ദക്ഷിണാഫ്രിക്കക്കാരനായതില്‍ അപമാനം തോന്നുന്നു: ജാക്വസ് കാലിസ്

ദക്ഷിണാഫ്രിക്കക്കാരന്‍ എന്ന് അറിയപ്പെടുന്നതില്‍ തനിക്ക് അപമാനം തോന്നുന്നതായി മുന്‍ ദേശീയ ക്രിക്കറ്റ് താരം ജാക്വിസ് കാലിസ്. കറുത്ത വര്‍ഗക്കാരായ കളിക്കാരെ ‘ആവശ്യത്തിന്’ ലഭിക്കാത്തതിനാല്‍ രാജ്യത്തെ നാല് സ്‌പോര്‍ട്‌സ് ഫെഡറേഷനുകളെ അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്തുന്നതില്‍ നിന്ന് സര്‍ക്കാര്‍ വിലക്കിയപ്പോഴാണ് തനിക്ക് ഇത്തരത്തില്‍ അപമാനം തോന്നിയതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ദക്ഷിണാഫ്രിക്കന്‍ കായികമന്ത്രി ഫികിലെ എംബലൂലെ ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയെക്കൂടാതെ (ദണാഫ്രിക്കയിലെ ക്രിക്കറ്റ് ബോര്‍ഡ്) റഗ്ബി, അത്‌ലറ്റിക്‌സ്, നെറ്റ്‌ബോള്‍ എന്നിവയുടെ ബോര്‍ഡുകളെ രാജ്യത്ത് അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്തുന്നതില്‍ നിന്ന് വിലക്കിയത്.

90 ശതമാനം വരുന്ന കറുത്ത വര്‍ഗക്കാരുടെ കൂടിയ പങ്കാളിത്തം കായിക ഇനങ്ങളില്‍ ഉറപ്പുവരുത്തുക എന്നത് ദക്ഷിണാഫ്രിക്കന്‍ ഗവണ്‍മെന്റിന്റെ നയങ്ങളിലൊന്നാണ്. എന്നാല്‍ വെള്ളക്കാരുടെ ഭരണം അവസാനിച്ച് പതിറ്റാണ്ടുകളായിട്ടും തദ്ദേശീയരായ കറുത്ത വര്‍ഗക്കാരുടെ പ്രാതിനിധ്യം ക്രിക്കറ്റ്, റഗ്ബി പോലുളള കായിക ഇനങ്ങളില്‍ വളരെ കുറവാണ്.

‘ഈ ദിവസങ്ങളില്‍ ഒരു ദക്ഷിണാഫ്രിക്കക്കാരന്‍ എന്ന് വിളിക്കപ്പെടുന്നതില്‍ എനിക്ക് അപമാനമുണ്ട്. കാരണം സ്‌പോര്‍ടസില്‍ രാഷ്ട്രീയത്തിന് ഇടമില്ല” കൊല്‍ക്കത്ത നൈറ്റ് റൈഡോഴ്‌സ് കോച്ചായ കാലിസ് പുതിയ സംഭവവികാസങ്ങളെ പരാമര്‍ശിച്ച് ട്വീറ്റ് ചെയ്തു. സംഭവം വിവാദമായതോടെ കാലിസ് പിന്നീട് ട്വീറ്റ് ഡിലീറ്റ് ചെയ്തു. തുടര്‍ന്നിട്ട ട്വീറ്റില്‍ തന്റെ അമര്‍ഷം കറുത്ത വര്‍ഗക്കാരോടായിരുന്നില്ലെന്ന് കാലിസ് പറഞ്ഞു.

Show More

Related Articles

Close
Close