ജയ്റ്റ്‌ലിയുടെ ‘ജാം’ തിയറി; രാജ്യത്തെ സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കുള്ള പുതിയ പരിഹാര മാര്‍ഗം

സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കുള്ള പുതിയ പരിഹാര മാര്‍ഗവുമായി കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ജന്‍ധന്‍ അക്കൗണ്ട്- ആധാര്‍ -മൊബൈല്‍ ത്രയം (JAM: J – Jan Dhan, A – Aadhar, M – Mobile) തീര്‍ക്കുന്ന നിശബ്ദ വിപ്ലവം, എല്ലാ ഇന്ത്യക്കാരെയും ഒന്നിപ്പിക്കുന്ന തലത്തിലേക്കു വളരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചരക്ക്, സേവന നികുതി (ജിഎസ്ടി) ഇന്ത്യയെ ഒരു ഏകീകൃത വ്യാപാര കേന്ദ്രമാക്കിയതു പോലെ സാമ്പത്തിക, സാമൂഹിക മേഖലകളില്‍ രാജ്യത്തെ കൂടുതല്‍ ഏകീകൃത സ്വഭാവത്തിലേക്കു കൊണ്ടുവരാന്‍ ‘ജാ’മിനു സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ജന്‍ധന്‍ യോജനയുടെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ജയ്റ്റ്‌ലിയുടെ ‘ജാം തിയറി’ ഇടം പിടിച്ചത്.

ജിഎസ്ടി ഇന്ത്യയെ ഒന്നിപ്പിച്ചതുപോലെ ജന്‍ധന്‍ആധാര്‍മൊബൈല്‍ ത്രയവും എല്ലാ ഇന്ത്യക്കാരെയും ഏകോപിപ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടര്‍ന്നങ്ങോട്ട് ഒരു ഇന്ത്യക്കാരന്‍ പോലും മുഖ്യധാരയില്‍നിന്ന് മാറിനില്‍ക്കേണ്ടിവരില്ലെന്നും ധനമന്ത്രി കുറിച്ചു. ‘ജാം’ എന്ന ആശയം ഒരര്‍ഥത്തില്‍ സാമൂഹിക വിപ്ലവം തന്നെയാണെന്നും ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടു. ഭരണ സംവിധാനത്തിലും സമ്പദ് വ്യവസ്ഥയിലും രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തിലും ചില ഗുണപരമായ മാറ്റങ്ങള്‍ വരുത്താന്‍ ഇതിനു സാധിക്കും.

ജന്‍ധന്‍ അക്കൗണ്ട് ആധാര്‍ മൊബൈല്‍ ത്രയവുമായി ബന്ധപ്പെട്ട് ‘1 ബില്യണ്‍ 1 ബില്യണ്‍ 1 ബില്യണ്‍’ എന്ന പുതിയൊരു ആശയവും ധനമന്ത്രി അവതരിപ്പിച്ചു. രാജ്യത്തെ ഒരു ബില്യന്‍ ആധാര്‍ നമ്പറുകള്‍ ഒരു ബില്യന്‍ ബാങ്ക് അക്കൗണ്ടുകളുമായും ഒരു ബില്യന്‍ മൊബൈല്‍ നമ്പറുകളുമായും സംയോജിപ്പിക്കുന്നതിലൂടെയാണ് ഈ വിപ്ലവം പൂര്‍ത്തിയാകുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരമൊരു സംവിധാനം നിലവില്‍ വരുന്നതോടെ, പാവപ്പെട്ടവര്‍ക്കുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് ജയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. സര്‍ക്കാരില്‍നിന്നുള്ള സഹായം അര്‍ഹതപ്പെട്ടവരിലേക്ക് എത്തുന്നതിനിടെ സംഭവിക്കുന്ന ചില ‘ചോര്‍ച്ചകള്‍’ തടയാന്‍ ഇത്തരമൊരു സംവിധാനം ഉപകാരപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Show More

Related Articles

Close
Close