ദേശീയ ചക്ക മഹോത്സവം ആറന്മുളയില്

രണ്ടാമത് ദേശീയ ചക്ക മഹോത്സവം (എന്‍.ജെ.എഫ്.എഫ്) 2015 മെയ് 15 മുതല്‍ 18 വരെ ആറന്മുളയില് നടക്കും. ചക്ക-ജീവനോപാധി, സാധ്യതകള്‍ എന്നതാണ് ഇക്കൊല്ലത്തെ മേളയുടെ മുഖ്യ ആശയം. ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ്, സിസ്സ (സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍), ജാക്ക്ഫ്രൂട്ട് പ്രൊമോഷന് കൗണ്‍സില്‍ എന്നിവര്‍ സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. ഡോ.സി.വി.ആനന്ദ ബോസ് ഐ.എ.എസ് ആണ് ചക്കമഹോത്സവത്തിന്റെ ചെയര്മാന്.
ദേശീയ സെമിനാര്‍, എക്സിബിഷന്, ചക്കയില്‍ നിന്നുളള മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളുടെ പരിശീലനം, പാചക മത്സരം, ഡോക്യുമെന്റേഷന് ആന്റ് പബ്ലിക്കേഷന്‍, ക്വിസ് മത്സരം, നെറ്റ് വര്‍ക്ക് ഫോര്മേഷന് ആന്റ് പ്ലാന്റിങ് ജാക്ക്ഫ്രൂട്ട്, ചക്ക ഉല്‍പ്പന്നങ്ങള്‍ കൊണ്ടുളള ഫുഡ് ഫെസ്റ്റിവല്‍, സുവനീര്‍ പ്രകാശനം എന്നിവയാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കൊടിയേറ്റ് (പതാക ഉയര്‍ത്തല്‍) ചക്കവരവ് എന്നിവ മെയ് 15 നടക്കും. മെയ് 15, 16 തീയതികളില്‍ ദേശീയ സെമിനാര്‍, 16, 17 തീയതികളില്‍ ചക്കയില്‍ നിന്നുളള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളില്‍ പരിശീലനം 15 മുതല്‍ 18 വരെ എക്സിബിഷന്, ഭക്ഷ്യമേള, ഫോട്ടോഗ്രാഫി മത്സരം, ഓപ്പണ്‍ ഫോറം, പാചക മത്സരം, ക്വിസ് മത്സരം, പ്ലാവ് നടീല്‍ യജ്ഞം എന്നിങ്ങനെയാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ സസ്യസമൃദ്ധിയുടെ ഉത്തമോദാഹരണമാണ് ചക്ക. ചക്കയുടെ ഓരോ ഭാഗങ്ങളും ഏതെങ്കിലും ഒരു രീതിയില്‍ പ്രയോജനകരമാണ്.
എന്നാല്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടേയും ദരിദ്ര വിഭാഗങ്ങളുടേയും പട്ടിണി ഇല്ലായ്മ ചെയ്യുന്നതിനും അവരുടെ ഭക്ഷ്യസുരക്ഷയ്ക്കും ധാരാളം സംഭാവന നല്കാന് കഴിയുന്ന ഈ ഫലം നിര്‍ഭാഗ്യവശാല്‍ പാഴാക്കി കളയുകയാണ്. അതിനാല്‍ പ്ലാവിനോടും ചക്കയോടും താത്പര്യമുളള എല്ലാവരേയും ഒരുമിപ്പിച്ച് ഒരു കൂട്ടായ്മ രൂപീകരിക്കുക, ചക്കയുടെ പ്രചാരണവും സംരക്ഷണവും മുന്നോട്ട് കൊണ്ടു പോവുകയും ചക്കയുടെ ജീവനോപാധി സാധ്യതകള്‍ ജനങ്ങളില്‍ എത്തിക്കുകയും ചെയ്യുക, ഭക്ഷ്യസുരക്ഷയ്ക്കും പ്രാദേശികമായ സാമ്പത്തിക പുരോഗതിക്കും ചക്ക എത്രത്തോളം സഹായകരമാകുന്നു എന്നതിനെ കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുക, ചക്ക അടിസ്ഥാനമാക്കിയുളള വ്യവസായ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ചക്ക മഹോത്സവത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
ഗവേഷകര്‍, കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, സ്വാശ്രയ സന്നദ്ധ സ്വയം സഹായ സംഘടനകള്‍ എന്നിവര്‍ക്കും സെമിനാറില്‍ പങ്കെടുക്കാം. സെമിനാര്‍, എക്സിബിഷന് എന്നിവയില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിനുളള അവസാന തീയതി ഏപ്രില്‍ 30 ആണ്. (മൊബൈല്‍ നമ്പര്‍: 9447764120, 9447205913, ഇമെയില്‍- aranmulajackfruit@gmail.com )