച് പങ്കുവയ്ക്കാന്‍ എന്തെങ്കിലും ഒരറിവ് ഉണ്ടാകും. നിശ്ചിത ഇടം എന്ന് നിര്‍വ്വചിക്കാനാകാതെ, തെയ്യമായി മാറുന്ന നിമിഷം മുതല്‍ കാഴ്ചക്കാരുമായി മാനസികമായ ഒരു ഐക്യത്തിലെത്തി, പിന്നീട് ദൈവികമായ അരുളപ്പാടുകളിലൂടെ കടന്നുപോകുമ്പോള്‍ തെയ്യം ദൈവമല്ല എന്ന് അവിടെക്കൂടിയ ജനസമൂഹത്തില്‍ ഒരാള്‍ക്കുപോലും പറയാനാകാത്ത വിധം ഒരു താദാത്മ്യം ആ പ്രദേശങ്ങളില്‍ മുഴുവന്‍ നിറയുന്ന് അപൂര്‍വ്വ കാഴ്ച!.
തെയ്യം പലതുമാണ്. അതൊരു സാമൂഹികമായ വ്യവസ്ഥിതിയുടെ ഭാഗമായ, നിലനിര്‍ത്തലുകളുടെ ഭാഗമായ, ജാതീയ ഉച്ചനീചത്വങ്ങള്‍ പ്രകടമാക്കുന്ന ഒന്നാണ്. എന്നാല്‍ എല്ലാ ഉച്ച നീചത്വങ്ങളും പ്രതീകാത്മമെങ്കിലും അനുഷ്ഠാന ഇടത്തിലെങ്കിലും അപ്പാടെ അപ്രത്യക്ഷമാകുന്നതുമാണ്. ഇതൊരു അനുഷ്ഠാനമാണ്. പാരമ്പര്യവിധി പ്രകാരം വാമൊഴിയായ് പകര്‍ന്നുകിട്ടിയവയാണ് അതിലെ തോറ്റങ്ങള്‍. നിശ്ചിതമായ അടവുകള്‍ രൂപപ്പെട്ടിട്ടില്ല എങ്കിലും, സംഗീതത്തിന്റെയും ചിത്രരചനയുടെയും കരകൗശല വൈദഗ്ദ്ധ്യത്തിന്റെയും സാധ്യതകള്‍ നിറഞ്ഞ ഒന്നാണിത്.
വ്രതം നോറ്റ്, തെയ്യമായി മാറുവാന്‍ മാനസികമായി പരിശ്രമിച്ച്, തെയ്യക്കോലത്തിനാവശ്യമായവ മുഴുവന്‍ പ്രകൃതിയില്‍ നിന്ന് മാത്രം കണ്ടെത്തി തെയ്യമായ്-ദൈവമായ് മാറി ഒടുവില്‍ ഒരു ചെണ്ടക്കോലിന്റെ അവസാന നിശ്വാസതാളത്തില്‍ തിരികെ മനുഷ്യനായ് മണ്ണിലേക്ക് അറ്റുവീഴുന്ന തെയ്യം!…. തെയ്യംകെട്ടുകാരന്‍… വെറും മനുഷ്യനായ്… താഴ്ന്ന ജാതിക്കാരനായ്.
ചോ: ഈ കൂടിക്കാഴ്ചയില്‍ ആദ്യമായി ചോദിക്കുവാനുള്ളത് കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം തുടങ്ങിയ കലാരൂപങ്ങളുമായി തെയ്യത്തെ താരതമ്യപ്പെടുത്തിയാല്‍ തെയ്യത്തിന് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം എത്രത്തോളമാണ്.?
ഉ: കഥകളി, കൂടിയാട്ടം മുതലായ എല്ലാ കലാരൂപങ്ങളും ഒരു നിശ്ചിത വേദിയില്‍ നടത്തപ്പെടുന്നതാണ്. അവയിലൊക്കെ കാണികള്‍ക്ക് അഭിനേതാവുമായി നടത്താവുന്ന ഇടപെടല്‍ വളരെ പരിമിതവുമാണ്. പക്ഷേ, തെയ്യത്തെ സംബന്ധിച്ചാണെങ്കില്‍ തലമുറകള്‍ കൈമാറി വന്ന വിശ്വാസ പ്രമാണങ്ങളുടെ ഒരു അദൃശ്യമായ ചരട് കാഴ്ചക്കാരിലും അതുപോലെ തെയ്യം കെട്ടുകാരിലും ഒരുപോലെ നിലനില്ക്കുന്നു. അടക്കിവച്ചിരിക്കുന്ന വ്യഥകള്‍, നടപ്പിലാകാത്ത ആഗ്രഹങ്ങള്‍ ഒക്കെയും തെയ്യത്തിന് മുന്നില്‍ സമര്‍പ്പിച്ച് അനുഗ്രഹം നേടുക എന്ന വളരെ വ്യത്യസ്ഥമായ ഒരു തലം തെയ്യത്തിന് മാത്രം അവകാശപ്പെടാവുന്ന ഒന്നാണ്. അതുവരെ കീഴ്ജാതിക്കാരന്‍ എന്ന് മാറ്റിനിര്‍ത്തപ്പെടുന്ന ആളെ തെയ്യം കെട്ടിക്കഴിയുമ്പോള്‍ യാതൊരു ജാതിഭേദവും കൂടാതെ ദേശം ഒന്നായി സ്വീകരിക്കുന്നു. ഈ ഒരു സമര്‍പ്പണം മറ്റൊരു അനുഷ്ഠാന കലാ പ്രദര്‍ശനത്തിലും സംഭവിക്കുന്നില്ല. മാത്രവുമല്ല മറ്റ് കലകളുടെയൊക്കെ പ്രാഥമിക പരിഗണന മാനസിക ഉല്ലാസം എന്നതാകുമ്പോള്‍ തെയ്യത്തില്‍ ആ ദേശത്തിലെ ആളുകളുടെ ഒത്തുചേരല്‍ പാരമ്പര്യത്തിന്റെ കൈമാറ്റം, പൂര്‍വ്വികരെ സ്മരിക്കുക, വ്യക്തികളുടെ ആന്തരിക സംഘര്‍ഷങ്ങളുടെ ലഘൂകരണം തുടങ്ങി വിവിധങ്ങളായ ധര്‍മങ്ങള്‍ നിറവേറ്റുന്നു. തെയ്യത്തിലുള്ള വിശ്വാസം തന്നെയാണ് ഇന്നും ഇത് തുടര്‍ന്നുപോരുന്നതിനുള്ള പ്രധാന കാരണവും. അതുകൊണ്ടുതന്നെ നിസ്സംശയം പറയുവാനാകും തെയ്യം ജനങ്ങളില്‍ ചെലുത്തിയിരിക്കുന്ന സ്വാധീനം മറ്റ് കലകളില്‍ നിന്നും വ്യത്യസ്തമായി വളരെയേറെ ആഴത്തിലും പരപ്പിലും ഉള്ളതാണ് എന്ന്. അതുകൊണ്ട് തെയ്യത്തെ മതജീവിതത്തിന്റെ സാമൂഹിക കൂട്ടായ്മയുടെ പ്രാക് രൂപങ്ങളാണെന്ന് പറയാവുന്നതാണ്

ചോ: ഒരു തെയ്യം കെട്ടുകലാകാരന്റെ സ്ഥാനത്ത് നിന്ന് ചിന്തിച്ചാല്‍ താങ്കളുടെ അഭിപ്രായത്തില്‍ തെയ്യം ഒരു അനുഷ്ഠാനം എന്ന നിലയില്‍ തുടരുന്നതോ അതോ കല എന്ന നിലയില്‍ അറിയപ്പെടുന്നതോ ഏതാണ് തെയ്യത്തിന്റെ നിലനില്പിന് നല്ലത്?
നിശ്ചയമായും രണ്ടും എന്നതാണ് ഉത്തരം അടിസ്ഥാനപരമായി തെയ്യം ഒരു അനുഷ്ഠാന ആചാരം തന്നെയാണ്. അത്തരത്തില്‍ ആചാരപരമായ ഒരു ആവശ്യകത നിലനില്ക്കുന്നതുകൊണ്ടുതന്നെയാണ് തെയ്യം ഇന്നും നിലനിന്നുപോരുന്നതും. എന്നാല്‍ തെയ്യം കലാപരമായ ചിട്ടവട്ടങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാത്ത ഒന്നുമല്ല. പൂര്‍ണ്ണമായും എഴുതി ചിട്ടപ്പെടുത്തിയ ശാസ്ത്രവിധികള്‍ ചൂണ്ടിക്കാട്ടുവാനില്ലെങ്കിലും കാലാകാലങ്ങളില്‍ വാമൊഴിയായ് പകര്‍ന്നുവന്ന വഴിയില്‍ അറിയാതെ തന്നെ നിഷ്ഠകള്‍ കടന്നുവന്നിട്ടുണ്ട്. കാലം പുരോഗമിക്കേ, ചുറ്റുപാടുകളിലെ മാറ്റങ്ങള്‍ തെയ്യം കെട്ടുകാരനിലും അറിയാതെ സ്വാധീനം ചെലുത്തിത്തുടങ്ങിയിട്ടുമുണ്ട്. ഒരു കല എന്ന രീതിയില്‍ തന്നെയാകും തെയ്യത്തിന്റെ പുറത്തേക്കുള്ള വ്യാപനം ത്വരിതഗതിയില്‍ നടത്തപ്പെടുക. വര്‍ണ്ണപ്പൊലിമയുള്ള ഉടയാടയും മുഖത്തെഴുത്തും മുടിയും ഒക്കെ ഏത് മനുഷ്യനേയും ഒന്ന് നിന്ന് നോക്കുവാന്‍ പ്രേരിപ്പിക്കുന്നതാണ്. ചിത്രമെഴുത്തിന്റെ സാധ്യതകള്‍, കരകൗശല വൗദഗ്ദ്ധ്യം, സംഗീതം ഇവയെല്ലാം ചേര്‍ന്നുവരുന്ന ഒന്നാണ് തെയ്യം. പക്ഷേ, അതുകൊണ്ടുമാത്രം ഒരു കല എന്ന രീതിയിലേക്ക് പൂര്‍ണ്ണമായും എത്തുന്നില്ല. ഇനിയും രംഗാവതരണത്തിലും മറ്റും മികച്ച സംഭാവനകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. മുഖത്തെഴുത്തിലും അഭിനയത്തിലും, ചെണ്ടയുടെ തെയ്യത്തിന്റേത് മാത്രമല്ല താളക്രമത്തിലൊക്കെ ചിട്ടപ്പെടുത്തലുകള്‍ ഇനിയും ആവശ്യമാണ്. അത്തരത്തില്‍ ഒരു കലയും അനുഷ്ഠാനവുമായി തെയ്യം നിലനില്ക്കുന്നുവെങ്കില്‍ നിശ്ചയമായും തെയ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണം ശുഭകരമായിരിക്കും. അതിന് തനതും ആധുനികവുമായ രംഗാവതരണ സങ്കല്‍പനങ്ങള്‍ക്ക് കൂടുതല്‍ സംഭാവനകള്‍ നല്‍കാനുണ്ട്
ചോ: ചൂട്ടുകറ്റകളുടേയും എണ്ണവിളക്കുകളുടേയും പ്രഭയില്‍ ഒരു മാന്ത്രിക സാന്നിദ്ധ്യമായി നടത്തപ്പെട്ടിരുന്ന തെയ്യം ഇന്ന് വൈദ്യുത ദീപപ്രഭയില്‍ നടത്തപ്പെടുന്നു. മുറിച്ചു മാറ്റിയ മരങ്ങള്‍ക്കിടയില്‍ കോണ്‍ക്രീറ്റ് തെയ്യത്തറകള്‍ ഉയരുന്നു. ഒരു പാരിസ്ഥിതിക വീക്ഷണത്തില്‍ തെയ്യത്തിന്റെ പ്രാധാന്യം?
ഉ: തെയ്യത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം എന്ന് പറയുമ്പോള്‍ ഏറ്റവും ആദ്യം പറയാവുന്നത് തെയ്യത്തില്‍ ഒന്നും കൃത്രിമമായി ഉപയോഗിക്കുന്നില്ല എന്നതാണ്. ആടയും ആഭരണങ്ങളും പൂര്‍ണ്ണമായും പ്രകൃതിദത്തം. കുരുത്തോലയും തെച്ചിപ്പൂവുമൊക്കെ ആഭരണങ്ങളും വാഴനാരുകള്‍ മുടിയും ആയിമാറുന്നു. ആധുനിക കാലത്ത് പ്രകൃതിജന്യമല്ല എന്ന് വിശേഷിപ്പിക്കാവുന്ന, തെയ്യത്തില്‍ ഉപയോഗിക്കുന്ന ഏക വസ്തു സ്റ്റാപ്‌ലര്‍ പിന്‍ ആണ്. അതാകട്ടെ പുറത്തേക്ക് ദൃശ്യവുമല്ല. ഇത് ആടയാഭരണങ്ങളുടെ കാര്യം. ഇനി തെയ്യത്തറകളെക്കുറിച്ച് ചിന്തിച്ചാലോ? തെയ്യത്തറകള്‍ ഇന്നും സംരക്ഷിക്കപ്പെടുന്ന തെയ്യത്തിലുള്ള വിശ്വാസം കൊണ്ട് മാത്രമാണ്. കാവുകളിലെ മുന്നൂറും നാനൂറും വര്‍ഷം പഴക്കം ചെന്ന ചെമ്പക മരങ്ങള്‍ ഇന്നും പൂവിട്ട് നില്ക്കുന്നത് തെയ്യം വിശ്വാസം എന്ന ഒന്നില്‍ച്ചാരിയാണ്. വയനാട്ട്കുലവന്‍ പോലുള്ള തെയ്യം കെട്ടിയാടുന്ന ഇടങ്ങള്‍ ചുറ്റും അല്പം കാട് സംരക്ഷിക്കാനും കാവിന്റെ ചുമതലക്കാര്‍ നിര്‍ബന്ധിതരാകുന്നുമുണ്ട്. കാരണം വയനാട്ട് കുലവന് ‘വേട്ടയാടാന്‍’ കാട് വേണമല്ലോ. ഇത്തരത്തില്‍ ചിന്തിച്ചാല്‍ തെയ്യം പ്രകൃതിസംരക്ഷണത്തിലും ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട് എന്ന് പറയാം. എന്നാല്‍ ലാഭേഛയുടെ മനോനിലയുള്ളവര്‍ പുലവന്റെ വേട്ടയാടലിനെ മാനിനേയും മുയലിനേയും വെടിവെച്ച് കൊല്ലുന്നത് ജൈവപരമായ മനുഷ്യകൂട്ടായ്മയുടെ തകര്‍ച്ചയില്‍, ആധുനിക മൂലധന അധിനിവേശം കാരണവുമാണ്. ലളിതമായ സാമൂഹ്യ ചുറ്റുപാടുകള്‍ സങ്കീര്‍ണമാകുമ്പോള്‍ അനുഷ്ഠാന വരതയുടെ അതിര്‍വരമ്പുകള്‍കടക്കുമ്പോള്‍ തെയ്യത്തിന്റെ പ്രകൃതിസംരക്ഷണവശത്തെ ഇല്ലാതാക്കുന്നുണ്ട്. അത് തെയ്യത്തിന്റെയോ തെയ്യംകെട്ടുകാരുടെയോ പ്രശ്‌നമല്ല.
ചോ: വിവിധതരം തെയ്യങ്ങള്‍ ഒറ്റനോട്ടത്തില്‍ പറഞ്ഞാല്‍….?
അമ്മദൈവങ്ങള്‍, കാര്‍ന്നവര്‍തെയ്യങ്ങള്‍, മാന്ത്രികതെയ്യങ്ങള്‍, മുത്തശ്ശിതെയ്യം (പോതി). മുത്തശ്ശിതെയ്യവും കാര്‍ന്നവര്‍തെയ്യവും ഒക്കെ ഒരു തെയ്യം നടത്തുന്ന തറവാട്ടിലെ പൂര്‍വ്വികരുടെ തന്നെ വരവായി കണക്കാക്കി നടത്തപ്പെടുന്നതാണ്. അമ്മതെയ്യങ്ങള്‍ ദേവിമാരുടെ വിവിധ രൂപങ്ങളാണ്. മാന്ത്രികതെയ്യങ്ങള്‍ കുട്ടിച്ചാത്തന്‍ പോലുള്ളവ ഉള്‍പ്പെടും.
ചോ: മറ്റൊരു കലയ്ക്കുമില്ലാത്ത സവിശേഷത തെയ്യത്തിനുണ്ട്. തെയ്യം കെട്ടുകാരന്‍ ദൈവമായി മാറുന്നു. തിരികെ കോലം അഴിക്കുന്നതോടെ പച്ചമനുഷ്യനാകുന്നു. ഈ അവസ്ഥാന്തരണം താങ്കള്‍ ആസ്വദിക്കുന്നുവോ? ആ നിമിഷങ്ങളിലെ വികാരം? എന്താണവിടെ സംഭവിക്കുന്നത്?
ഉ: സത്യത്തില്‍ തെയ്യം കെട്ടുകാരന്‍ വശഴവഹ്യ ലിലൃഴശരമഹ ആയ തുരിയംപോലൊരു അവസ്ഥയിലേക്ക് ഉയര്‍ത്തപ്പെടുകയാണ്. ആ അവസ്ഥയില്‍ എത്തിയാല്‍ പിന്നെ പറയുന്നതും കേള്‍ക്കുന്നതും ഒക്കെ ബോധത്തിനും അപ്പുറമാകും. വേണമെങ്കില്‍ വാദിക്കാം ആ സമയത്തും തെയ്യത്തിന് മെക്കാനിക്കലായി പ്രവര്‍ത്തിക്കാമെന്ന്. പക്ഷേ എത്രപേരോട് എത്രനേരം അങ്ങനെ മെക്കാനിക്കലാകാന്‍ സാധിക്കും. നാനൂറും അഞ്ഞൂറും പേര്‍ മുന്നില്‍വന്ന് പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ അതിനുള്ള പരിഹാരവും തെയ്യം അതേസമയം നല്‍കുകയാണ്. അത് ഒരിക്കലും പഠിച്ച് ചെയ്യുന്നതോ ഓര്‍ത്ത് ചെയ്യുന്നതോ ആവില്ല. ആകാന്‍ സാധ്യവുമല്ല. തെയ്യം, മനുഷ്യന്‍ എന്ന ബോധത്തിനുമപ്പുറത്തേക്ക് ഉയര്‍ത്തപ്പെടുകയാണ്. പിന്നെ തെയ്യം ഉപയോഗിക്കുന്ന ‘ഞാന്‍’ എന്ന വാക്ക് അവനവനെയല്ല് ഉദ്ദേശിക്കുന്നത്. സത്യത്തില്‍ തെയ്യംകെട്ടുകാരന്‍ തെയ്യമാകുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നേരത്തേ തന്നെ തുടങ്ങുന്നുണ്ട്. 21 ദിവസത്തെ വ്രതം നോറ്റ് ആരംഭിക്കുന്ന തയ്യാറെടുപ്പ് എന്നും പറയാനാകില്ല. അതിനും മുമ്പ് അച്ഛനപ്പുപ്പന്മാര്‍ പകര്‍ന്നു തരുന്ന തെയ്യത്തെക്കുറിച്ചുള്ള അനുഭവകഥകള്‍, മിത്തുകള്‍ ഒക്കെയും ചേര്‍ന്ന് തെയ്യംകെട്ടുകാരന്റെ മനസ്സ് ആദ്യമേ തന്നെ പാകപ്പെട്ടിരിക്കും. എന്റെ അച്ഛന്‍ എന്നോട് പറയുന്നും ‘നിനക്ക് ദൈവത്തെക്കാണാം’ എന്നാണ്. അപ്പോള്‍ ആ ഒരു മാനസികനിലയില്‍ ഇരുപത്തൊന്ന് ദിവസത്തെ വ്രതം നോറ്റ് പിന്നെ തെയ്യത്തിന് വേണ്ട ഒരുക്കങ്ങള്‍ നടത്തി കുരുത്തോല അലങ്കാരങ്ങള്‍ നിര്‍മ്മിച്ച് മുഖത്തെഴുതി പതുക്കെ ആരംഭിക്കുന്ന താളം മുറുകി പരകോടിയിലെത്തുമ്പോള്‍ തെയ്യവും ആ തുരിയാവസ്ഥയിലേക്ക് മാറ്റപ്പെടുന്നു. ആ തെയ്യത്തിന്റെ ഊര്‍ജ്ജ വ്യതിയാനം അപ്പോഴേക്കും ചുറ്റും കൂടിയവരിലും സംഭവിക്കുന്നുണ്ട്. ഏതാണ്ട് കാഴ്ചക്കാരും തെയ്യവും ഒക്കെ ഒരേ സങ്കടങ്ങള്‍ പറയുന്നവരുടെ മുന്നില്‍ ആശ്വാസം നല്കി അനുഗ്രഹം നല്കി തെയ്യം വിളങ്ങുന്നു. കാഴ്ചക്കാരില്‍ ദൈവം നേരിട്ട് തൊട്ടടുത്ത് എത്തിയ പ്രതീതി. സങ്കടങ്ങള്‍ തെയ്യത്തിനു മുന്നില്‍ ഇറക്കിവച്ച് വലിയ ആശ്വാസത്തിലേക്ക് വിശ്വാസികള്‍ മാറുന്നു. പറമ്പില്‍ പണിയെടുക്കുമ്പോഴോ കിണര്‍ കുഴിക്കുമ്പോഴോ ഒക്കെ തന്റെ മുന്നില്‍ വരുന്ന കീഴ്ജാതിക്കാരനായ ആളെ തെയ്യമായി ദൈവമായി മുന്നില്‍ വരുമ്പോള്‍ അംഗീകരിക്കാതിരിക്കാന്‍ തെയ്യത്തറയുടെ അല്ലെങ്കില്‍ കാവിന്റെ ഉടമസ്ഥരായ തെയ്യം നടത്തിപ്പുകാര്‍ക്ക് സാധിക്കില്ല. അവരും ആ സമയം ദൈവമായിക്കണ്ട് മുന്നില്‍ കൈകൂപ്പി നില്ക്കുകയാണ്. തെയ്യം കല്പനകള്‍ ഏറ്റുവാങ്ങുകയാണ്. ഒരുപക്ഷേ, ഏറ്റവും വലിയ ‘സമത്വം’ താത്കാലികമെങ്കിലും അവിടെ ഒരു വലിയ ജനകീയ ചുറ്റുപാടില്‍ സംഭവിക്കുകയാണ് എന്നുപറയാം.
ചോ: ഒരു അനുഷ്ഠാനമെന്ന് വിളിച്ചാലും കലയെന്ന് വിളിച്ചാലും മലബാറിനിപ്പുറം തെയ്യം ഘോഷയാത്രകള്‍ക്കിടയിലെ ഒരു കെട്ടുകാഴ്ചയാകുന്നു. ഇത് എതിര്‍ക്കപ്പെടേണ്ടതല്ലേ?
ഉവ്വ്. ഞാനത് ശ്രദ്ധിച്ചിട്ടുണ്ട്. നിങ്ങള്‍ക്കറിയുമോ ഇവിടെ തിരുവനന്തപുരത്ത് പോത്തന്‍കോടിനടുത്ത് തെയ്യം പഠനകേന്ദ്രം എന്നൊരു ബോര്‍ഡ് റോഡരികില്‍ കാണാം. അവിടെ പഠിപ്പിക്കുന്നത് തിരുവനന്തപുരത്തുകാര്‍ തന്നെയാണ്. ആരുംതന്നെ പരമ്പരാഗത തെയ്യം കെട്ടുകാരല്ല. കോസ്റ്റ്യൂംസ് ഉപയോഗിച്ച് തെയ്യം എന്ന് തോന്നിക്കുന്ന വിധത്തില്‍ എന്തോ ഒരു വേഷം കെട്ടുക. അതാണ് തെയ്യം എന്ന് തെയ്യത്തെക്കുറിച്ച് അറിയാത്ത ജനങ്ങളോട് പറയാതെ പറയുക. ഇത് ഘോഷയാത്രകളിലും മറ്റും ഉള്‍പ്പെടുത്തുക. ഇതൊക്കെ സ്ഥിരം കാഴ്ചകളാണ്. എതിര്‍ക്കപ്പെടേണ്ടതുമാണ്. പക്ഷേ, യഥാര്‍ത്ഥ തെയ്യം കെട്ടുകാര്‍ ദൂരെ ദേശങ്ങളിലെ ചെറുഘോഷയാത്രകളിലെ ഇത്തരം പ്രവണതകള്‍ അറിയുന്നുമില്ല, അത് തടയാനാകുന്നുമില്ല. ഇങ്ങനെയൊക്കെയുണ്ടെങ്കിലും എല്ലാവര്‍ഷവും കനകക്കുന്ന് കൊട്ടാരത്തില്‍ നടത്തപ്പെടുന്ന തെയ്യം, അത് അനുഷ്ഠാനപൂര്‍വ്വം നടത്തപ്പെടുന്നതും ധാരാളം പേര്‍ വിശ്വാസത്തോടുകൂടിത്തന്നെ അത് കാണാന്‍ വരുന്ന ഒരു സന്ദര്‍ഭവുമാണ്. അവര്‍ മിക്കവരും തിരുവനന്തപുരം സ്വദേശികള്‍ തന്നെയാണ് എന്നത് സന്തോഷകരമായ കാര്യവുമാണ്. അനുഷ്ഠാനരീതി പൂര്‍ണ്ണമായും പിന്തുടര്‍ന്ന് തെയ്യം മറ്റൊരിടത്ത് പുനരവതരിപ്പിക്കുന്നത് തെയ്യത്തിന്റെ പ്രചാരത്തിന് ഗുണകരമാകുകയേ ഉള്ളൂ.
ചോ: ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെയുള്ള ഉദ്‌ഘോഷം പൊട്ടന്‍തെയ്യം നടത്തുന്നുണ്ടല്ലോ. ഈ വിളിച്ചുപറച്ചിലുകള്‍ക്കിപ്പുറം ഒരു തെയ്യംകെട്ടുകാരന്റെ സാമൂഹിക സാഹചര്യം എത്രത്തോളം പുരോഗമിച്ചിരിക്കുന്നു?
ജാതീയമായ വേര്‍തിരിവ്, അവജ്ഞ ഇതൊക്കെ വളരെ രൂക്ഷമായി അനുഭവിച്ചിരുന്നവരാണ് തെയ്യം കെട്ടുകാര്‍. മേലാളന്റെ പണികള്‍ ചെയ്യുന്ന, കല്പനകള്‍ അനുസരിച്ച് മാത്രം ജീവിക്കുവാന്‍ സാധിക്കുന്ന, കൊടിയ ശിക്ഷകള്‍ ഏറ്റുവാങ്ങേണ്ടിവരുന്ന മാനസികമായി ഏറെ സംഘര്‍ഷം അനുഭവിക്കുന്ന പട്ടിണി ഒരു യാഥാര്‍ത്ഥ്യമായി ഉള്‍ക്കൊള്ളേണ്ടിവരുന്ന ഒരു വിഭാഗം ജനങ്ങള്‍. നിശ്ചയമായും ജനങ്ങളും ഈ വികാരം മനസ്സിലാക്കുന്ന തെയ്യം അതിന്റെ സാമൂഹികമായ കാഴ്ചപ്പാട്, അനീതിക്കെതിരെയുള്ള പ്രതിഷേധം, അത് സാധ്യമായ ഇടത്ത് പ്രകടിപ്പിക്കുന്നു. തെയ്യമായതുകൊണ്ട് ആ സമയത്ത് പ്രകടിപ്പിക്കുന്ന ധാര്‍മ്മിക രോഷം ചോദ്യം ചെയ്യാനും മേലാളന്മാര്‍ക്ക് സാധിക്കില്ല. ഒപ്പം നോക്കൂ നിങ്ങള്‍ ചെയ്യുന്നത് നീതികേടാണ്. ദൈവം ഇത് ഇഷ്ടപ്പെടുന്നില്ല എന്ന സൂചന വളരെ ശക്തമായി നല്കുന്നുമുണ്ട്. പക്ഷേ, തെയ്യം കഴിയുന്നതോടെ കാര്യങ്ങള്‍ പഴയ അവസ്ഥയിലെത്തുന്നു. എങ്കിലും അത് കേള്‍ക്കുന്നവരില്‍ ഒരു മനഃസാക്ഷിക്കുത്തെങ്കിലും സൃഷ്ടിക്കാന്‍ ഈ പറച്ചിലുകള്‍ സഹായിക്കുന്നുണ്ട്. പിന്നെ ഇത് വിദ്യാഭ്യാസവും തൊഴില്‍ സ്വാതന്ത്ര്യവും ഒക്കെച്ചേര്‍ന്ന് ജനാധിപത്യത്തിന്റെ ഗുണഫലം എല്ലാ മേഖലകളിലും എന്നതുപോലെ പണ്ട് കീഴാളര്‍ എന്ന് കരുതിയിരുന്നവരുടെ ഉന്നമനത്തിനും കാരണമായിട്ടുണ്ട്. അതുകൊണ്ട് ഇന്ന് അന്നത്തെപ്പോലുള്ള വേര്‍തിരിവുകള്‍ പ്രകടമായി അവശേഷിക്കുന്നില്ല. എങ്കിലും ഭൂപരിഷ്‌കരണത്തിന്റെ ഗുണഫലങ്ങള്‍ ഏറെയൊന്നും തെയ്യംകെട്ടുകാരില്‍ എത്തിയില്ല എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.
ചോ: പലതരം സാമൂഹിക പരിഷ്‌കരണങ്ങള്‍ക്ക് ശ്രീനാരായണഗുരുവിന്റെയും, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കനാളുകളിലെ വളര്‍ച്ചയുടെയും, സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെയും കാലഘട്ടത്തില്‍ കേരളം വേദിയായി. ഈ ഇടപെടലുകളെ ഒരു തെയ്യം കലാകാരന്‍ എന്നതിലൂടെ മലബാര്‍ പ്രദേശവാസി എന്ന നിലയില്‍ താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു?
ശ്രീനാരായണഗുരുവിന് തെക്കന്‍ ഭാഗങ്ങളില്‍ ഉണ്ടായിരുന്ന അത്രയും സ്വാധീനം വടക്കന്‍ മലബാറില്‍ ഉണ്ടായിരുന്നോ എന്ന് സംശയമുണ്ട്. പ്രധാനമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാമൂഹികതലത്തിലും മുന്നേറിയ പ്രബല തിയ്യ ഗൃഹങ്ങളിലാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്. സ്വാഭാവികമായും അവര്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രചരിച്ചു. പക്ഷേ, തലശ്ശേരി ജഗന്നാഥന്‍ക്ഷേത്രത്തിലെ ചെണ്ടകൊട്ടല്‍ കാര്യത്തില്‍ ചെറുജന്മാവകാശമുള്ള മലയന്‍മാരെ കീഴ്ജാതിക്കാര്‍ ചെണ്ടകൊട്ടണ്ട പകരം ഞങ്ങള്‍ തന്നെ കൊട്ടിയാല്‍ മതി എന്ന തീരുമാനം തീയര്‍ക്കിടയില്‍ ഉണ്ടാവുകയും അതിന്‍പ്രകാരം മലയരെ അവിടെ ചെണ്ടകൊട്ടുന്നതില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. അതില്‍ നിന്നും പരമ്പരാഗത ജാതി സമ്പ്രദായവും അതിന്‍മേലുള്ള മേലാളന്റെ കടുംപിടുത്തവും വളരെ ആഴത്തില്‍ വേരോടിയതായിരുന്നു എന്ന് കാണുവാന്‍ സാധിക്കും. തിയ്യ എന്ന ശബ്ദം പോലും ‘നീച എന്ന ഗുണത്തെയാണ് സൂചിപ്പിക്കുന്നത്. ചില താഴ്ന്നജാതിക്കാര്‍ മറന്നുപോകുന്ന ചില കാര്യങ്ങളുണ്ട് അവര്‍ അവര്‍ക്ക് ജാതീയമായി താഴെയാണെന്ന് ധരിക്കുന്നവരുടെ തലയില്‍ ചവിട്ടാന്‍ അവര്‍ക്കിഷ്ടമാണ്.
പിന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം-അതിലേക്ക് ആളുകള്‍ പ്രധാനമായും ആകൃഷ്ഠരായത് അതിന്റെ തത്വശാസ്ത്രം മനസ്സിലാക്കിയല്ല മറിച്ച് നിഷേധിക്കപ്പെട്ട അവകാശങ്ങള്‍, അത് നേടിയെടുക്കാനുള്ള ഒരു പ്രസ്ഥാനമായാണ്. അതുകൊണ്ടുതന്നെ നിരീശ്വരവാദം ഒക്കെ പറയുമ്പോള്‍ തന്നെ, പാര്‍ട്ടിക്ക് വോട്ട് ചെയ്തുകൊണ്ടുതന്നെ ആളുകള്‍ തെയ്യത്തിനു പങ്കെടുക്കുന്നു. അതിന്റെ നടത്തിപ്പുകാരായി മാറുകയും ചെയ്തു. മാത്രവുമല്ല, പാര്‍ട്ടിയുടെ ഇടപെടല്‍ ഭയന്ന് തെയ്യം കെട്ടുകാര്‍ക്ക് മാന്യമായ പ്രതിഫലം നല്കുവാനും തെയ്യം നടത്തിപ്പുകാര്‍ തയ്യാറാകേണ്ടിവന്നു. തെയ്യം കെട്ടി തളര്‍ന്ന് വീണവര്‍ മേലാളന്റെ തല്ല് വാങ്ങി മടങ്ങിയ കാലം അതോടെ മാറിത്തുടങ്ങി. ന്യായമായ പ്രതിഫലം തെയ്യക്കാരന്റെ അവകാശമാണെന്ന് വന്നു. ദൈവസങ്കല്‍പ്പങ്ങള്‍ക്കപ്പുറം വിരോധാഭാസമെങ്കിലും പാര്‍ട്ടിയുടെ അത്തരത്തിലുള്ള ഇടപെടല്‍ പൊതുവേ കീഴാളര്‍ക്ക് ഗുണകരമായി മാറി.
ചോ: പുസ്തകം എഴുതുവാനുള്ള സാഹചര്യം?
ഉ: വളരെ സാധാരണമായ ഒരു നാട്ടിന്‍പുറത്താണ് ഞാന്‍ ജനിച്ച് വളര്‍ന്നത്. നാട്ടിലെ വായനശാലകളും മറ്റും വായനയേയും പഠനത്തേയും പ്രോത്സാഹിപ്പിച്ചിരുന്നു. പൊതുവേ തെയ്യം കെട്ടുകാര്‍ക്ക് ജന്മനാ തന്നെ ഒരു ക്രാഫ്റ്റ് കിട്ടും. അത്യാവശ്യം പാടാനും കുരുത്തോല കൊണ്ട് തെയ്യം കെട്ടിനാവശ്യമായവ ഉണ്ടാക്കുവാനും ഒക്കെയുള്ള ക്രാഫ്റ്റ്. എന്റെ അച്ഛന് അക്ഷരാഭ്യാസമില്ല. എന്നിട്ടും മനോഹരമായ രീതിയില്‍ ആധുനികരീതിയില്‍ അദ്ദേഹം തോറ്റങ്ങള്‍ പാടും, ചിത്രങ്ങള്‍ വരയ്ക്കും. ഈ ഒരു പരിസ്ഥിതിയില്‍ തെയ്യത്തെ കണ്ടറിഞ്ഞ ഞാന്‍ മുതിര്‍ന്നപ്പോള്‍ തെയ്യത്തെ കൂടുതലറിയാന്‍ അതേക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിക്കുവാനും ആരംഭിച്ചു. പക്ഷേ, അതിലൊക്കെ എനിക്ക് കാണുവാന്‍ കഴിഞ്ഞത് തെയ്യം ഒരു വര്‍ണ്ണശബളമായ, പുറംകാഴ്ചക്കാരന്റെ മനസ്സിനെ മോഹിപ്പിക്കുന്ന ഒന്നായാണ്. എന്നാല്‍ അത് ചെയ്യുന്നവരുടെ വാദ്യക്കാരുടെ അവരുടെ വീട്ടുകാരുടെ മനസ്സിന്റെ ചൂട് എങ്ങും പുറത്തുവന്നതായി അനുഭവപ്പെട്ടില്ല. മുച്ചിലോട്ട് ഭഗവതി തെയ്യം അതിമനോഹരമാണ്. പക്ഷേ, അതിന്റെ മുടി, ആടയാഭരണമൊക്കെ നിര്‍മ്മിക്കാന്‍ എടുക്കുന്ന സമയം അതിനുവേണ്ട കലാപരമായ സമര്‍പ്പണം ഇതൊന്നും പുറത്തുനിന്ന് നോക്കുന്ന ഒരാള്‍ക്ക് മനസ്സിലാകണം എന്നില്ല. ഈ ഒരു സാഹചര്യത്തില്‍ തെയ്യം കെട്ടുകാരന് തെയ്യത്തെക്കുറിച്ച്, അതിന്റെ പരിസരത്തെക്കുറിച്ച്, അവര്‍ അനുഭവിക്കുന്ന മാനസികംസംഘര്‍ഷത്തെക്കുറിച്ച് അവന്‍ നേരിട്ട് സന്നിവേശിക്കുന്ന തുരിയാവസ്ഥയെക്കുറിച്ച്, അവസാനം ചെണ്ട നിശ്ശബ്ദമാകുമ്പോള്‍ അവന്‍ വീണുടയുന്ന വെറും മനുഷ്യനെന്ന അവസ്ഥയെക്കുറിച്ച്, ഇതൊക്കെപ്പറയണം എന്നുതോന്നി. അതു മാത്രമല്ല, തെയ്യം നടക്കുന്ന ഇടത്തുനിന്ന് പുറത്ത് കടന്ന് മാറിനിന്ന് അവനവന്‍ അവനവനെ നോക്കി മനസ്സിലാക്കി എന്തായിരിക്കും എനിക്ക് അല്ലെങ്കില്‍ എന്നിലൂടെ സംഭവിച്ചത് എന്ന് പരിശോധിക്കുക. ഇതൊക്കെയാണ് ഈ പുസ്തകമെഴുത്തിലൂടെ സംഭവിച്ചത്. തെയ്യത്തിന്റെ പുറംകാഴ്ചകള്‍ക്കുമപ്പുറം അതിന്റെ സാമ്പത്തിക വശവും സാമൂഹിക വശവും പൂര്‍വ്വികരുടെ ജീവിതാനുഭവവും ഒക്കെ അവരുടെ വാക്കുകളില്‍ തന്നെ പറയുവാനും ശ്രമിച്ചിട്ടുണ്ട്. കൂടാതെ തെയ്യം ഒരു സമൂഹത്തില്‍ സൃഷ്ടിക്കുന്ന അനുലോമതരമായ കാര്യങ്ങള്‍ പൊതുജന സമക്ഷത്തിലെത്തിക്കുവാനും മറുനാട്ടുകാര്‍ക്ക് അത് മനസ്സിലാക്കുവാന്‍ സാധിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ പുസ്തകം അതിന്റെ ധര്‍മ്മം നിര്‍വ്വഹിച്ചു എന്ന് മനസ്സിലാക്കുവാനും സാധിക്കുമല്ലോ.

രാജേഷ് കോമത്ത്:
തലശ്ശേരി കൂരാറ എന്ന ഗ്രാമത്തിലെ പരമ്പരാഗത തെയ്യംകെട്ടുകുടുംബത്തില്‍ ജനനം.
അച്ഛന്‍: കുഞ്ഞിരാമന്‍, അമ്മ: നാണി. അച്ഛന്‍ തെയ്യംകെട്ടുകാരനായിരുന്നു.
സാമ്പത്തിക ശാസ്ത്രത്തില്‍ എം.എ, എം.ഫില്‍, തെയ്യത്തിന്റെ രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ഗവേഷണം ഡോ. പി.കെ. മൈക്കിള്‍ തരകന്റെ മേല്‍നോട്ടത്തില്‍ നടത്തി പ്രബന്ധം സമര്‍പ്പിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായി ധാരാളം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. 2006-ല്‍ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് ഇന്‍ ഡെവലപ്പിങ് സൊസൈറ്റി (ന്യൂ ഡല്‍ഹി) യിലെ ഇന്‍ഡിപെന്‍ഡന്റ് ഫെലോഷിപ്പിന് അര്‍ഹനായി. 2009-ലെ ജി. രാജേഷ്‌കുമാര്‍ മാധ്യമ അവാര്‍ഡ് ലഭിച്ചു. ഇപ്പോള്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ അസി: പ്രൊഫസറാണ്.

ഭാര്യ: രോഷ്‌നി പത്മനാഭന്‍
മകന്‍: ഗൗതം കോമത്ത്
കോമത്ത് ഹൗസ്
കൂരാറ പി.ഒ.
ചമ്പാട്, തലശ്ശേരി 690 694

 

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close