ജനരക്ഷയാത്രയ്ക്ക് ഇന്ന് പയ്യന്നൂരില്‍ തുടക്കം: അമിത് ഷാ ഉദ്ഘാടനം ചെയ്യും.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷയാത്രയ്ക്ക് ഇന്ന് പയ്യന്നൂരില്‍ തുടക്കം. രാവിലെ 10ന് പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പരിപാടി ഉദ്ഘാടനം ചെയ്യും. ഇന്ന് രാവിലെ 9 മണിയോടെ അമിത് ഷാ പയ്യന്നൂരിലെത്തും. തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം സന്ദര്‍ശിച്ച ശേഷമായിരിക്കും അമിത്ഷാ യോഗത്തിനെത്തുക. പയ്യന്നൂര്‍ മുതല്‍ പിലാത്തറ വരെയുള്ള യാത്രയില്‍ അമിത് ഷാ പങ്കെടുക്കും. ഹരിയാണയില്‍ നിന്നുള്ള എംപിമാരും എംഎല്‍എ മാരും ജനരക്ഷ യാത്രയ്ക്കായി ഇന്ന് കണ്ണൂരെത്തും. 300 സ്ഥിരാംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് യാത്രയ്ക്ക് പദ്ധതി ഇട്ടിരിക്കുന്നത്.

തിങ്കളാഴ്ച രാത്രിയാണ് അമിത് ഷാ കേരളത്തിലെത്തിയത്. ബേക്കലില്‍ എത്തി അവിടെ തങ്ങുന്ന അമിത് ഷാ ഇന്ന് രാവിലെ ഒന്‍പതുമണിയോടെ റോഡ് മാര്‍ഗം പയ്യന്നൂരിലെത്തും. ഇതിനുമുന്‍പ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം 12 മണിയോടെ അവസാനിക്കും. ഉച്ചഭക്ഷണത്തിനുശേഷം വൈകീട്ട് മൂന്നിന് ഗാന്ധി പാര്‍ക്കിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടാണ് അമിത്ഷാ ജനരക്ഷായാത്ര ഉദ്ഘാടനം ചെയ്യുക. അമിത്ഷായുടെ വരവ് പ്രമാണിച്ച് വന്‍ സുരക്ഷാ സന്നാഹത്തിനു നടുവിലാണ് തിങ്കളാഴ്ച മുതല്‍ പയ്യന്നൂര്‍.

സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, എം.ടി.രമേശ് എന്നിവര്‍ യാത്രയിലുണ്ട്. യാത്ര നയിക്കുന്ന കുമ്മനം രാജശേഖരന്‍ ഇന്നലെ രാവിലെ മുതല്‍ തന്നെ പയ്യന്നൂരിലുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ളവര്‍ ആദ്യദിവസം പയ്യന്നൂര്‍ മുതല്‍ പിലാത്തറ വരെയുള്ള യാത്രയില്‍ പങ്കെടുക്കും. പയ്യന്നൂര്‍ ശ്രീപ്രഭാ ഓഡിറ്റോറിയത്തില്‍ 10,000 പേര്‍ക്ക് ഉച്ചഭക്ഷണമൊരുക്കും. ദൂരെനിന്ന് എത്തുന്ന പ്രവര്‍ത്തകര്‍ക്കുവേണ്ടിയാണിത്.

പയ്യന്നൂര്‍ ടൗണിലെ മൂന്ന് കേന്ദ്രങ്ങളില്‍നിന്ന് തുടങ്ങി സെന്‍ട്രല്‍ ബസാറില്‍ സംഗമിച്ചാണ് ജാഥ പ്രയാണം തുടങ്ങുക. പയ്യന്നൂരില്‍നിന്ന് ആരംഭിക്കുന്ന യാത്ര ഏഴിലോട്ട് അരമണിക്കൂര്‍ വിശ്രമിക്കും. ആറുമണിക്ക് പിലാത്തറയിലെത്തുകയും തുടര്‍ന്ന് പൊതുയോഗം നടക്കും.

രണ്ടാംദിവസം രാവിലെ 10ന് കീച്ചേരിയില്‍നിന്ന് തുടങ്ങുന്ന ജനരക്ഷായാത്ര വൈകീട്ട് അഞ്ചിന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സമാപിക്കും. വ്യാഴാഴ്ച മമ്പറത്തുനിന്ന് 10 മണിക്ക് തുടങ്ങുന്ന യാത്ര തലശ്ശേരിയില്‍ സമാപിക്കും. ഈ ദിവസവും അമിത് ഷാ യാത്രയിലുണ്ടാകും. നാലാംദിവസമായ വെള്ളിയാഴ്ച പാനൂരില്‍നിന്ന് കൂത്തുപറമ്പിലേക്കാണ് യാത്ര.

Show More

Related Articles

Close
Close