ജേക്കബ് തോമസിനെ മാറ്റാന്‍ പറഞ്ഞിട്ടില്ല ഹൈക്കോടതി

വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ തൽസ്ഥാനത്തുനിന്നു മാറ്റാൻ നിർദേശിച്ചിട്ടില്ലെന്നു ഹൈക്കോടതി. വിജിലൻസിനെ നിയന്ത്രിക്കണമെന്നു മാത്രമാണു പറഞ്ഞത്. തെറ്റായ കാര്യങ്ങളാണു പുറത്തുവന്നത്. ഏതു സാഹചര്യത്തിലാണ് ഇത്തരം വാർത്തകൾ പുറത്തുവരുന്നതെന്നും കോടതി ചോദിച്ചു. ബജറ്റ് നിർദേശവുമായി ബന്ധപ്പെട്ട കേസാണു പരിഗണിച്ചത്. സർക്കാരിന്റെ അവകാശത്തിൽ വിജിലൻസ് അമിതാധികാരം കാണിക്കേണ്ടതില്ല. അമിതാധികാരം എന്തുകൊണ്ടാണു നിയന്ത്രിക്കാത്തതെന്നാണു ചോദിച്ചതെന്നും കോടതി പറഞ്ഞു.

ജേക്കബ് തോമസിനെതിരായ ധനകാര്യ സെക്രട്ടറിയുടെ റിപ്പോർട്ടിൻമേലുള്ള നടപടിയിൽ തീരുമാനമെടുക്കേണ്ടതു സർക്കാരാണ്. അതു കോടതിക്കു തീരുമാനിക്കാനാകില്ല. മൂന്നാഴ്ചയ്ക്കകം സർക്കാർ തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു. ധനകാര്യസെക്രട്ടറിയുടെ റിപ്പോർട്ടിൽ നടപടിവേണമെന്ന ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

നിലവിലെ ഡയറക്ടറുമായി എങ്ങനെ മുന്നോട്ടു പോകുമെന്നു കഴിഞ്ഞദിവസം വാദത്തിനിടെ കോടതി ചോദിച്ചിരുന്നു. ഡയറക്ടറെ മാറ്റാത്തതെന്താണ്? പല മേഖലകളിലും വിജിലൻസിന്റെ അമിത ഇടപെടലാണ്. എന്തുകൊണ്ടാണു സർക്കാർ മൗനം പാലിക്കുന്നത്? ജിഷ കേസിലൊക്കെ വിജിലൻസിന് എന്തു കാര്യം? കോടതിയുടെയും നിയമനിർമാണ സഭയുടെയും പരിധിയിലുള്ള വിഷയങ്ങളിൽ വിജിലൻസ് എന്തിനിടപെടുന്നു?– തുടങ്ങിയ ചോദ്യങ്ങൾ കോടതി ഉയർത്തിയെന്നാണ് അഭിഭാഷകർ മാധ്യമങ്ങളോടു പറഞ്ഞിരുന്നത്.

ഹൈക്കോടതിയിൽനിന്നുള്ള തുടർച്ചയായ വിമർശനവും ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധവും സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ അമർഷവും കണക്കിലെടുത്ത് ജേക്കബ് തോമസിനെ ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റിയിരുന്നു. ബാർ കോഴ കേസ്, ഇ.പി. ജയരാജൻ കേസ് എന്നിങ്ങനെ പലതിലും വിജിലൻസിനെ ഹൈക്കോടതി കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. വിജിലൻസ് പ്രവർത്തനത്തിനു മാർഗരേഖ ഉണ്ടാക്കണമെന്നും പറഞ്ഞു. കേരളത്തിൽ വിജിലൻസ് രാജാണോ എന്ന ചോദ്യത്തിനു ‘വലിയ അഴിമതി പരാതികൾ ഇവിടെ സ്വീകരിക്കില്ല’ എന്നു വിജിലൻസ് ആസ്ഥാനത്തു നോട്ടിസ് പതിച്ചാണു ജേക്കബ് തോമസ് പ്രതിഷേധിച്ചത്. സർക്കാർ വിമർശിച്ചപ്പോൾ നോട്ടിസ് കീറിക്കളഞ്ഞു.

Show More

Related Articles

Close
Close